തിരുവനന്തപുരം: ജനസംഘം സ്ഥാപന നേതാക്കളിലൊരാളായ നാനാജി ദേശ്മുഖ് അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ഗ്രാമങ്ങള്‍ സ്വയംപര്യാപ്തമാക്കാന്‍ സ്വജീവിതം സമര്‍പ്പിച്ച മാതൃകാപരമായ വ്യക്തിത്വമായിരുന്നു നാനാജിയെന്ന് സുധീര്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും നാനാജി ഒരു സര്‍വ്വകലാശാലയായിരുന്നു. രാജ്യത്തെ ഗ്രാമങ്ങളില്‍ സംഘത്തിന്റെ ആദര്‍ശം എത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
അറുപത് വയസ്സ് തികഞ്ഞപ്പോള്‍ പിന്നീടങ്ങോട്ട് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം പിന്മാറിയ അദ്ദേഹം ഗ്രാമ പുനര്‍നിര്‍മ്മാണമെന്ന ലക്ഷ്യത്തില്‍ ശ്രദ്ധ പതിപ്പിച്ചു. യു.പി യിലെ ഗോണ്ട എന്ന ജില്ല നാനാജി ദത്തെടുക്കുകയും, ഏറ്റവും പിന്നാക്കമായിരുന്ന ആ ജില്ലയെ സമൃദ്ധിയുടെ പ്രതീകമാക്കി മാറ്റുകയും ചെയ്തത് രാജ്യം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ജനങ്ങളുടെ പങ്കാളിത്തത്തോടും മുന്‍കൈയോടും കൂടിയേ സമൂഹത്തില്‍ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളൂവെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നതെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പി.രാഘവന്,ജി.ഗിരീശന്, സംസ്ഥാന കൗണ്‍സില്‍ അംഗം പ്രൊഫ.പി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: