ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമുഖ സമ്പര്‍ക്ക സംവിധാനത്തിനുള്ള ദേശീയ മാസ്റ്റര്‍ പ്ലാനായ ഗതി ശക്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന പ്രഗതി മൈതാനത്തെ പുതിയ എക്സിബിഷന് കോംപ്ലക്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശക്തിയെ ആരാധിക്കുന്ന അഷ്ടമി ദിവസമായ ഇന്ന് രാജ്യത്തിന്റെ വികസന വേഗം പുതിയ ശക്തി കൈവരിക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് എന്ന നിശ്ചയദാര്‍ഢ്യത്തോടെ ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തേക്കുള്ള അടിസ്ഥാന ശിലയാണ് സ്ഥാപിക്കപ്പെടുന്നത്. പി എം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഭാരതത്തിന്റെ ആത്മവിശ്വാസത്തെ ആത്മനിര്‍ഭര്‍ ഭാരതിനായുള്ള പ്രതിജ്ഞയാക്കി മാറ്റും. ഈ മാസ്റ്റര്‍ പ്ലാന്‍ 21ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഊര്‍ജം (ഗതി ശക്തി) നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിലെ ജനത, വ്യവസായങ്ങള്‍, വാണിജ്യ മേഖല, നിര്‍മാതാക്കാള്‍, കൃഷിക്കാര്‍ എന്നിവരാണ് ഗതി ശക്തിയുടെ ഈ മഹത്തായ ക്യാംപെയ്നിന്റെ കേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി. 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ഇപ്പോഴത്തേയും ഭാവിയിലേയും തലമുറകള്‍ക്ക് ഇത് ഊര്‍ജം നല്‍കുകയും അവരുടെ വഴികളിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മേല്‍നോട്ടത്തിന്റെ അഭാവം, മുന്‍കൂട്ടിയുള്ള വിവരങ്ങളുടെ അഭാവം, ഒറ്റക്കൊറ്റക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ആസൂത്രണവും നടപ്പിലാക്കലും തമ്മില്‍ അന്തരങ്ങള്‍ സൃഷ്ടിക്കുകയും നിര്‍മാണം തടസ്സപ്പെടുന്നതിനും ബജറ്റ് തുക പാഴാകുന്നതിനും കാരണമാകുന്നു. ഒന്നിലധികമായി വര്‍ധിക്കുന്നതിനോ മെച്ചപ്പെടുന്നതിനോ പകരം ശക്തി വിഭജിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി എം ഗതി ശക്തി ഇത്തരം പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയും മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിലേക്ക് മാറുകയും ചെയ്യും.
ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യക്ക് ലോകത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന ബഹുമതി നേടാനാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കു വയ്ച്ചു. നമ്മുടെ ലക്ഷ്യങ്ങള്‍ അസാധാരണമായതിനാല്‍ അസാധാരണ ശ്രമങ്ങള്‍ ആവശ്യമാണ്. ഈ ലക്ഷ്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ പി എം ഗതി ശക്തി, ജാം (ജന്‍ ധന്, ആധാര്‍, മൊബൈല്‍) പോലെ സേവനങ്ങള്‍ ജനങ്ങളിലെത്താനുള്ള വിപ്ലവകരമായ ഉപാധിയായി മാറും. പി എം ഗതി ശക്തി അടിസ്ഥാന സൗകര്യ വികസന മേഖലയിലും ഇക്കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, ഹര്‍ദീപ് സിംഗ് പുരി, സര്‍ബാനന്ദ സോനോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ്, ആര് കെ സിംഗ്, വിവിധ മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ മേഖലയില്‍ നിന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്മാന് കുമാര്‍ മംഗളം ബിര്‍ല, ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്വിപ്മെന്റ്സ് സിഎംഡി മല്ലിക ശ്രീനിവാസന്, ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്, റിവിഗോ സഹസ്ഥാപകന്‍ ദീപക് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: