തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ സിംഹ സഫാരിപാര്‍ക്ക് സിംഹമില്ലാപാര്ക്കായിട്ട് മാസങ്ങളാകുന്നു. നെയ്യാറിലെ വന്യജീവി സങ്കേതങ്ങള്‍ പതുക്കെ വിസ്മൃതിയിലേക്ക് നടന്നടുത്തിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. നെയ്യാര്‍ ഡാമിലെ സഫാരിപാര്‍ക്കിലെ അവസാനത്തെ സിംഹവും ചത്തിട്ട് നാലുമാസമായെങ്കിലും പകരം സിംഹത്തെ എത്തിക്കാന്‍ നടപടിയില്ല.
ഇരുപതേക്കറോളം വരുന്ന 1985ല്‍ തുടങ്ങിയ പാര്‍ക്കില്‍ 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്നു. കാട്ടിലൂടെ വിഹരിക്കുന്ന സിംഹങ്ങളെ അടുത്ത് കാണാനാവുന്ന പാര്‍ക്കിലേക്ക് സഞ്ചാരികളും ഒഴുകിയെത്തി. 2005ല്‍ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെ പാര്‍ക്കിന്റെ നാശം തുടങ്ങി. ഒന്നൊന്നായി ചത്ത് ഒടുവില്‍ ജൂണ്‍ 2ന് അവസാനത്തെ അംഗങ്ങളായിരുന്ന നാഗരാജനും ബിന്ദുവും വിടപറഞ്ഞു.
ഇപ്പോളെത്തുന്ന സഞ്ചാരികള്‍ക്ക് കാട് കണ്ട് മടങ്ങാനെ കഴിയൂ. ജില്ലയിലെ കള്ളിക്കാട്, കുറ്റിച്ചല്‍, അമ്പൂരി പഞ്ചായത്തുകളിലായാണ് വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. മറ്റ് മൃഗശാലകളില്‍ നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ സിംഹത്തെ എത്തിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടതോടെ ഇരുപതേക്കറോളം വലുപ്പമുള്ള പാര്‍ക്കും സഞ്ചരിക്കാനുള്ള വാഹനങ്ങളും മൃഗങ്ങളുടെ കൂടുകളും നശിക്കുകയാണ്. അഗസ്ത്യാര്‍കൂട മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന നെയ്യാറ്റിന് തീരത്ത് പടുത്തുയര്‍ത്തിയ വിനോദസഞ്ചാര കേന്ദ്രം ഇന്ന് തകര്‍ച്ചയിലാണ്.
മലയണ്ണാനും സിംഹവാലന്‍ കുരങ്ങും കരടിയും കടുവയും കാട്ടുപോത്തും കാട്ടാനയും മാനുകളും മ്ലാവും വരയാടും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന നിരവധി ഇനങ്ങളില്‍ പെട്ട പക്ഷികളും മുതലയും ഉള്ള നിബിഡമായ നെയ്യാര്‍ഡാമും നെയ്യാര്വനവും ഒരുകാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു. ലോകപ്രശസ്തിയാര്‍ജിച്ച ഔഷധസസ്യങ്ങളുടെയും ആരോഗ്യപച്ചയുടെയും നാടായ ഇവിടം വനവാസികളായ കാണി സമുദായക്കാരുടെ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്ന താഴ്വരകളും ഔഷധഗുണമുള്ള നെയ്യാര്‍ ജലാശയത്താല്‍ ചുറ്റപ്പെട്ട കര്‍ഷകര്‍ അധിവസിക്കുന്ന ഗ്രാമങ്ങളും ഉള്‍പ്പെട്ടതാണ്.
പരിസ്ഥിതി വൈവിധ്യം നിറഞ്ഞ ഈ പ്രദേശത്തിന്റെ സംരക്ഷണം െജെവവൈവിധ്യ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമെന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഇവിടം ഇന്ന് അവഗണനയുടെ തുരത്താണ്. കോടിക്കണക്കിന് രൂപയുടെ വരുമാനം സംസ്ഥാനഖജനാവിന് ലഭിച്ചിരുന്നിട്ടും വികസനമുരടിപ്പ് തുടര്‍ക്കഥയാണ്. ഹരിതമനോഹരമായ ഉദ്യാനങ്ങള്‍ അപ്രത്യക്ഷമായി. പകരം കോണ്‍ക്രീറ്റ് ഫലകങ്ങള്‍ ഇടം പിടിച്ചു. ചരിത്രപ്രസിദ്ധമായ പ്രതിമകളും കൗതുക കാഴ്ചകളും മാഞ്ഞു പോയിരിക്കുന്നു.
ചീങ്കണ്ണി പാര്‍ക്കും അശാസ്ത്രീയമായ പരിപാലനം നടത്തുന്നുവെന്ന് പരാതിയുയര്‍ന്ന മാന്‍പാര്‍ക്കും ഈ രീതിയിലാണെങ്കില്‍ ഉടന്‍ കാലഹരണപ്പെടും എന്നതില്‍ സംശയമില്ല. നെയ്യാര്‍ ടൂറിസം അസ്തമിക്കണമെന്ന് ആരോ ആഗ്രഹിക്കുന്നതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇറിഗേഷന്‍, വനം, ഫിഷറീസ്, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണിവിടം. ഈ വകുപ്പുകളെ കോര്‍ത്തിണക്കി നിരവധി വിനോദസഞ്ചാര പദ്ധതികള്‍ക്ക് രൂപം നല്കാന് കഴിയും. ഇതുവഴി ഈ നാട്ടില്‍ നിരവധി തൊഴില്‍അവസരങ്ങള്‍ ലഭ്യമാകും. സര്‍ക്കാരിന് വരുമാനവും ലഭിക്കും. നെയ്യാര്‍ വിനോദസഞ്ചാര മേഖലയെ തകര്‍ക്കുന്ന നടപടി ഇനിയെങ്കിലും ഉണ്ടാകരുതെന്നാണ് വനം വകുപ്പിനോടും സംസ്ഥാനസര്‍ക്കാരിനോടും നാട്ടുകാരുടെയും വിവിധ രാഷ്ടീയ സംഘടനകളുടെയും അഭ്യര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: