തൃശൂർ: അറബിക്കടലിൽ ചക്രവാത ചുഴിയായി രൂപപ്പെട്ട് കേരള തീരത്തെത്തിയ ന്യൂനമർദ്ദത്തിന്റെ വരവ് കൃത്യമായി സൂചിപ്പിച്ച് സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകനായ ശ്രീമുരുഗൻ അന്തിക്കാട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദിവസങ്ങള്‍ക്കു മുമ്പേ ഇത് സംബന്ധിച്ച് ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യതസ്ത വെതർ മോഡുൽസ് നിരന്തരം നിരീക്ഷിച്ച ശേഷം മണിക്കൂറുകളോളം അപഗ്രധിച്ചാണ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്തുന്നത്. തെക്കൻ കേരളത്തെ മണിക്കൂറുകള്‍ കൊണ്ട് കുഴച്ചു മറിച്ച ന്യൂനമർദ്ദം തീർത്ത നാശനഷ്ടത്തിന്റെ കണക്കുകൾ ഇനിയും പുറത്തു വരുന്നതേയുള്ളൂ. പ്രകൃതിദുരന്തങ്ങളെ തടുക്കാനും ഇല്ലാതാക്കാനും മനുഷ്യനാവില്ല. എന്നാൽ മുന്നറിയിപ്പുകൾക്ക് ഒപ്പം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ കടുത്ത ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യർക്കാവുമെന്ന് ശ്രീമുരുഗൻ പറയുന്നു. മുന്നൊരുക്കങ്ങൾക്ക് ആയിരിക്കണം കൂടുതല്‍ പ്രാധാന്യം.
കേരളത്തെ പിടിച്ചുകുലുക്കിയ അറബിക്കടലിലെ ന്യൂനമർദ്ദത്തിനു പിന്നാലെ മറ്റൊരു ഇരട്ട ന്യൂനമർദ്ദം കൂടി കേരളതീരത്തിനു സമീപത്തായി രൂപപ്പെടാനുള്ള സാദ്ധ്യത കണ്ടുവരുന്നതായും, അമേരിക്കൻ വെതർ മോഡലായ ജി എഫ് എസ് നൽകുന്ന ഈ സൂചനകൾ പൂർണ്ണമായും ഉറപ്പിക്കാൻ ആവുന്നതല്ലെങ്കിലും ഇതൊട്ടും അവഗണിച്ചുകൂടായെന്നും, ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഈ മാസം 26 തിയതിയോടെ ശ്രീലങ്കക്കടുത്തും മിനിക്കോയിക്കടുത്തുമായി ഒരേ സമയം രണ്ടു ന്യൂനമർദ്ദങ്ങള്‍ രൂപപ്പെടുമെന്നും ശ്രീമുരുഗൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.
അധികാരികളും ശാസ്ത്രസമൂഹവും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാണിക്കുന്നു. 2018 ലെ പ്രളയ സമയത്തും 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിലും ശ്രീമുരുഗന്റെ ഹാം റേഡിയോ സംവിധാനം ഉപയോഗിച്ച് അടിയന്തിര വാർത്താ വിനിമയമൊരുക്കി സ്ത്യുതർഹ സേവനം നടത്തിയിട്ടുണ്ട്. . രണ്ടു പതിറ്റാണ്ടുകളായി കേരളത്തിൽ കിണറുകൾ താഴുന്ന പ്രതിഭാസത്തെ കുറിച്ച് നിരന്തര പഠനങ്ങൾ നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ജീവകാരുണ്യ പ്രവര്ത്തകന് കൂടിയായ ശ്രീമുരുഗൻ അന്തിക്കാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: