തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ തിരുവനന്തപുരത്തിന് കൂടുതല്‍ വികസന സാധ്യതകളാണ് തുറന്നിടുന്നതെന്ന് ശശി തരൂര്‍ എംപി. വിമാനത്താവളം പ്രഫഷനല്‍ ആകേണ്ടത് ആവശ്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.
വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍, ഇനിയും കൂടുതല്‍ വിമാനങ്ങള്‍ വരാന്‍ ആരംഭിച്ചാല്‍, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികള്‍ വരാന്‍ തുടങ്ങിയാല്‍ എല്ലാവര്ക്കും അത് ഗുണം ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം ഇനി മുതല്‍ എടിയാല്‍ എന്ന പേരിലാണ് അറിയപ്പെടുക. ഒക്ട്ടോബര്‍ 14ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത് മുതലാണ് പുതിയ പേര് നിലവില്‍ വരുക. അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡാണ് ‘എടിയാല്‍’ എന്ന പേരില്‍ അറിയപ്പെടുക. ‘എടിയാല്‍’ എന്ന കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും.
എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജി. മധുസൂദന റാവുവാണ് എടിയാലിന്റെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍. നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്റെ ഭാഗമായി തുടരാം. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്തും. പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ഭക്ഷണവിതരണ കൗണ്ടറുകള്‍, റീട്ടെയില്‍ വില്‍പ്പനശാലകള്‍ എന്നിവയും ഉടന്‍ ആരംഭിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എയര്‍ലൈന്‍സ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ആദ്യപടിയായി അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: