ന്യുദല്‍ഹി: ഗുജറാത്തിലെ മുന്ദ്രയിലെ അദാനി തുറമുഖത്ത് നിന്നും 21000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയതിന് പിന്നാലെ ഇറാന്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളോട് നോ പറഞ്ഞ് അദാനി ഗ്രൂപ്പ്.
നവമ്പര്‍ 15 മുതല്‍ ഇന്ത്യയിലെ അദാനി തുറമുഖങ്ങളില്‍ ഒരിടത്തും ഇറാന്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ കടത്തിവിടില്ല. തിങ്കളാഴ്ചയാണ് പത്രക്കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്.
‘ഇറാന്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന കാര്‍ഗോകള്‍ അദാനി തുറമുഖങ്ങള്‍ വഴി കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യില്ല. അദാനി പോര്‍ട്സ് മാനേജ് ചെയ്യുന്ന എല്ലാ തുറമുഖങ്ങള്‍ക്കും നവമ്പര്‍ 15 മുതല്‍ ഈ തീരുമാനം ബാധകമായിരിക്കും,’- കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സപ്തംബര്‍ 13നാണ് ഗുജറാത്തില്‍ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപ വിലവരുന്ന ഏകദേശം 3000 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ ഐ) പിടികൂടിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന് തുറമുഖം വഴിയാണ് ചരക്ക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയത്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തിന് ശേഷമാണ് ഹെറോയിന്‍ ഇന്ത്യയിലേക്ക് കടത്തിയതെന്ന് കരുതുന്നു. സംഭവത്തില്‍ നാല് അഫ്ഗാനിസ്ഥാന്കാരും ഒരു ഉസ്ബെക്കുകാരനും ഉള്‍പ്പെടെ എട്ടുപേരെയാണ് ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇതിന്റെ പേരില്‍ ലഹരിക്കടത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് അദാനി ഗ്രൂപ്പിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നടത്തിപ്പുകാരായ തങ്ങള്‍ക്ക് ഇത്തരം കടത്തുകളുമായി ബന്ധമില്ലെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചിരുന്നു. എന്തായാലും ഇത്തരം ആരോപണങ്ങളില്‍ നിന്നും സ്ഥിരമായി പുറത്തുകടക്കാനാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: