ഷാര്‍ജ: ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഐപിഎല്‍ കിരീടം കിട്ടാക്കനി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഈ സീസണിലും കിരീടം നേടിക്കൊടുക്കുന്നതില്‍ കോഹ്ലി പരാജയപ്പെട്ടു. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാലു വിക്കറ്റിന് തോറ്റു. കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സിന്റെ അവസാന മത്സരമായിരുന്നു ഇത്. ഈ സീസണിനുശേഷം നായകസ്ഥാനമൊഴിയുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2011 ല്‍ ന്യൂസിലന്‍ഡ് താരം ഡാനിയല്‍ വെറ്റോറിയില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സിന്റെ നായകസ്ഥാനം ഏറ്റെടുത്ത കോഹ്ലിക്ക് ഇതുവരെ ടീമിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കാന് കഴിഞ്ഞിട്ടില്ല. 2016 ലാണ് കോഹ്ലിയുടെ നായകത്വത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ആ സീസണില്‍ രണ്ടാം സ്ഥാനക്കാരായി. കോഹ്ലിയുടെ മിന്നുന്ന പ്രകടനമാണ് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. നാലു സെഞ്ച്വറികള്‍ അടക്കം കോഹ്ലി തൊളളായിരത്തിലേറെ റണ്‍സ് നേടി. ഐപിഎല്ലില്‍ 140 മത്സരങ്ങളില്‍ കോഹ്ലി റോയല്‍ ചലഞ്ചേഴ്സിനെ നയിച്ചു. ഇതില്‍ 64 മത്സരങ്ങളില്‍ ജയവും 69 മത്സരങ്ങളില്‍ തോല്‍വിയും ഏറ്റുവാങ്ങി.
ഷാര്‍ജയില്‍ തിങ്കളാഴ്ച നടന്ന ഐപിഎല്‍ എലിമിനേറ്ററില്‍ കോഹ്ലിയും (39) ദേവ്ദത്ത്് പടിക്കലും (21) ചേര്‍ന്ന് 49 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സിന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ ഈ തുടക്കം മുതലാക്കാന്‍ മറ്റ് ബാറ്റ്സ്മാന്മാര്ക്ക്് കഴിഞ്ഞില്ല. കൊല്‍ക്കത്തയുടെ വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്നാണ് റായല്‍ ചലഞ്ചേഴ്സിന്റെ നടുവൊടിച്ചത്്. നരെയ്ന് നാല് ഓവറില്‍ 21 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 138 റണ്‍സിലൊതുങ്ങി.
139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ സുനില്‍ നരെയ്ന് പതിനഞ്ച് പന്തില്‍ നേടിയ 26 റണ്‍സാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക്് നയിച്ചത്. നേരത്തെ പന്തുകൊണ്ടും മികവ് കാട്ടിയ നരെയ്ന് കളിയിലെ കേമനുള്ള മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 29 റണ്‍സും വെങ്കിടേഷ് അയ്യര്‍ 26 റണ്‍സും നേടി.
സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറില്‍ 7 വിക്കറ്റിന് 138, കൊല്‍ക്കത്ത നൈ്റ്റ് റൈഡേഴ്സ് 19.4 ഓവറില്‍ ആറു വിക്കറ്റിന് 139.
പ്രതികരിക്കാൻ ഇവിടെ എഴുതുക: