കടല്‍ ചൊരുക്കുള്ള ചാളയില്‍ ഉണ്ണാനിരിയ്ക്കുമ്പോള്‍ അറിയാം അന്നം വിളമ്പുന്ന അമ്മയോ, അവിടുത്തെ മറ്റംഗങ്ങളാരോ പട്ടിണിയില്‍ ആകുമെന്ന്. അതു പലപ്പോഴും അതിഥിയെ സ്വീകരിച്ചു കൊണ്ടുപോയ ആതിഥേയനാകാം. അതറിയുന്ന അതിഥിയ്ക്ക് മൃഷ്ടാന്നഭോജനം സാധ്യമല്ല. എന്നാല്‍ വിശപ്പുനീറ്റുന്ന ആ കൊച്ചു കൂരയിലെ അഭിമാനികളെ പ്രയാസപ്പെടുത്താനുമാവില്ല. ആ സ്നേഹം വിളമ്പുന്ന അമ്മമാരുടെ തൃപ്തിക്കായി, കാളുന്ന വയറ്റിലേക്ക് രണ്ടുരുള, രണ്ടു മൂന്നു പ്ലാവിലക്കഞ്ഞി; അല്ലെങ്കില്‍ വറ്റ് ഊറ്റി മാറ്റിയുള്ള കഞ്ഞി വെള്ളം കുടിച്ച് നിറഞ്ഞ സംതൃപ്തി പ്രകടനം.
വിശപ്പു നീറ്റുന്ന അത്തരം കുടുംബങ്ങള്‍ കൂടി പോറ്റി വളര്‍ത്തിയതാണ് ഇന്നു കാണുന്ന മഹാപ്രസ്ഥാനം; രാഷട്രീയ സ്വയം സേവക സംഘം. കാടും നാടുമില്ലാത്ത നടത്തമല്ലേ മോനേ. ആ അമ്മമാരുടെ വാക്കുകള്‍ കാതില്‍ ധ്വനിയ്ക്കുന്നുണ്ട്, കെ.വി. ശ്രീധരന് മാസ്റ്ററെപ്പോലുള്ള മുന്‍കാല പ്രവര്‍ത്തകര്‍ക്ക്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്റെ അനുഭവപാഠം കുടിയാണിത്. ആ സ്നേഹം വിളമ്പുന്ന അമ്മമാര്‍ ചേര്‍ന്ന് വളര്‍ത്തിയെടുത്ത ഒരോ പ്രവര്‍ത്തകനുണ്ട് നാട്ടിന്റെ ഓരോരോ പ്രദേശത്തും. ആദ്യകാലത്ത് ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ക്കെല്ലാം പറയാന്നുണ്ട് നോവൂറ്റി വിളമ്പിയ അന്നത്തിന്റെ ഓര്‍മ്മകള്‍.. ഒട്ടും പരിചിതമല്ലാത്ത സാഹചര്യത്തിലേക്ക്, കടലെന്നോ കാടെന്നോ, ഉള്‍നാടെന്നോ അറിയാത്ത ഭൂമികയിലേക്ക് പ്രചാരകനായി എത്തുന്നവരുടെ അനുഭവമെല്ലാം ഇത്തരത്തില്‍, കൂടിയും കുറഞ്ഞും ഉള്ളതായിരുന്നു. പരിഭവമില്ലാതെ ആരോടും പരാതി പറയാനില്ലാതെ, ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ത്ത് സംഘ സന്ദേശമെത്തിക്കാന്‍ ആയുസ്സും ആരോഗ്യവും സമര്‍പ്പിച്ചവര്‍. അതിലൊരാളാണ തൃശ്ശൂര്‍ കടവില്‍ വേലപ്പന് അമ്മാളു മകന് കെ.വി. ശ്രീധരന് മാസ്റ്റര്‍.
അനുസ്യൂതമായുള്ള സംഘപഥ യാത്ര…
ഒന്നിച്ചു നിന്നവര്‍ ഇടയ്ക്കു മടങ്ങിയേക്കാം എന്ന ആപ്തവാക്യം പല കാലങ്ങളിലും അനുഭവപ്പെട്ടിട്ടും, പിന്തിരിയാതെ, ആദര്‍ശ പാതയില്‍ നിന്നും വ്യതിചലിയ്ക്കാതെയുള്ള യാത്ര നാളെ വിജയദശമി ദിനത്തില്‍ എത്തുമ്പോള്‍ സാര്‍ത്ഥകമായ ജീവിതം ശതാഭിഷേക വര്‍ഷത്തില്‍ എത്തി നില്ക്കുന്നു. സംഘ കുടുംബത്തിന്റെ ഇന്നു ജീവിച്ചിരിയ്ക്കുന്ന കാരണവന്മാരില് ഒരാളായി, ബിജെപിയുടെ സാരഥികളില്‍ ഒരാളായി നിലകൊള്ളുന്നു.
1962 മുതല്‍ ജനസംഘം പ്രവര്‍ത്തനത്തിലൂടെ തൃശ്ശൂരിന്റെയും പാലക്കാടിന്റെയും അതിലൂടെ കേരളത്തിലേയും അറിയപ്പെടുന്ന നേതാവായി മാറുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യം അടിയന്തരാവസ്ഥയെ തുടര്‍ന്ന് നീണ്ട 18 മാസം കല്‍ത്തുറങ്കില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അക്കൂട്ടത്തില്‍ ഇരുമ്പഴിയ്ക്കുള്ളില്‍ ശ്രീധരന് മാസ്റ്ററും ഉണ്ടായിരുന്നു. ജീര്‍ണ്ണവും പ്രാകൃതവുമായ ജയില്‍ മുറികളില്‍, അതിന്റെ ഈറന്‍ തറയില്‍ കിടക്കാന്‍ വിധി്ക്കപ്പെട്ടിട്ടും ശൗര്യം കുറയാത്ത സംഘപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹവും. സ്വയംസേവകനായിട്ടായിരുന്നു സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ തുടക്കം. 1952-53 കാലഘട്ടത്തില്‍.
അക്കാലത്ത് ഒന്നോ രണ്ടോ പേരെത്തുന്ന ശാഖയില്‍, സന്ധ്യയുടെ വെട്ടത്തില്‍, സാന്ധ്യ സാന്ദ്രതയുടെ നിറം ആവാഹിച്ച് ആലോലമാടുന്ന ഭഗവത് ധ്വജത്തിനു താഴെ. തൃശ്ശൂരിന്റെ സാംസ്കാരിക ഭൂമികയില്‍ ദൃഢ ദക്ഷാ നിഷ്ഠയില്‍ വളര്‍ന്ന മാതൃകാ പ്രവര്‍ത്തകരില്‍ ഒരാള്‍. ഇന്ന് അദ്ദേഹം ശതാഭിഷേക നിറവിലാണ്. 1952-53 ല്‍ തൃശ്ശൂര്‍ ചെമ്പൂക്കാവില്‍ നിന്നും തുടങ്ങിയ സംഘ പ്രവര്‍ത്തനത്തിന്റെ സപ്തതി വര്‍ഷം കൂടിയാണിത്. സാധാരണ സ്വയം സേവകനില്‍ നിന്നും വളര്‍ന്ന് മുഴുവന്‍ സമയ പ്രചാരകനു തുല്യം, വിസ്താരകനായിട്ടായിരുന്നു ആദ്യകാല ചുമതല. തുടര്‍ന്ന് കേരളത്തില്‍ ജനസംഘം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ കാര്യദര്‍ശിയായും നിയോഗിക്കപ്പെട്ടു. 1962 മുതല്‍ ജനസംഘം പ്രചാരകനും പ്രവര്‍ത്തകനും പ്രാദേശിക നേതാക്കളില്‍ ഒരാളുമായി. ആ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഷഷ്ഠിപൂര്‍ത്തി വര്‍ഷം കൂടിയാണിത്.
നല്ല പ്രാസംഗികന് എന്ന നിലയിലും സ്വീകാര്യനായിരുന്നു ശ്രീധരന് മാസ്റ്റര്‍. 1975 ജൂണിലെ മണ്‍സൂണ്‍ മഴയില്‍ കുതിര്‍ന്ന് പോലീസിന് പിടികൊടുക്കാതെ നടന്ന മാസങ്ങള്‍. നനഞ്ഞ വസ്ത്രവുമായി ആരോരുമറിയാതെ ബന്ധുവീടുകളിലെ വരാന്തകളിലും അന്തിയുറങ്ങിയ ദിനങ്ങള്‍.മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമമുള്ള കടവില്‍ തറവാട്ടില്‍ ആദര്‍ശനിഷ്ഠയുടെ മറ്റൊരു പാതക കണ്ടത്തിയ നേതാവ്. ജയില്‍വാസത്തിനു ശേഷം രാജ്യം ജനാധിപത്യത്തിലേക്ക് തിരിച്ചു വന്നപ്പോള്‍, ജയിലില്‍ അടയ്ക്കപ്പെട്ട ജനത രൂപീകരിച്ച, ജനതാ പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലയിലെ നേതൃനിരയിലും മാസ്റ്റര്‍ ഉറച്ചുനിന്നു. രാജനൈതിക രംഗത്തെ പുതിയ ആകാശത്തിലേക്ക് ബിജെപിയുടെ പതാക ഉയര്‍ന്നപ്പോള്‍ അത് കേരളത്തില്‍ ഉയര്‍ത്തിയവരുടെ മുന്‍പന്തിയിലും ശ്രീധരന് മാസ്റ്ററുണ്ടായിരുന്നു. 1980 മുതല്‍ ബിജെപിയുടെ ജില്ലാതലം മുതല്‍ ദേശീയ തലം വരെയുള്ള ഉത്തരവാദിത്ത പദവികളില്‍ ശ്രീധരന് മാസ്റ്റര്‍ നിയോഗിക്കപ്പെട്ടു. കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ശതാഭിഷേകവര്‍ഷത്തില്‍ തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയിലും പിറന്നാള്‍ ആഘോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: