തിരുവനന്തപുരം : മോന്സന് മാവുങ്കലിന്റെ കൈവശം ഭൂമിയോ വസ്തുക്കളോയില്ല. പരാതിക്കാരില്‍ നിന്നും മോന്സന് തട്ടിയെടുത്ത പണം തിരികെ ലഭിച്ചേക്കില്ല. മോന്സന് ഇടപാടുകള്‍ നടത്തിയിരുന്നത് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്. നിലവില്‍ ചേര്‍ത്തലയിലെ കുടുംബ സ്വത്ത് മാത്രാണ് മോന്‍സനുള്ളതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
മോന്‍സന്റെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി രജിസ്ട്രേഷന് വകുപ്പിനും ബാങ്കുകള്‍ക്കും ക്രൈംബ്രാഞ്ച് കത്തുനല്‍കി. പാസ്പോര്ട് ഓഫീസിനും ക്രൈംബ്രാഞ്ച് കത്തു നല്കി. വ്യാജ പാസ്പോര്ട്ടില് ഇയാള്‍ വിദേശത്ത് പോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
തന്റെ പക്കലുണ്ടായിരുന്ന പണം മുഴുവന്‍ ആഢംബര ജീവിതത്തിനായി ഉപയോഗപ്പെടുത്തിയെന്നാണ് മോന്സന് അന്വേഷണ സംഘത്തെ അറിയിച്ചത്. പണം വാങ്ങിയവര്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പകരമായി ആഢംബര കാറുകളാണ് നല്‍കിയതെന്നും ഇയാള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ അറിയിച്ചത്. മോന്‍സനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്തു
അതേസമയം മോന്‍സന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. ആദ്യഘട്ടത്തില്‍ മോന്‍സനും ഇയാളുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇയാള്‍ ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ശേഖരിച്ചു. ആദായ നികുതി വകുപ്പ് പരാതിക്കാരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
സംസ്കാര ചാനലിന്റെ ചെയര്‍മാനാകാന്‍ താന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന് മോന്സന് ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. ഹരിപ്രസാദെന്നയാളാണ് ചാനലിന് വേണ്ടി സമീപിച്ചത്. പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. മോന്‍സന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ കോടതി നീട്ടുകയും ചെയ്തു.
മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കളുടെ പരിശോധന സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകള്‍ സംയുക്തമായാണ് മോന്‍സന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ പരിശോധിക്കുന്നത്. ഇത് മുഴുവന്‍ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാല്‍ ആധികാരികത ഉറപ്പാക്കേണ്ടത് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: