തൃശൂര്‍: നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സിമന്റ്, കമ്പി എന്നിവക്കുണ്ടായ വന്‍ വിലവര്‍ധനവാണ് നിര്‍മാണ മേഖലയെ തളര്‍ത്തുന്നത്. കൊവിഡ്കാല മാന്ദ്യത്തിന് ശേഷം പതുക്കെ ചലിച്ചു തുടങ്ങുന്ന സമയത്തുണ്ടായ വിലക്കയറ്റം നിര്‍മാണ മേഖലയ്ക്ക് കനത്ത ആഘാതമായി.
സിമന്റിന്റേയും കമ്പിയുടെയും വില വര്‍ധനവ് കാരണം നിര്‍മ്മാണ മേഖല ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. ഫ്ളാറ്റ്, കെട്ടിട, നിര്‍മാണ പ്രവര്‍ത്തനങ്ങളെ വിലവര്‍ധനവ് കാര്യമായി ബാധിച്ചിട്ടുണ്ട്. സിമന്റ് ഒരു ചാക്കിന് 50 രൂപ വരെയാണ് പല കമ്പനികളും വര്‍ധിപ്പിച്ചതെന്ന് വിതരണ മേഖലയിലുള്ളവര്‍ പറയുന്നു. സെപ്തംബറില്‍ ഒരു ചാക്ക് സിമന്റിന് 390 വരെയായിരുന്നു പരമാവധി വില. ഈമാസം ഒന്നിന് വില 400 രൂപയിലെത്തിയെങ്കില്‍ ഇന്നലെ 450 രൂപയായി ഉയര്‍ന്നു. കമ്പിയുടെ വില ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. കിലോയ്ക്ക് 50 രൂപയ്ക്ക് താഴെയുണ്ടായിരുന്നത് 64 രൂപയിലെത്തി. കമ്പിയ്ക്ക് കഴിഞ്ഞ ആഴ്ച കിലോ 55 രൂപയായിരുന്നു വില. ഈമാസം ഒന്നു മുതല്‍ കിലോയ്ക്ക് 64 രൂപയായി വര്‍ദ്ധിച്ചു. സമീപകാലത്തൊന്നും സിമന്റ്, കമ്പി എന്നിവയുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് ഈ മേഖലയിലുള്ള വ്യാപാരികള്‍ പറയുന്നു.
ബാങ്ക് വായ്പയെടുത്ത് വീട് നിര്‍മിക്കുന്നവരുടെ കണക്കുകൂട്ടലുകളെയെല്ലാം നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം താളം തെറ്റിച്ചിരിക്കുകയാണ്. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ 500 ചാക്ക് സിമന്റും നാലു ടണ്‍ കമ്പിയും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. ഇതനുസരിച്ച് നിലവിലെ വിലയ്ക്ക് കമ്പിയും സിമന്റും വാങ്ങാന്‍ ഭീമമായ സംഖ്യ വേണ്ടിവരും. കരിങ്കല്ല്, ചെങ്കല്ല്, ഹോളോ ബ്രിക്സ്, മെറ്റല്‍, എംസാന്റ് തുടങ്ങിയവയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ധനവ് കാരണം സര്‍ക്കാരിന്റെ ഭവനപദ്ധതിയിലുള്‍പ്പെട്ടവരുടെ വീടുകളുടെ നിര്‍മ്മാണവും ഇപ്പോള്‍ നടക്കുന്നില്ല. നിലവിലെ നിരക്കുകളില്‍ സാധനങ്ങള്‍ വാങ്ങി വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.
സിമന്റിന്റേയും കമ്പിയുടെയും വിലവര്‍ദ്ധവിന് തുടര്‍ന്ന് ഫ്ളാറ്റുകള്‍, വില്ലകള്‍ എന്നിവയുടെ കരാര്‍ ഏറ്റെടുത്തവരും വെട്ടിലായിരിക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വില വന്‍തോതില്‍ വര്‍ധിച്ചത് നിലവില്‍ വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ നിര്‍മ്മാണ പദ്ധതികളുടെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 50 ശതമാനത്തിലധികമാണ് നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചിട്ടുള്ളത്. സിമന്റിനും കമ്പിയ്ക്കും വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. പുതിയ പദ്ധതികള്‍ക്ക് വില ഉയര്‍ത്തുകയല്ലാതെ വേറെ വഴിയില്ലെന്ന നിലപാടിലാണ് കോണ്ട്രാക്ടര്മാരിപ്പോള്.
സിമന്റ്, കമ്പി വില്‍പ്പന കുറഞ്ഞെന്ന് വിതരണക്കാര്‍
നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം സാധാരണക്കാരെ മാത്രമല്ല വന്‍കിട നിര്‍മ്മാണ പദ്ധതികളെയും സാരമായി ബാധിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ സിമന്റ്, കമ്പിയടക്കമുള്ളവയുടെ കച്ചവടം മെച്ചപ്പെട്ട് വരികയായിരുന്നു. പുതിയ വീട് പണിയാനൊരുങ്ങുന്നവര്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ധനവ് തിരിച്ചടിയായി. നിര്‍മ്മാണം നടക്കാത്തതിനാല്‍ സിമന്റ്, കമ്പി എന്നിവയുടെ വില്പന കുറഞ്ഞിട്ടുണ്ട്. ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും വില്‍പ്പന കാര്യമായി നടക്കുന്നില്ല. വരുംദിവസങ്ങളില്‍ സിമന്റിനും കമ്പിയ്ക്കും വില ഇനിയും കൂടാനാണ് സാധ്യത.
-ആല്വിന് ആന്റണി (പ്രൊപ്രൈറ്റര്‍, സെന്റ് മേരീസ് ഹാര്‍ഡ്വെയേഴ്സ്, പൂങ്കുന്നം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: