തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടര്‍ന്ന് കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും. കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ രാവിലെ 10 മണിയോടെയും കക്കി ആനത്തോട് അണക്കെട്ട് 11 മണിക്കുമാണ് തുറക്കുക.
കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവില്‍ ചാലക്കുടി പുഴയില്‍ വെള്ളം എത്തുന്നുണ്ട്.
നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.90 അടിയാണ്. കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി. കക്കി ആനത്തോട് അണക്കെട്ട് തുറക്കുന്നതിനാല്‍ പമ്പാനദിയിലും കക്കാട്ടറിലും 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: