പ്രൊഫ. കെ.പി.ശശിധരന്
മാര്‍ക്സിസത്തിന്റെ കാലികപ്രസക്തിയെക്കുറിച്ചോ, ഭാവി സാധ്യതകളെക്കുറിച്ചോ ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യാറില്ല. പുരാവസ്തു കൗതുകം എന്നതിലപ്പുറം സൈദ്ധാന്തികമായി അതിന്റെ മൂല്യം അന്വേഷിച്ച് നടക്കുന്നവരുടെ എണ്ണവും എത്രയോ ചുരുക്കം. മൂന്ന് ദശകം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും യഥാക്രമം ലോകത്തിലെ ഒന്നാം സ്ഥാനികളായിരുന്ന സോവിയറ്റ് യൂണിയനും ചൈനയും ചുവപ്പുകോട്ടകള്‍ കെട്ടി നിലപാടുതറ ഉറപ്പിച്ച ആ കാലഘട്ടത്തില്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ നിലനില്‍പ്പിനെക്കുറിച്ചായിരുന്നു ജനങ്ങള്‍ക്ക് ആശങ്ക. സോവിയറ്റ് കുടക്കീഴില് അമര്‍ന്നുപോയ കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍നിന്ന് കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രം പതുക്കെ പതുക്കെ ഇറ്റലി, ഫ്രാന്‍സ് അടക്കമുള്ള പശ്ചിമയൂറോപ്പിനെ സ്വാധീനിച്ചതും ദക്ഷിണ അമേരിക്ക വന്കരയ്ക്കുമുകളില് ചുവപ്പു നക്ഷത്രം ഉദിച്ചതും മേല്‍പ്പറഞ്ഞ ആശങ്കയുടെ ആക്കം വര്‍ധിപ്പിച്ചു. ക്യൂബ മുതല്‍ കൊറിയ വരെയുള്ള സൂര്യനസ്തമിക്കാത്ത മാര്‍ക്സിസ്റ്റ് സാമ്രാജ്യത്തിനെതിരെ, മുതലാളിത്ത ലോകത്തിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതി.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി അറിയപ്പെട്ടിരുന്ന അമേരിക്ക, വിയറ്റ്നാമില്‍നിന്ന് പരാജയപ്പെട്ട് പിന്‍വാങ്ങിയപ്പോള്‍, അതിനെ മുതലാളിത്തത്തിന്റെ ശ്മശാന യാത്രയായി പരിഗണിച്ചവരും കുറവായിരുന്നില്ല. വിയറ്റ്നാം യുദ്ധത്തിന്റെ ഒടുവില്‍, കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ലോകം നടുങ്ങി. അമേരിക്കയുടെ 60,000 സൈനികര്‍ കൊല്ലപ്പെടുകയും അതിന്റെ മൂന്നിരട്ടിയോളം യോദ്ധാക്കള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധാനന്തരം നാട്ടില്‍ തിരിച്ചെത്തിയ ഭടന്മാരില് അരലക്ഷത്തോളം പേര് കടുത്ത മാനസിക സംഘര്‍ഷം കാരണം ആത്മഹത്യ ചെയ്തു. പതിനായിരങ്ങള്‍ മാനസിക രോഗങ്ങള്‍ക്കും മയക്കുമരുന്നിനും അടിമകളായി. 900 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ഈ യുദ്ധത്തിനുവേണ്ടി ചെലവഴിച്ചുവെന്നാണ് പറയപ്പെടുന്നത്. നാടുനീങ്ങുന്ന അമേരിക്കയുടെ പരാജയപഥങ്ങളില് ചെങ്കൊടി മുളയ്ക്കുന്നതായി അന്താരാഷ്ട്ര സമൂഹം കരുതി. ഒരുപക്ഷേ, ലോക കമ്മ്യൂണിസത്തിന്റെ തന്നെ വളര്‍ച്ചയുടെ ഉച്ചകോടിയായി വിയറ്റ്നാം വിജയത്തെ വിശേഷിപ്പിക്കാവുന്നതാണ്. സാമ്പത്തികമായും സൈനികമായും മനശ്ശാസ്ത്രപരമായും കമ്മ്യൂണിസത്തെ സംഹരിക്കാനാവില്ലെന്ന വിളംബരം കൂടിയായിരുന്നു വിയറ്റ്നാമില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റം.
വിചിത്രമായ ചരിത്ര പരിണാമം
എന്നാല്‍ തികച്ചും വിചിത്രമായിരുന്നു ചരിത്രത്തിന്റെ പരിണാമം. ഇരുപതുവര്‍ഷത്തെ യുദ്ധത്തിനുശേഷം 1975 ല്‍ വിയറ്റ്നാമില്‍ വെടിയൊച്ച നിലച്ച് വെറും പതിനാറുവര്‍ഷം കഴിയുമ്പോഴേക്കും അന്താരാഷ്ട്ര ഭൂപടത്തിലെ കമ്മ്യൂണിസത്തിന്റെ അടയാളങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീഴാന്‍ തുടങ്ങി. നീന്തല്‍ അറിയാതെ മുങ്ങുന്നവനെ താങ്ങിയാല്‍, താങ്ങുന്നവനും മുങ്ങും എന്ന നാട്ടുചൊല്ല് ശരിയാണെന്ന് സോവിയറ്റ് യൂണിയന്റെ പതനം തെളിയിച്ചു. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ മൊത്തമായി സോവിയറ്റ് യൂണിയനോടൊപ്പം മുങ്ങി. ക്യൂബയും ചൈനയും വിയറ്റ്നാമും ലാവോസും വടക്കന്‍ കൊറിയയും മാത്രമാണ് ഇന്ന് ലോകത്തിലെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങള്‍. ഇപ്പറഞ്ഞവയില്‍ വടക്കന്‍ കൊറിയയെ ഒഴിച്ചുനിര്‍ത്തിയാല്‍ അവശേഷിക്കുന്ന എല്ലാ രാജ്യങ്ങളും മാര്‍ക്സിസത്തിന്റെ വരട്ടുവാദങ്ങളെ അപ്പാടെ ഉപേക്ഷിച്ച് സ്വതന്ത്രവിപണിയുടെയും സ്വകാര്യ പങ്കാളിത്തത്തിന്റെയും പെരുവഴിയിലെത്തിക്കഴിഞ്ഞു.
ശാസ്ത്രീയ സോഷ്യലിസത്തിന്റെ ജാതകം, മുതലാളിത്തം അതിന്റെതന്നെ ആന്തരികമായ വൈരുദ്ധ്യം മൂലം തകരുമെന്ന് പ്രവചിച്ചിരുന്നു. അപ്രകാരം തകര്‍ന്നില്ല എന്നുമാത്രമല്ല, പുതിയ സാങ്കേതിക വിദ്യകളെയും ആശയവിനിമയ സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തി അത് കൂടുതല്‍ കരുത്താര്‍ജിക്കുകയാണുണ്ടായത്. പ്രത്യയശാസ്ത്രത്തിനും പ്രവൃത്തിക്കും ഇടയിലെ പൊരുത്തക്കേടുകൊണ്ട് തകര്‍ന്നടിഞ്ഞത് സാര്‍വദേശീയ കമ്മ്യൂണിസമായിരുന്നു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ അവസാന ദശയില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തേഞ്ഞുമാഞ്ഞ് ഇല്ലാതാകുമെന്ന് പ്രവചിച്ചവര്‍ക്ക് അറംപറ്റി. മാഞ്ഞുപോയത് ആകെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ അതിര്‍ത്തി മാത്രമായിരുന്നു. മാഞ്ഞുപോകേണ്ട അതിര്‍ത്തിയില്‍, സോവിയറ്റ് യൂണിയനെതിരെ ചൈനയും ചൈനക്കെതിരെ വിയറ്റ്നാമും പടയും പടക്കോപ്പുമായി നിലയുറപ്പിച്ചതിന്റെ ചിത്രവും ഇതോടൊപ്പം ആസ്വദിക്കേണ്ടതാണ്.
വസ്തുതകളോടൊപ്പം ഫലിതം വാരിവിതറുന്ന സ്വഭാവവും ചരിത്രത്തിനുണ്ട്. കമ്മ്യൂണിസത്തെ ചെറുക്കാനും തുരത്താനുമാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സഖ്യം നിലവില്‍ വന്നത്. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, റുമാനിയ, ബള്‍ഗേറിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് നാറ്റോ അംഗരാജ്യങ്ങളാണ്. സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഘടകങ്ങളായിരുന്ന ലിത്വാനിയ, ലാത്ത്വിയ, എസ്തോണിയ എന്നിവയും ഇതേ പാളയത്തില്‍ സ്ഥലംപിടിച്ചു കഴിഞ്ഞു.
കാള്‍ മാക്സ് കാണാതെ പോയത്
കാടുകാണാതെ മരം മാത്രം കണ്ട മാര്‍ക്സിനും, അദ്ദേഹത്തിന്റെ അനുയായികള്‍ക്കും വലിയ പിഴവു പറ്റി. സാമ്പത്തിക മനുഷ്യന്റെ പരിധിക്കപ്പുറത്തുള്ള മാനവസത്തയെക്കുറിച്ചോ വിശ്വാസത്തിന്റെ ആഴത്തെക്കുറിച്ചോ, മണ്ണും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ചോ സാങ്കേതിക വിദ്യയുടെ അനുക്ഷണമായ വികാസത്തെക്കുറിച്ചോ വസ്തുനിഷ്ഠമായ നിഗമനങ്ങളിലെത്താന്‍ ശാസ്ത്രീയ സോഷ്യലിസത്തിന്റെ വക്താക്കള്‍ക്ക് കഴിഞ്ഞില്ല. വിപ്ലവത്തിന്റെ ഉദയം വ്യവസായ പുരോഗതി കൈവരിച്ച യൂറോപ്പിലായിരിക്കുമെന്ന പ്രവചനം വരെ തെറ്റി. മതവിശ്വാസം മയക്കുമരുന്നാണെന്ന് പറഞ്ഞ് തലമുറകളോളം അതിനെ വേട്ടയാടിയിട്ടും ഒരു ഫലവുമുണ്ടായില്ല. ആദ്യത്തെ പോളണ്ടുകാരനായ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് കമ്മ്യൂണിസ്റ്റ് പോളണ്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍, ചിലയിടങ്ങളില്‍ അദ്ദേഹത്തെ വരവേല്‍ക്കാനെത്തിയ ജനക്കൂട്ടം ഇരുപതു ലക്ഷത്തിലുമേറെയായിരുന്നു. മതവും ദേശീയതയും കൈകോര്‍ത്ത ജനാവലിയായിരുന്നു അത്.
കമ്മ്യൂണിസ്റ്റുകാരുടെ ആജന്മശത്രുക്കളായിരുന്നു റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാര്‍. ആ വകുപ്പില്‍പ്പെട്ട പീറ്റര്‍ ചക്രവര്‍ത്തിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന നഗരത്തെ സോവിയറ്റ് ഭരണകൂടം പെട്രോഗ്രാഡ് (പീറ്ററുടെ നഗരം) എന്നു പുനര്‍നാമകരണം ചെയ്തു. ബര്‍ഗ്ഗ് എന്ന ജര്‍മന്‍ ശബ്ദം സഖാക്കന്മാര്ക്ക് സഹിച്ചില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് രാജ്യസ്നേഹവും ഭാഷാസ്നേഹവും കലശലായിരിക്കും. ലെനിന്റെ മരണശേഷം പെട്രോഗ്രാഡ് ലെനിന് ഗ്രാഡായി പുനര്‍ജനിച്ചു. കമ്മ്യൂണിസത്തിന്റെ കഥ കഴിഞ്ഞപ്പോള്‍ മഹാനായ ലെനിന് പഴയ സ്സാര്‍ ചക്രവര്‍ത്തിയുടെ ഓര്മയ്ക്കുമുന്നില് അടിയറവുപറഞ്ഞ് നഗരം വീണ്ടും സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് ആയി. ഇതേ അനുഭവം സ്റ്റാലിന് ഗ്രാഡിനുമുണ്ടായി. വിയറ്റ്നാമിന്റെ അനിഷേധ്യ നേതാവായിരുന്ന ഹോച്ചിമിന്റെ പേരില്‍ അറിയപ്പെടുന്ന നഗരമാണ് ഹോച്ചിമിന്‍ സിറ്റി. പക്ഷെ ഇപ്പോഴും അവിടെയുള്ള ആളുകള്‍, സൈഗോണ്‍ എന്ന അതിന്റെ പഴയ പേരുതന്നെയാണ് ഉപയോഗിക്കുന്നത്.
ശാസ്ത്രീയ സോഷ്യലിസത്തിന് മരണമില്ല എന്ന് ഉരുവിട്ട് പഠിച്ചവര്‍ ഈ വേലിയിറക്കം കണ്ട് അമ്പരന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട കമ്മ്യൂണിസത്തിന്റെ ബാഹ്യമായ വച്ചുകെട്ടലുകള്‍ ഒന്നുകുടഞ്ഞപ്പോഴേക്കും പറന്നുപോയി. രാഷ്ട്രീയത്തിന്റെ പുരോഹിത മനസ്സ് യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ മടി കാണിക്കും. എപ്രകാരമാണ് സംഘടനയുടെ തത്വം സാര്‍വദേശീയ തലത്തില്‍ അപ്രായോഗികമായത്, അനിവാര്യമായത് എന്നതിനെക്കുറിച്ച് മുന്‍വിധിയില്ലാത്ത ഒരു പരിശോധന നടത്താന്‍പോലും കമ്മ്യൂണിസത്തിന്റെ ഉടമസ്ഥന്മാര്ക്ക് കഴിയുന്നില്ല. സംഘടിത പുരോഹിത മതങ്ങളെപ്പോലെ, രാഷ്ട്രീയ കൂട്ടായ്മകളും പ്രമാണ വ്യതിയാനങ്ങളെ ഭയത്തോടെയാണ് വീക്ഷിച്ചത്. വാളോ, വിഷമോ, കുരിശോ, ചുറ്റികയോ അവര്‍ വ്യതിചലനവാദികള്ക്കുവേണ്ടി കരുതിവച്ചു. പൂര്ണത്തിനുവേണ്ടി അംശത്തെ ഹോമിച്ചു. നാട്യഭാഷ കടമെടുത്തു പറഞ്ഞാല്‍ ലോകധര്‍മിയെ നിഷേധിക്കുന്ന നാട്യധര്മിയായി മാറി മാര്‍ക്സിസം. ഓരോ രാഷ്ട്രത്തിന്റെയും സാംസ്കാരികമായ ചുറ്റുപാടുകള്ക്കിണങ്ങുംവിധം ജനകീയ സോഷ്യലിസത്തെ നട്ടുവളര്‍ത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷെ ചരിത്രം മറ്റൊരു വിധത്തിലായേനെ. സമസ്ത ലോകര്‍ക്കും സ്റ്റാലിന്റെ കാലടി കണക്കാക്കി ചെരിപ്പുണ്ടാക്കിയാല് ഇതായിരിക്കും ഫലം.
ചൈനയിലെ ചുവപ്പ് ഇനിയെത്രനാള്‍?
അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ആയുസ്സ് ഇനി എത്രനാള്‍ എന്ന് ഗണിച്ചെടുക്കാന്‍ വലിയ പ്രയാസമില്ല. കൂട്ടുകൃഷിക്കളം മുതല്‍ ഉന്നതഭരണനിര്വഹണ സഭവരെ ഊടുംപാവും പോലെ വ്യാപിച്ചു കിടന്ന ചാരശൃംഖലയും തടങ്കല്‍ പാളയങ്ങളും സെന്‍സര്‍ഷിപ്പും വിദേശയാത്രാ നിയന്ത്രണവുമൊക്കെയായിരുന്നു കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറയെ താങ്ങിനിര്‍ത്തിയിരുന്നത്. തങ്ങളുടെ രാജ്യത്തെ, വികസിതമായ ഇതര രാജ്യങ്ങളോട് താരതമ്യം ചെയ്യാനുള്ള അവസരം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ലഭിച്ചിരുന്നില്ല. മോസ്കോയിലെ ഒരു തൊഴിലാളി സഖാവ് സ്വീഡനിലെ വ്യവസായശാല സന്ദര്‍ശിച്ച് തിരിച്ചുവന്നാല്‍, ആ വ്യക്തിയില്‍ പിന്നെ മാര്‍ക്സിസം വല്ലതും ബാക്കിയുണ്ടാകുമോ?
ചെര്‍ണോബില്‍ അണുശക്തി കേന്ദ്രത്തിലെ അപകടംപോലെയുള്ള എത്രയോ ദുരന്തങ്ങള്‍ അന്യര്ക്കറിയാത്തവിധം തമസ്കരിക്കാനും ആളപായം മറച്ചുപിടിക്കാനും വേണ്ട വിരുത് പാര്‍ട്ടി ഭരണകൂടങ്ങള്ക്കുണ്ടായിരുന്നു. ഇന്ന് അത്തരമൊരു കാലഘട്ടത്തെ പുനഃസൃഷ്ടിക്കാനാകാത്തവിധം ആശയവിനിമയത്തിന്റെ സാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞു. ഇന്റര്‍നെറ്റിനെ, സെല്‍ഫോണിനെ അതിന്റെ കാമറക്കണ്ണിനെ ആര്‍ക്കാണ് തുറങ്കിലടക്കാന്‍ കഴിയുക? വിനോദസഞ്ചാര വ്യവസായം ലോകരാജ്യങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിണക്കുമ്പോള്‍, അമേരിക്കയിലെയും പശ്ചിമയൂറോപ്പിലെയും ഉന്നത സര്‍വകലാശാലകളില്‍നിന്ന് ബിരുദം സമ്പാദിച്ച ലക്ഷക്കണക്കിന് യുവാക്കള്‍ ഇന്ന് ചൈനയിലുണ്ട്. അവരില്‍ പലരും ചൈനയുടെ സമ്പദ്ഘടനയെയും സാങ്കേതികവിദ്യയെയും ആസൂത്രണമേഖലയെയും നിയന്ത്രിക്കുന്നവരുമാണ്. ഇതിനെല്ലാം പുറമെ, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളടക്കമുള്ള ഉന്നതന്മാര് കൃത്രിമമായ ഇടപാടുകള്‍ വഴി വിദേശരാജ്യങ്ങളില്‍ സ്വത്ത് സമ്പാദിച്ചുകൂട്ടിയതിന്റെ കോലാഹലങ്ങളും മുഴങ്ങിക്കേള്‍ക്കുന്നു. ഇതിന്റെ അവസാനത്തെ അദ്ധ്യായം എന്തായിരിക്കും?
ചൈനയുടെ വര്‍ത്തമാനകാലത്തെ അടുത്തറിയാന്‍ പഴയതുപോലെ പ്രയാസമില്ല. ടിയാനന്മന് ചത്വരത്തിലേക്ക് ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാം. പ്രതിരോധത്തിന്റെ വന്മതില് പണിത ചൈനയിലേക്ക്, അതേ മതില് കാണാന്‍ ആളുകള്‍ പ്രവഹിക്കുന്നു. 2013 കാന്‍ ഫിലിം ഉത്സവത്തില്‍ നിരൂപകന്മാരുടെ പ്രശംസ പിടിച്ചുപറ്റിയ ചൈനീസ് ചിത്രമായിരുന്നു a touch of sign . ഈ പടം ആര്‍ക്കും ഓണ്‍ലൈന്‍ വഴി കാണാനുള്ള സൗകര്യവുമുണ്ട്. വ്യത്യസ്ത കാലങ്ങളെ കോര്‍ത്തിണക്കി നാലു കഥകളിലൂടെ ആധുനിക ചൈനയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്താനാണ് സംവിധായകന് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. കൊല, പിടിച്ചുപറി, അഴിമതി, കുടുംബഛിദ്രം, ബലാത്സംഗം, ആത്മഹത്യ, തൊഴിലില്ലായ്മ, പിരിച്ചുവിടല്‍, ദാരിദ്ര്യം തുടങ്ങി കമ്മ്യൂണിസ്റ്റുകാര്‍ മുതലാളിത്തത്തിന്റെമേല് ചാപ്പകുത്താറുള്ള എല്ലാ വിഷയങ്ങളും ഈ സിനിമയിലുണ്ട്. കവലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വെയില് കായുന്ന, പരസ്യം പതിച്ച് മുഷിഞ്ഞ മാവോ പ്രതിമയും, ശ്രീബുദ്ധന്റെ ദീപ്തമായ വിഗ്രഹവും പലപ്പോഴായി ഈ ചിത്രത്തില്‍ മിന്നിമറയുന്നത് കാണാം. പ്ലാസ്റ്റിക് സഞ്ചിയില്‍ കരുതിവച്ച ചുവന്ന മത്സ്യങ്ങളെ, ജലാശയപ്പരപ്പിലേക്ക് തുറന്നുവിടുന്ന, ബുദ്ധമത തത്ത്വങ്ങളെ ഓര്‍മിപ്പിക്കുന്ന ദൃശ്യവും ഈ സിനിമ നമുക്ക് നല്കുന്നു. അത് ഒരുപക്ഷേ കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയുമാകാം.
മാര്‍ക്സിസ്റ്റ് മൃതിയുടെ മൂലകാരണം
ഭാരതത്തിലെ കമ്മ്യൂണിസത്തിന്റെ ചിട്ടവട്ടങ്ങള്‍ വിചിത്രമായിരുന്നു. റിലെ ഓട്ടമത്സരത്തെ ഓര്‍മിപ്പിക്കുംവിധം സ്റ്റാലിനും മാവോസെതുങ്ങുമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജനകീയ വിപ്ലവത്തിന്റെ ദണ്ഡ് കൈമാറിയത്. ആ ദണ്ഡ് ഏറ്റുവാങ്ങിയവര്‍ അത് മറ്റാര്‍ക്കും കൈമാറാതെ പ്രദക്ഷിണ പാതയില്‍നിന്ന് ഒരടിപോലും വ്യതിചലിക്കാതെ ഓടിക്കൊണ്ടേയിരിക്കുന്നു. റഷ്യയിലെയും ചൈനയിലെയും പങ്കുചന്തയില് ആര്‍ക്കും വേണ്ടാത്ത ഓഹരിക്ക് ഭാരതത്തില്‍ ഇപ്പോഴും കുറഞ്ഞ ആവശ്യക്കാരെങ്കിലുമുണ്ടെന്ന സത്യം തള്ളിക്കളയാനാവില്ല. പ്രത്യയശാസ്ത്രം അക്ഷരവടിവില്‍ കഴിയുന്ന കാലമത്രയും പ്രതീക്ഷയുടെ ചെമ്പട്ടില് പൊതിഞ്ഞ് അനുയായികള്‍ അതിനെ ജീവനെപ്പോലെ കാത്തുസൂക്ഷിക്കും. അക്ഷരം, അഭ്യാസമോ അനുഭവമോ ആകുന്നതോടെ പാടിപ്പൊലിപ്പിച്ച സങ്കല്‍പ്പങ്ങള്‍ ഓരോന്നായി ഉടഞ്ഞുവീഴും. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും മുക്കാല്‍ നൂറ്റാണ്ട് മൂപ്പെത്തിയ കമ്മ്യൂണിസം അതുകൊണ്ടാണ് നാമാവശേഷമായത്. മൂന്നുപതിറ്റാണ്ട് കാലത്തെ തുടര്‍ച്ചയായ ഭരണത്തിലൂടെ നിലംപരിശായ പശ്ചിമബംഗാളിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിനെ ശരിവച്ചു. ഇവിടങ്ങളില്‍ ഒരു തിരിച്ചുവരവിനുവേണ്ട അടവുനയങ്ങള്‍ കമ്മ്യൂണിസത്തിന്റെ ആവനാഴിയിലില്ല. അനുഭവത്തിന്റെ അടങ്ങാത്ത അമര്‍ഷമാണ്, തൃണമൂലമല്ല ബംഗാളിലെ മാര്‍ക്സിസ്റ്റ് മൃതിയുടെ മൂലകാരണം.
അനുയായികളുടെ രോഷാഗ്നി, ബംഗാളില്‍ ആളിപ്പടര്ന്നപോലെ കേരളത്തില്‍ അനുഭവപ്പെട്ടില്ല. അതിന് വ്യക്തമായ ചില കാരണങ്ങളുമുണ്ടായിരുന്നു. ലോക്സഭാ സ്പീക്കര്‍ (മുന്‍) സോമനാഥ ചാറ്റര്‍ജിയുടെ പേരില്‍ കോണ്‍ഗ്രസിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഒരുമിക്കാമെങ്കില്‍ പശ്ചിമബംഗാളില്‍ രണ്ട് പാര്‍ട്ടിയുടെ ആവശ്യമെന്തെന്നു അവിടത്തെ ജനങ്ങള്‍ ചിന്തിച്ചു. മമതാ ബാനര്‍ജിയുടെ രംഗപ്രവേശത്തോടെ ഈ അഭിപ്രായം ഒരു വലിയ രാഷ്ട്രീയ മുന്നേറ്റമായി പരിണമിക്കുകയും ചെയ്തു. ബംഗാളിലേതുപോലെ ഒരു മൂന്നാം ശക്തി കേരളത്തില്‍ കുരുത്തില്ല. കുരുക്കാന്‍ അനുവദിച്ചില്ല എന്നുപറയുന്നതായിരിക്കും ശരി. അന്യോന്യം ഊന്നുവടികളായി നിന്നുകൊണ്ട് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കേരളത്തില്‍ പഞ്ചവത്സര വാഴ്ചകള്‍ വീതംവച്ചു. ഇരുട്ടും വെളിച്ചവും ചൂടും തണുപ്പും പോലെ മൂന്നാമനില്ലാത്ത അവസ്ഥയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നിലനില്ക്കാനായി എന്നതുമാത്രമല്ല ഇതിനു കാരണം. ആളും വാളുമുപയോഗിച്ച് മൂന്നാമനെ വകവരുത്തുന്നതില്‍ അവര്‍ പ്രകടിപ്പിച്ച പൈശാചികമായ ആവേശമായിരുന്നു അതിജീവനത്തിന്റെ അടിത്തറ. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒരു പതാക ഉയര്‍ത്താനുള്ള അവകാശമോ, കമ്മ്യൂണിസത്തിന്റെ സ്വന്തം കലാശാലകളില്‍ ഉറക്കെ മുദ്രാവാക്യം മുഴക്കാനുള്ള സ്വാതന്ത്ര്യമോ ജനാധിപത്യത്തിന്റെ സമ്മതിദാന കേന്ദ്രങ്ങളില്‍ കാലുകുത്താനുള്ള പഴുതോ ഇതരസംഘടനകള്‍ക്ക് അനുവദിച്ചുകൊടുക്കാതെ ദീര്‍ഘകാലം കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അടക്കിവാഴാന്‍ കഴിഞ്ഞത് അവരുടെ അടവുനയത്തിന്റെ കേമത്തം കൊണ്ടല്ല; അറവുനയത്തിന്റെ കാടത്തംകൊണ്ടാണ്.
മറുനാടന്‍ മാര്‍ക്സിസത്തില്‍നിന്ന് കേരളത്തിലെ ‘വിശേഷാല്‍ പ്രതി’ വേറിട്ടു നില്ക്കുന്നു. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ കാലത്ത് ആരംഭിച്ച കമ്മ്യൂണിസ്റ്റ് ചുടലക്കൂത്ത് ക്രൂഷ്ചേവ്, ബ്രഷ്നോവ് വഴി ഗോര്‍ബച്ചേവില്‍ എത്തിയപ്പോഴേക്കും കലിയടങ്ങി നില്ക്കുന്നതായിട്ടാണ് കാണാന്‍ കഴിയുക. കാലപ്രവാഹത്തില്‍ ഏത് കലിയും അലിയും. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വഴി എതിര്‍ദിശയിലേക്കായിരുന്നു. ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒറ്റയ്ക്ക് കേരളം ഭരിച്ചിരുന്ന കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ എണ്ണത്തില്‍ എത്രയോ കുറവായിരുന്നു. വിമോചന സമരത്തിലൂടെ പാര്‍ട്ടി ഭരണകൂടത്തെ അട്ടിമറിച്ചപ്പോഴും, അത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കോ കൊലപാതകങ്ങള്‍ക്കോ വഴിവച്ചില്ല. എന്നാല്‍ ഇഎംഎസില്‍നിന്ന് നായനാരിലേക്കും അച്യുതാനന്ദനിലേക്കും വിജയനിലേക്കും ഭരണം വികസിച്ചതോടുകൂടി കൊലപാതകവും മലയോളം വളര്‍ന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പടക്കോപ്പു നിര്‍മാണത്തിലാണ്. ക്വട്ടേഷന്‍ സംഘങ്ങളുടെ തണലില്‍ നിഗ്രഹോത്സുകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരേയൊരു വെട്ടുവഴി മാത്രമേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുമ്പിലുള്ളൂ. സ്റ്റാലിന് എന്ന മഹാസമസ്യയെ വാളുകൊണ്ട് എങ്ങനെ പൂരിപ്പിക്കാം എന്നതല്ലെ കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രഭാഷണത്തിന്റെ പൊരുള്‍?
നന്ദി പറയേണ്ടത് നരേന്ദ്രമോദിക്ക്
അക്രമത്തിന്റെ വഴി വെടിഞ്ഞ് ജനാധിപത്യ മര്യാദയുടെയും സഹിഷ്ണുതയുടെയും അടിസ്ഥാനപ്രമാണങ്ങള്‍ അംഗീകരിക്കാന്‍ എന്നെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമോ? അങ്ങനെ സംഭവിച്ചാല്‍ ആ നിമിഷം അത് കൊല്ലം മാതൃകയിലുള്ള മറ്റൊരു റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയാകും. ഇന്നത്തെ ചുറ്റുപാടില്‍ ആയുസ്സ് പരമാവധി നീട്ടിക്കൊണ്ടുപോവുക എന്നതാണ് പാര്‍ട്ടിയുടെ തന്ത്രം. മാലിന്യമുക്ത മലനാടും, വിഷരഹിത പച്ചക്കറിയും, കൃഷ്ണാഷ്ടമിയിലെ വേഷം പരേഡും അയ്യപ്പന്മാര്ക്ക് അഭിവാദ്യം അര്‍പ്പിക്കലും സംഘടനയുടെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടിയുള്ള വെറും ചര്മ്മലേപനങ്ങളാണ്. വിഷമുക്ത പച്ചക്കറിപോലെ നിണരഹിത രാഷ്ട്രീയം വിളഞ്ഞാല്‍ ബര്‍ലിന്‍ മതില്‍പോലെ കുഞ്ഞനന്തന് നായരുടെ നാട്ടിലും കമ്മ്യൂണിസം അസ്തമിക്കും. കള്ളനെ പേടിച്ചിരുന്ന കാലഘട്ടത്തിലാണ് ചോരഭയം എന്ന പദം മലയാളത്തില്‍ പ്രയോഗത്തില്‍ വന്നത്. ഇപ്പോള്‍ അതിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് വഴിമാറിയിരിക്കുന്നു. കൂടും കൂറും മാറിയാല്‍ കുരുതികൊടുക്കപ്പെടും എന്ന ഭയമില്ലെങ്കില്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആയുസ്സ് അരനാഴിക നേരത്തിനപ്പുറത്തേക്ക് നീളില്ല. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ നിണരുചി ഇനിയും എത്രനാള്‍ തുടരും?
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയണം. ഭരിക്കുന്ന കക്ഷികള്‍ ജനങ്ങള്ക്കുമുന്പില് ഒരു റിപ്പോര്‍ട്ട് കാര്‍ഡ് നല്കാന് ചുമതലപ്പെട്ടവരാണ് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പുതിയ സിലബസ്സാണ് സമ്മാനിച്ചിരിക്കുന്നത്. വികസനത്തിന്റെ വിളവെത്രയെന്ന് ചോദിക്കുന്ന പുത്തന്‍ തലമുറയെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ ബിരുദം നേടിയത് സ്റ്റാലിന് സര്‍വകലാശാലയില്‍ നിന്നാണെങ്കിലും ഇനിമേല്‍, പ്രതിയോഗികളെ വകവരുത്തിയതിന്റെയും വഴിതടഞ്ഞതിന്റെയും നോക്കുകൂലി വാങ്ങിയതിന്റെയും മേനിപറഞ്ഞ് കേരളത്തിലെ സമ്മതിദായകരെ സമീപിക്കാന്‍ അദ്ദേഹത്തിനാവില്ല. ഐ.എസ്.ഗുലാത്തി, പ്രഭാത് പട്നായക് തുടങ്ങിയവരെപ്പോലുള്ള സഹചാരീ സഖാക്കളായ അര്ത്ഥശാസ്ത്രിമാരെക്കൊണ്ട് കേരളം പച്ചപിടിക്കില്ലെന്ന് വിജയനറിയാം. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപ്പിടിച്ചാല്‍ മതിയെന്ന ഡെങ്ങ് സിയാവോ പിങ്ങിന്റെ പ്രായോഗിക നറുമൊഴി സ്വീകരിച്ച് ഹാര്‍വഡ് സര്‍വകലാശാലയില്‍നിന്ന് ഗീതാ ഗോപിനാഥിനെ സഹായത്തിനു വിളിച്ചതിന്റെ രഹസ്യമതാണ്.
മറ്റൊരു നായനാരോ, അച്യുതാനന്ദനോ ആയി മുഖ്യമന്ത്രിപദത്തില്നിന്ന് വിരമിക്കാനല്ല വിജയന്റെ ഭാവം. നരേന്ദ്രമോദിയുടെ മാതൃകയില്‍ കേരളത്തിന്റെ വികസനനായകനാവുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ദല്‍ഹിയില്‍ ചെന്ന് കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കുന്നതിലും, കേരളത്തിന്റെ ആവശ്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നതിലും മുഖ്യമന്ത്രി കാണിക്കുന്ന ശുഷ്കാന്തി ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍, മണിയോര്‍ഡര്‍ തിന്നുന്ന മലയാളി, പെന്ഷന് പ്രദേശ് തുടങ്ങിയ ദുഷ്പ്പേരുകളില്നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും. അതുവഴി ഒരു പ്രാദേശിക പാര്‍ട്ടിയുടെ രൂപത്തിലെങ്കിലും കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആയുസ്സ് നീട്ടിക്കിട്ടുകയും ചെയ്യും. അതല്ല, കോടിയേരിയുടെ കൊലപ്രസംഗവും, വിജയന്റെ വികസനദാഹവും ചേര്‍ത്തുകെട്ടി പണ്ട് ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോയ രീതിയില്‍ നാടകനിര്മാണത്തിനാണ് പുറപ്പെടാമെങ്കില് അതിന്റെ ഫലം നേര്‍വിപരീതവുമായിരിക്കും.
എന്തായാലും ഒരു കാര്യം പകല്‍വെളിച്ചംപോലെ വ്യക്തമാണ്. ക്യൂബയും ചൈനയും വടക്കന്‍ കൊറിയയും ത്രിപുരയും എല്ലാം കഴിഞ്ഞ് ലോക കമ്മ്യൂണിസത്തിന്റെ അവസാനത്തെ തിരി കെടുന്നത് കേരളത്തിലായിരിക്കും. പരശുരാമന് ഉപേക്ഷിച്ചുപോയ മാതൃഹത്യയുടെ മഴു ഇപ്പോഴും മനസ്സില്‍ക്കൊണ്ടു നടക്കുന്നവരുടെ നാട്ടിലേക്ക് സാര്‍വലൗകിക കമ്മ്യൂണിസത്തിന്റെ അനന്തരാവകാശികള്‍ പാര്‍ട്ടിയുടെ അസ്തമയം കാണാനെത്തും. ശംഖുംമുഖത്തും വര്‍ക്കലയിലും വരയ്ക്കല്‍ കടപ്പുറത്തുമെത്തിയാല് പിതൃതര്‍പ്പണവും നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: