തിരുവനന്തപുരം: നഗരസഭയിലെ നികുതിദായകരെ ആശങ്കയിലാക്കിയ വീട്ടുകരം തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണമില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. അത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. അറസ്റ്റ് ആവശ്യം ഉന്നയിക്കില്ല. ആരെ എപ്പോള്‍ അറസ്റ്റുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പോലീസാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാല്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ വ്യക്തമാക്കി.
വീട്ടുകരം അടച്ചവരുടെ ആശങ്ക പരിഹരിക്കുന്നതിനായി നഗരസഭ അദാലത്തുകള്‍ സംഘടിപ്പിക്കും. നവംബര്‍ 22 മുതല്‍ മെയിന്‍ ഓഫീസിലും സോണല്‍ ഓഫീസുകളിലും അദാലത്തു നടത്തും. 22, 24 തീയതികളില്‍ നഗരസഭ മെയിന്‍ ഓഫീസ്, 26ന് തിരുവല്ലം സോണല്‍, 29 കഴക്കൂട്ടം, 30 വട്ടിയൂര്‍ക്കാവ്, ഡിസംബര്‍ ഒന്നിന് ആറ്റിപ്ര, 4ന് വിഴിഞ്ഞം, 6ന് നേമം, 7ന് ഫോര്‍ട്ട്, 8ന് കുടപ്പനക്കുന്ന്, 10ന് ഉള്ളൂര്‍, 13ന് ശ്രീകാര്യം, 15 കടകംപള്ളി, 16, 17 മെയിന്‍ ഓഫീസ് എന്നീ തീയതികളിലാണ് അദാലത്തു സംഘടിപ്പിക്കുക. അദാലത്തുകള്‍ തുടങ്ങുന്നതിനു മുമ്പായി കരം കുടിശികയുള്ളവരുടെ ലിസ്റ്റ് വാര്‍ഡുതലത്തിലും സോണല്‍ ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
ഇതുപരിശോധിച്ച് ആക്ഷേപമുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. സോഫ്റ്റ് വെയര്‍ അപ്ഡേഷന് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് വേഗത്തിലാക്കും. ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ട മൂന്നുകാര്യങ്ങളും പരിഹരിച്ചുവെന്ന പ്രതീതി സൃഷ്ടിച്ച് കാലതാമസം വരുത്തുകയാണ് ലക്ഷ്യമെന്നും സംശയമുണ്ട്. ജനങ്ങള്‍ നേരിട്ട് പരിശോധിച്ചുതുടങ്ങുന്നതിനു മുമ്പ് തട്ടിപ്പുകള്‍ ഒതുക്കിത്തീര്ക്കുന്നതിനുവേണ്ടിയാണ് കാലതാമസം വരുത്തുന്നതെന്ന ആക്ഷേപവും നിലനില്ക്കുന്നു.
പ്രതികളെ അറസ്റ്റുചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയോ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയോ ചെയ്യാത്തത് പാര്‍ട്ടിക്കുകൂടി പങ്കുള്ള തട്ടിപ്പായതിനാലാണെന്ന അഭിപ്രായം ശക്തമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ സിപിഎം അനുകൂല യൂണിയന്റെ ഭാരവാഹികളാണ്.
പ്രതികളുടെ സിപിഎം ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ മേയറാണെന്നും യൂണിയനെക്കുറിച്ചറിയില്ലെന്നുമാണ് മേയര്‍ പ്രതികരിച്ചത്. എന്നാല്‍ ഇവരാരും യൂണിയന് അംഗങ്ങള്‍ അല്ലെന്നുപറയാനും തയ്യാറായില്ല. നേമം സോണല്ഓഫീസ് സൂപ്രണ്ടായിരുന്ന ശാന്തിക്ക് സംസ്ഥാന ചുമതലയുമുണ്ട്. സംഘടനാതലത്തില്‍ നിന്ന് ഒഴിവാക്കി കുറച്ചുനാള്‍ കൂടി കഴിഞ്ഞാണ് അറസ്റ്റുനടക്കുന്നതെങ്കില് പുറത്താക്കിയവരാണെന്ന് പറഞ്ഞ് സിപിഎമ്മിന് മുഖം രക്ഷിക്കുകയുമാകാം. അതിനുവേണ്ടിയാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: