ഇടുക്കി: പ്രധാനമന്ത്രിയുടെ മേജര്‍ ഹണി മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച തേന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി. ‘സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഹൈറേഞ്ചിലെത്തിയപ്പോള്‍ തേനീച്ച പരിപാലന കേന്ദ്രം ഉടമ തൊപ്പിപ്പാള ഹണി നഗര്‍ തുണ്ടിവയലില്‍ ടി.കെ. രാജുവാണ് തേന്‍ കൈമാറിയത്. കേരളത്തില്‍ നടപ്പാക്കിയ മേജര്‍ ഹണി മിഷന്റെ ഭാഗമായി 6000 തേനീച്ച പെട്ടികള്‍ നിര്‍മിച്ച് നല്കിയത് ഇദ്ദേഹമായിരുന്നു.
തേന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ 2017ലാണ് പ്രഥമ മേജര്‍ ഹണി മിഷന്‍ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. അന്ന് ആറന്മുളയില്‍ പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. 1.15 കോടി രൂപ മുടക്കില്‍ വനവാസികളടക്കം 600 കര്‍ഷകര്‍ക്കാണ് അന്ന് 100 വീതം തേനീച്ചയും കൂടുകളും നല്കിയത്.
പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി (പിഎംഇജിപി) പ്രകാരം ലഭിച്ച 25 ലക്ഷം രൂപയ്‌ക്ക് ഹണി നഗറില്‍ തേന്‍ ശുചീകരണ പ്ലാന്റും രാജു സ്ഥാപിച്ചു. കര്‍ഷകര്‍ക്ക് മികച്ച വില നല്കി തേന്‍ ശേഖരിച്ച് ശുചീകരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാര്‍ക്കറ്റില്‍ എത്തിച്ചു. ഇതില്‍ നിന്ന് മാറ്റിവച്ച തേനാണ് സ്മൃതി ഇറാനിക്ക് കൈമാറാനായി സുരേഷ്‌ഗോപിയെ ഏല്‍പ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തേനീച്ച കര്‍ഷകനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും രാജുവിനെ തേടിയെത്തിയിട്ടുണ്ട്. നിലവില്‍ ഖാദി കമ്മിഷന്‍, കൃഷി വകുപ്പ് എന്നിവരുടെ പരിശീലകനാണ്. എല്ലാ ജില്ലകളിലും തേനീച്ച വളര്‍ത്തലില്‍ ക്ലാസുകള്‍ നയിക്കുന്നു. സ്വന്തമായി ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി 1600 തേന്‍പെട്ടികളും സ്ഥാപിച്ചു. സ്വയം തൊഴില്‍ തേടുന്ന യുവ കര്‍ഷകര്‍ക്ക് 40 ശതമാനം ഗവ. സബ്‌സിഡിയോട് കൂടിയുള്ള തേനീച്ചപ്പെട്ടിയും നല്കുന്നു. മുപ്പതോളം സ്ഥിരം ജോലിക്കാരും ഹണി നഗറിലുണ്ട്.
ഭാര്യ രമണി രാജു, മക്കളായ രശ്മി, രേഷ്മ, മരുമക്കളായ സുമേഷ്, ജോളറ്റ് എന്നിവര്‍ പിന്തുണയുമായി ഒപ്പമുണ്ട്. പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് തേന്‍ സമ്മാനിക്കണമെന്നാണ് ആഗ്രഹമെന്ന് രാജു ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: