വിജയദശമി നാളില്‍ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂര്‍ രേശംഭാഗ് സംഘസ്ഥാനില്‍ ചെയ്ത പ്രഭാഷണം രാഷ്ട്രതന്ത്രജ്ഞന്റെ വീക്ഷണവും സമീപനവും ഉള്‍ക്കൊള്ളുന്നതാണ്. ലോകവും ഭാരതവും ഇന്ന് എവിടെ എത്തിനില്ക്കുന്നുവെന്നതിന്റെ സൂക്ഷ്മതലത്തിലുള്ള വിവരണമാണ് ആ പ്രഭാഷണത്തിന്റെ ഉള്ളടക്കം. സ്വരാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് രാഷ്ട്രം മുന്നേറുന്നതിനുള്ള മാര്‍ഗ്ഗമാണ് അദ്ദേഹം പ്രഭാഷണത്തിലൂടെ ചൂണ്ടിക്കാണിച്ചത്. രാഷ്ട്രത്തിന്റെ പരമവൈഭവം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ അടിസ്ഥാനദര്ശനമെന്തെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം.
96 വര്‍ഷം മുന്‍പ് നാഗ്പൂരില്‍ ആരംഭിച്ച രാഷ്ട്രീയസ്വയംസേവകസംഘം ഇന്ന് പടര്‍ന്നു പന്തലിച്ച് ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി മാറിയിരിക്കുന്നു. വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്ര പുനര്‍നിര്‍മാണം എന്ന പ്രവര്‍ത്തനപദ്ധതി ദൈനംദിനം ശാഖയിലൂടെ പ്രാവര്‍ത്തികമാക്കിയ വളര്‍ച്ചയാണ് ഇതെന്നത് സുപ്രധാനമാണ്. സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ സംബന്ധിച്ച് ശരിയായ വിശകലനമാണ് മോഹന്‍ഭാഗവത് സംഘസ്ഥാപകദിനം കൂടിയായ വിജയദശമി നാളില്‍ രാഷ്ട്രത്തിന്റെ മുമ്പാകെ സമര്‍പ്പിച്ചത്. രാഷ്ട്രം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വര്‍ഷത്തില്‍ രാഷ്ട്രം അതിന്റെ തനിമയെ സാക്ഷാത്കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വീരപാണ്ഡ്യകട്ടബൊമ്മനെയും വേലുത്തമ്പിദളവയെയും രവീന്ദ്രനാഥടാഗോറിനെയും സന്ത് ജ്ഞാനേശ്വറിനെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
‘സ്വ’ യിലൂന്നിയ പ്രയാണമാണ് ഇനി രാഷ്ട്രത്തിന് ആവശ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമൂഹികസമരസതയെക്കുറിച്ചും കുടുംബത്തിന്റെ കെട്ടുറപ്പ് വര്ദ്ധിക്കേണ്ടതിനെകുറിച്ചും ജാതിവിവേചനം അവസാനിപ്പിക്കേണ്ടതിനെകുറിച്ചും അദ്ദേഹം നല്കിയ കാഴ്ചപ്പാട് ഇന്ന് ഏറെ പ്രസക്തമാണ്. ജനസംഖ്യാനയം പരിഷ്കരിക്കേണ്ടതിനെകുറിച്ച് അദ്ദേഹത്തിന്റെ സുപ്രധാനമായ കാഴ്ചപ്പാടുകള്‍ രാജ്യവും ഭരണാധികാരികളും ചര്‍ച്ചചെയ്യേണ്ടതുണ്ട്.
ക്ഷേത്രഭരണം ഭക്തജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും അദ്ദേഹം വിജയദശമി സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. ദക്ഷിണഭാരതത്തില്‍ പ്രത്യേകിച്ച് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ കൈയടക്കിവെച്ചിരിക്കുന്നു. ക്ഷേത്രത്തിലെ ആചാരങ്ങളും ആരാധനകളും വ്യത്യസ്തമാണ്. ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അത്തരം രംഗങ്ങളിലെ പണ്ഡിതര്‍ ഇടപെടുന്നതിന് പകരം രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നു. കേരളത്തിലെ പ്രധാനക്ഷേത്രങ്ങള്‍ കൈയ്യടക്കാന്‍ ദേവസ്വം ബോര്‍ഡുകളിലൂടെ സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.ക്ഷേത്രങ്ങളെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ പ്രഭവകേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി ആവിഷ്കരിക്കണമെന്ന് നിര്‍ദ്ദേശം കേരളത്തിലെ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ ചിരകാല ആവശ്യമാണ്. എല്ലാ ഭക്തര്‍ക്കും ആരാധനയ്ക്കും ക്ഷേത്രപ്രവേശനത്തിനുമുള്ള അവസരമുണ്ടാകണം. ഹിന്ദു മതസ്ഥാപനങ്ങള്‍ കൈവശപ്പെടുത്തതും നിരീശ്വരവാദികള്‍ക്കും കപടമതേതരവാദികള്‍ക്കും ക്ഷേത്രം കൈമാറുന്നതും പോലുള്ള അനീതികള്‍ അവസാനിപ്പിക്കണം തുടങ്ങിയ മോഹന്‍ ഭാഗവതിന്റെ നിലപാട് സുവ്യക്തമാണ്.
ഭീകരതയെ ശക്തമായി നേരിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം രാജ്യ സുരക്ഷയെ ദുര്‍ബലമാക്കുന്നു. പൗരത്വ നിയമം നടപ്പാക്കുന്നതിനോടൊപ്പം, അതിര്‍ത്തി സുരക്ഷ ശക്തമാക്കേണ്ടതിനെകുറിച്ചും സര്‍സംഘചാലക് സൂചിപ്പിച്ചു. അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവ് ലോകം നേരിടുന്ന ഒരു പ്രധാനവെല്ലുവിളിയാണ്. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ഭാരതം നേരിടുന്ന സുപ്രധാനമായ പ്രശ്നമാണ്.
വിഭവങ്ങളുടെ ലഭ്യതയും ഭാവിയിലെ ആവശ്യങ്ങളും കണക്കിലെടുത്ത് ദേശീയജനസംഖ്യാനയം പരിഷ്കരിക്കണമെന്ന ആവശ്യം എല്ലാ രംഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഇത് പരിഗണിക്കേണ്ടതും ശരിയായ തീരുമാനമെടുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇക്കാര്യത്തില്‍ ഡോ. മോഹന്‍ഭാഗവത് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ വിജയദശമി സന്ദേശം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലെ സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച ഗൗരവതരമായ വിലയിരുത്തലുകളാണ്. രാഷ്ട്രീയ വാദവിവാദങ്ങള്‍ക്കിടയില്‍ ഇത്തരം വിലയിരുത്തലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ സൂചനകള്‍ ഏറെ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: