ലണ്ടൻ: കത്തികൊണ്ടുള്ള കൊലപാതകങ്ങളെ പാര്‍ലമെന്റില്‍ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിയെ പള്ളിയില്‍വെച്ച് കുത്തിക്കൊന്നു. പള്ളിയിൽ വോട്ടർമാരുമായി സംസാരിച്ചുകൊണ്ട് നില്‍ക്കവേയാണ് ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സ് കുത്തേറ്റു മരിച്ചത്. കൊലപാതകം നടത്തിയ 25 കാരനെ അറസ്റ്റ് ചെയ്തു.
തീവ്രവാദവിരുദ്ധ പൊലീസ് ഇതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദമാണോ എന്ന് പരിശോധിക്കുന്നുണ്ട്. പ്രതി വിദേശപൗരനാണ്. അതേ സമയം കൊലപാതകി ഏതെങ്കിലും പ്രത്യേക രീതിയിലുള്ള മന്ത്രങ്ങളൊ പ്രയോഗങ്ങളോ ഉച്ചരിച്ചില്ലെന്ന് പറയുന്നു. ഇയാളുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ വിശദമായി പരിശോധിക്കും.
കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്ത് എൻഡ് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഡേവിഡ് അമെസ്സ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം രണ്ട് തവണ കത്തികൊണ്ട് കുത്തി ആളുകളെ കൊലപ്പെടുത്തുന്ന രീതിയെ അദ്ദേഹം പാര്‍ലമെന്റില്‍ വിമര്‍ശിച്ചിരുന്നു. “കത്തികൊണ്ടുള്ള അര്‍ത്ഥശൂന്യമായ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. നമ്മള് കൂടുതലായി പൊലീസുകാരെ നിയമിച്ചത് തന്നെ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ്,”- ഡേവിഡ് അമേസ് മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണിത്. അത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയില്‍ ഡേവിഡ് അമെസ്സ് കൊലക്കത്തിക്ക് ഇരയായത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഇദ്ദേഹം. മാര്‍ച്ച് 2021വരെയുള്ള 12 മാസങ്ങളില്‍ ബ്രിട്ടനില്‍ 250 പേരാണ് കത്തികൊണ്ടോ അതുപോലെയുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ടോ കുത്തേറ്റ് മരിച്ചത്.
സംഭവത്തിൽ 25കാരനെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പിന്നിൽ മറ്റാരുമില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും തീവ്രവാദത്തിന്റെ സാധ്യതകള്‍ ആരായുന്നുണ്ട്. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായങ്ങൾ നൽകിയെങ്കിലും എല്ലാം വിഫലമായി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഡേവിഡിന്റെ മരണത്തിൽ പാർലമെൻറിലെ മറ്റു അംഗങ്ങൾ ദുഖം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടർമാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരമൊരു പതിവ് കൂടിക്കാഴ്ചയ്ക്കിടയിലാണ് യുവാവ് എംപിയെ കുത്തിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: