ജയ്പൂര്‍: മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രാജസ്ഥാന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജിവെക്കണമെന്ന ആവശ്യവുമായി സച്ചിന് പൈലറ്റിനെ അനുകൂലിക്കുന്നവര്‍ പരസ്യമായി രംഗത്തെത്തിയതാണ് പുതിയ സംഭവവികാസങ്ങള്‍. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഗെഹ്ലോട്ട്-രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ് ജയ്പൂരില്‍ പൈലറ്റ് അനുകൂലികള്‍ പരസ്യപ്രകടനം നടത്തിയത്.
രാഹുലിന്റെ ദല്‍ഹിയിലെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര, ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി, രാജസ്ഥാന് ഇന്‍ചാര്‍ജ് അജയ് മാക്കന് എന്നിവരും ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമായിരുന്നു ഇത്. അതേസമയം, പതിവ് ചര്‍ച്ചകള്‍ മാത്രമാണ് യോഗത്തില്‍ നടന്നതെന്ന് അജയ് മാക്കന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കാബിനറ്റ് വിപുലീകരണത്തിലും ബോര്‍ഡ്-കോര്‍പ്പറേഷനുകളിലേക്കുള്ള നിയമനങ്ങളിലും അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ തെരുവിലെത്തുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഇനി ഗെഹ്ലോട്ട് മുഖ്യമന്ത്രിസ്ഥാനം പൈലറ്റിന് കൈമാറണമെന്നുമാണ് വിമതരുയര്ത്തുന്ന ആവശ്യം.
ദീപാവലിക്ക് ശേഷം രാജസ്ഥാന് മന്ത്രിസഭാ വിപുലീകരണമുണ്ടാകും. രണ്ട് നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്, അതിന്റെ ഫലം നവംബര്‍ രണ്ടിന് വരും. നിലവില്‍ ഗെഹ്ലോട്ടിന്റെ മന്ത്രിസഭയില്‍ ഒന്‍പത് മന്ത്രിമാരുടെ ഒഴിവുണ്ട്. മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ത്തന്നെ വൈകിയെന്നാണ് പൈലറ്റ് പക്ഷത്തിന്റെ വാദം. 2023ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നെങ്കില്‍ ഇപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയെ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: