പത്തനംതിട്ട: എസ്ഡിപിഐക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ച കൗണ്‍സിലറെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഎം. പത്തനംതിട്ട നഗരസഭാ കൗണ്‍സിലറും നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.ആര്. ജോണ്‍സണെയാണ് സിപിഎം നടപടിക്ക് വിധേയനാക്കുന്നത്. എന്നാല്‍ പാര്‍ട്ടിഅച്ചടക്ക നടപടിക്ക് കാരണമായി പറയുന്നത് പത്തനംതിട്ടടൗണ് നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം തര്‍ക്കം മൂലം നിര്‍ത്തവയ്ക്കേണ്ടിവന്നതാണ് എന്നാണ്.
ജോണ്‍സണെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനം തര്‍ക്കം മൂലം നിര്‍ത്തവയ്ക്കേണ്ടിവന്നതിനെപ്പറ്റി ജോണ്‍സണോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നേരത്തെ പത്തനംതിട്ട നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട ഔദ്യോഗിക വാട്സാപ് ഗ്രൂപ്പില്‍ ജോണ്സണ് എസ്ഡിപിഐയുടെ ഔദാര്യമല്ല തന്റെ കൗണ്‍സിലര്‍ സ്ഥാനമെന്നും വര്‍ഗീയവാദം തുലയട്ടെയെന്നും പോസ്റ്റിട്ടിരുന്നു.
ഇത് വിവാദമാകുകയും എസ്ഡിപിഐ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരണത്തിലേറിയത്. ഇതിന് പ്രത്യുപകാരമായി നഗരസഭാവൈസ്ചെയര്മാന്സ്ഥാനവും സ്റ്റാന്റിങ് കമ്മറ്റിയും സിപിഎം എസ്ഡിപിഐക്ക് നല്‍കിയിരുന്നു. എസ്ഡിപിഐയുമായി അധികാരംപങ്കിടില്ലെന്ന് സിപിഎംനേതാക്കള്‍ പറയുന്നതിനിടെ പത്തനംതിട്ട നഗരസഭയിലെസിപിഎംഎസ്ഡിപിഐ കൂട്ടുകെട്ട് സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.
എസ്ഡിപിഐക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ജോണ്സണ് നടത്തിയ പരാമര്‍ശങ്ങള്‍ സിപിഎംനേതാക്കളെ ചൊടിപ്പിച്ചിരുന്നതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് സൂചന. ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായതോടെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. പാര്‍ട്ടി ഒരുവിഭാഗം കയ്യടക്കുന്നതിലുള്ള തര്‍ക്കമാണ്ബ്രാഞ്ച് സമ്മേളനത്തിലും മത്സരമുണ്ടാകാന്‍ കാരണമെന്നാണ് സൂചന. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്തണമെന്ന് പറയുമ്പോഴും അതിലും ചിലര്‍ക്ക് പ്രത്യേകപ്രിവിലേജ് ഉണ്ടെന്ന് തെളിയിക്കുന്നതാണി നടപടിയെന്ന് അഭിപ്രായപ്പെടുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: