മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി എന്‍ സി ബി. കഴിഞ്ഞ ദിവസം ആര്യന് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പ്രത്യേക ഉപദേഷ്ടാവ് എ എസ് ജി അനില്‍ സിങ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയുള്ള വിവരങ്ങളുള്ളത്.
അന്വേഷണം പുരോഗമിക്കുകയാണ്, ഈ ഘട്ടത്തില്‍ ആര്യന് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും. ആര്യന് ഖാന്റെ വിദേശ ബന്ധങ്ങളെ പറ്റി അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ട്ുണ്ട്. അറസ്റ്റ് ചെയ്തവരില്‍നിന്നും വാണിജ്യ അളവിലധികം മയക്കുമരുന്ന് പിടിച്ചെടുത്തതിനാല്‍ നാര്‍ക്കോട്ടിക്സ് ഡ്രഗ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് (എന്‍ ഡി പി എസ്) ആക്ടിലെ 37-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുക പ്രയാസമാണ്. – റിപ്പോര്‍ട്ടില്‍ പറയുന്നു.
താന്‍ മയക്കു മരുന്ന് കൈവശം വെച്ചിട്ടില്ല എന്നാണ് ആര്യന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞത്. എന്നാല്‍ ആര്യന്റെ കയ്യില്‍ നിന്ന ചരസ് പിടിച്ചെടുത്തതിനാലും അത് ഉപയോഗിക്കാന്‍ ശ്രമിച്ചു എന്ന് ആര്യന് തന്നെ സമ്മതിച്ചതിനാലും എന്‍ സി ബി ആര്യന്റെ വാദം തള്ളി.
ആര്യന് ഖാന്റെ കയ്യില്‍ നിന്ന് മയക്കു മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ആരോപിക്കപ്പെട്ട വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആര്യനു വേണ്ടി ഹാജരായ അഡ്വ. അമിത് ദേശായി വാദിച്ചു. ചെറിയ അളവിലുള്ള ചരസ് ഉപയോഗം മിക്ക രാജ്യങ്ങളിലും അനുവദിച്ചിട്ടുള്ളതാണ്, ഭാവിയില്‍ അത് ഇവിടെയും വന്നേക്കാം. വാണിജ്യ അളവിലുള്ള മയക്കു മരുന്ന് പിടിച്ചെടുത്തു എന്നു പറയപ്പെടുന്ന അബ്ദുല്‍ ഷെയ്ക്കിന് ആര്യനുമായി യാതൊരു ബന്ധവുമില്ല. അതിനാല്‍ ആര്യനെ ഇതിലേക്ക് വലിച്ചിഴക്കാന്‍ കഴിയില്ല. ദേശായി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: