തിരുവനന്തപുരം: ശബരിമല, പൗരത്വ ഭേദഗതി പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനു പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമസംഹിതയിലെ 321-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ കഴിയുക. കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കേണ്ടത് ബഹു. കോടതികളാണെന്നും പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്കി.
മറുപടിയുടെ പൂര്‍ണരൂപം-
26.02.2021 ലെ സര്‍ക്കാര്‍ ഉത്തരവ് നം. 70/2021/ആഭ്യന്തരം അനുസരിച്ച് ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ബഹു. സുപ്രീംകോടതി വിധിയെത്തുടര്‍ന്നും, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ വിവിധ സംഭവങ്ങളിലും ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസുകളുടെ നിലവിലുള്ള സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐ.ജിയും സ്പെഷ്യല്‍ സെല്‍, എസ്.സി.ആര്.ബി. വിഭാഗങ്ങളുടെ പോലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് പോലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കായ വിവരങ്ങള്‍ ക്രോഡീകരിച്ച് അവ പരിശോധിക്കുന്ന ചുമതലയും ഈ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്.
ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമസംഹിതയിലെ 321-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ കഴിയുക. കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കേണ്ടത് ബഹു. കോടതികളാണ്. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: