പത്തനംതിട്ട:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ യൂണിയനുകളുടെ ഹിതപരിശോധനയ്ക്ക് തൊട്ടുമുമ്പ് ശമ്പളപരിഷ്ക്കരണം നടപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചത് ഭരണാനുകൂലസംഘടനയ്ക്ക് നേട്ടംകൊയ്യാനെന്ന് ആക്ഷേപം. വരുന്ന 28ാംതീയ്യതി രാവിലെ 9മുതല്‍ വൈകിട്ട് 5വരെയാണ് ഹിതപരിശോധന നടക്കുന്നത്.30ന് ഫലപ്രഖ്യാപനം ഉണ്ടാകും.12ാംതീയ്യതിയാണ് നോമിനേഷന് സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
13ന് സൂക്ഷമപരിശോധന നടത്തിവൈകിട്ട് 4ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും.16ന് ഉച്ചയ്ക്ക് ഒരുമണിവരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്.അന്നു നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. 26ന് വൈകിട്ട് 4വരെ പ്രചരണത്തിന് അവസരമുണ്ട്. യൂണിയനുകളുടെ ഹിതപരിശോധന സംബന്ധിച്ച് ഈമാസം1ാംതീയ്യതിയാണ് ദേവസ്വംബോര്‍ഡ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. ഇതിന് രണ്ടുദിവസംമുമ്പ് സെപ്തംബര്‍ 29ന് പതിനൊന്നാംശമ്പള പരിഷ്ക്കരണം സംബന്ധിച്ച് നടപടികള്‍ ത്വരിതപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് അറിയിപ്പ് ഇറങ്ങി. സര്‍വ്വീസ് സംഘടനകള്‍,ജീവനക്കാര്‍,പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ദേവസ്വം കമ്മീഷണര്‍ക്ക് രേഖാമൂലം ഇനിയും എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉണ്ടെങ്കില്‍ അഞ്ചുദിവസത്തെ സമയം അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.
ദേവസ്വംബോര്‍ഡില്‍ യൂണിയനുകളുടെ ഹിതപരിശോധന പടിവാതുക്കല്‍ എത്തിയപ്പോള്‍ ശമ്പളപരിഷ്ക്കരണം എന്ന വാഗ്ദാനം ഉയര്‍ത്തുന്നത് ഭരണാനുകൂലസംഘടനയ്ക്ക് ജീവനക്കാരുടെ വോട്ടുതേടാനുള്ള അടവാണെന്ന് ദേവസ്വംജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വംബോര്‍ഡില്‍ ജീവനക്കാരുടെ നിരവധിപ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനുണ്ട്. അവയെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ ശമ്പളപരിഷ്ക്കരണം എന്ന് പറഞ്ഞ് കബളിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കൊവിഡ്കാലത്ത് ദേവസ്വംജീവനക്കാരില്‍നിന്ന് 30ദിവസത്തെ ശമ്പളമാണ് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ അഞ്ചുമാസത്തിനുള്ളില്‍ പിടിച്ചത്. ഇതില്‍ ഇരുപത്തിയഞ്ചു ദിവസത്തെ ശമ്പളം ഇനിയും തിരിച്ചുനല്‍കിയിട്ടില്ല. ഒന്നരവര്‍ഷമായി ദേവസ്വംബോര്‍ഡില്‍ പെന്ഷന് അനുവദിച്ചിട്ട്. 2020ജനുവരിക്ക് ശേഷം വിരമിച്ച ദേവസ്വം ജീവനക്കാര്‍ക്ക് പെന്‍ഷനും പെന്ഷന് ആനൂകൂല്യങ്ങളും നല്‍കാനുണ്ട്. നിരവധി ജീവനക്കാര്‍ക്ക് ശമ്പളക്കുടിശ്ശിക ബില്‍പാസ്സാക്കി നല്‍കിയിട്ടില്ല. വളരെ ഗുരുതരമായ രോഗബാധിതര്‍ക്കുപോലും മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റും മെഡിക്കല്‍ അഡ്വാന്‍സും ഇനിയും അനുവദിച്ചിട്ടില്ല. ജീവനക്കാരുടെ ഡിഎ കുടിശ്ശികയടക്കം പിഎഫില്‍ ലയിപ്പിക്കുകയായിരുന്നു. ഇതിനെല്ലാം കാരണമായി പറയുന്നത് ദേവസ്വംബോര്‍ഡ് ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയില്‍ ആണ് എന്നാണ്. ഈസമയത്ത് ശമ്പളപരിഷ്ക്കരണം നടപ്പാക്കാന്‍ പോകുന്നു എന്നുപറയുന്നതും അതിനായി നിര്‍ദ്ദേശം ക്ഷണിച്ചതും ജീവനക്കാരുടെ കണ്ണില്‍ മണ്ണിടാനും അവരെ ഹിതപരിശോധനവേളയില്‍ ഇടത് യൂണിയനൊപ്പം നിര്‍ത്താനും അവരുടെ വോട്ടു തട്ടാനുമുള്ള തന്ത്രം മാത്രമാണെന്ന് ദേവസ്വംജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
28ന് നടക്കുന്ന ഹിതപരിശോധനയില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ്, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, എന്നീ സംഘടനകളാണ് പ്രധാനമായും മത്സരരംഗത്ത് ഉള്ളത്. സിപിഐയുടേയും യുടിയുസിയുടേയും നിയന്ത്രണത്തിലുള്ള സംഘടനകളും ദേവസ്വംബോര്‍ഡില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: