തൃശൂര്‍: നവംബറില്‍ സ്കൂളുകള്‍ തുറക്കാനിരിക്കേ ജില്ലയിലെ 95 ശതമാനം വിദ്യാലയങ്ങളിലും കായിക അധ്യാപകരില്ല. കലാ-കായിക-പ്രവൃത്തി പരിചയ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കര്‍ഷിക്കുമ്പോഴും സ്കൂളുകളില്‍ കായികാധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡഡ്-അണ്‍എയ്ഡഡ് മേഖലകളിലായുള്ള 2000ഓളം സ്കൂളൂകളില്‍ യുപിയിലും ഹൈസ്കൂളിലുമായി 100ഓളം വിദ്യാലയങ്ങളിലാണ് നിലവില്‍ കായികാധ്യാപകരുള്ളത്. കായികാധ്യാപകര്‍ വിരമിച്ച സ്കൂളുകളില്‍ പകരം നിയമനം നടത്തിയിട്ടില്ല. സംസ്ഥാനത്ത് 51 ശതമാനം ഹൈസ്കൂളുകളിലും 86 ശതമാനം യുപി സ്കൂളുകളിലും കായികാധ്യാപകരില്ല. സംസ്ഥാനത്ത് ഒരിടത്തും എല്‍പി, ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്സി സ്കൂളുകളിലും കായികാധ്യാപകരില്ല.
കലാ-കായിക-പ്രവര്‍ത്തി പരിചയ അധ്യാപക തസ്തികയിലേതെങ്കിലും ഒന്നില്‍ യുപിഎസ്എ സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിന് മിനിമം 500 കുട്ടികള്‍ വേണം. ഹൈസ്കൂളില്‍ ആഴ്ചയില്‍ അഞ്ചു പിരീഡുണ്ടെങ്കില് മാത്രമേ നിയമനം ലഭിക്കു. യുപി, ഹൈസ്കൂള്‍ എന്നിങ്ങനെ നിയമനം വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഇരു വിഭാഗത്തിനും ശമ്പളം പ്രൈമറി അധ്യാപകരുടേത് മാത്രമാണ്. 1990 ജൂലൈ മൂന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കായിക വിദ്യാഭ്യാസത്തില്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഒരു ബാച്ചിന് ആഴ്ചയില്‍ രണ്ടു പിരീഡ് അനുവദിച്ചിട്ടുണ്ടെങ്കിലും കായികാധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടില്ല.
പുതിയ സാഹചര്യത്തില്‍ പ്രൈമറി സ്കൂളില്‍ പുസ്തകത്തോടു കൂടി, ഇന്റഗ്രേറ്റഡ് സബ്ജക്ടായി കായിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ വിഷയം പഠിപ്പിക്കാന്‍ കായികാധ്യാപകരെ ആവശ്യമില്ലെന്നാണ് കായികമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പോട്സ് ക്വാട്ടയിലൂടെ നിയമനം നേടിയ ഉദ്യോഗാര്‍ത്ഥികളെ ഉപയോഗിച്ച് വിദ്യാലയങ്ങളില്‍ കായിക വിദ്യാഭ്യാസം-പരിശീലനം നല്കുന്നതിനായുള്ള പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അശാസ്ത്രീയമായ ഇത്തരം നീക്കങ്ങള്‍ കുട്ടികളുടെ പഠനത്തേയും ആരോഗ്യത്തെത്തേയും പരിനീലനത്തേയും ബാധിക്കുമെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ കായികാധ്യാപക തസ്തിക നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നത് സംബന്ധിച്ച് 2014 ഡിസംബര്‍ 16ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യൂക്കേഷന്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പ്രൈമറി ക്ലാസ്സുകളിലേക്ക് ഡിപ്ലോമ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും ഹൈസ്കൂള്‍ ക്ലാസുകളിലേക്ക് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് മാസ്റ്റര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷനുമാണ് കായികാധ്യാപക തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.
കായിക വിദ്യാഭ്യാസമെന്നത് ‘ആരോഗ്യ കായിക വിദ്യാഭ്യാസ’മെന്ന് ഇപ്പോള്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. കായിക വിദ്യാഭ്യാസം അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പാഠ്യപദ്ധതിയും ആക്ടിവിറ്റി ബുക്കും തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുമുള്ള ഒരു വിഷയമാണ്. ഒമ്പത്, 10 ക്ലാസുകളില്‍ പണം നല്‍കിയാണ് കുട്ടികള്‍ ഈ പുസ്തകം വാങ്ങുന്നത്. 1951ലെ കെഇആര്‍ പ്രകാരമാണ് കായികാധ്യാപകരെ ഇപ്പോഴും നിയമിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക പ്രവൃത്തിപരിചയ അധ്യാപകരുടെ സേവനം ഉറപ്പു വരുത്തുന്നതിന് നിലവിലുള്ള˜വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. കായികാധ്യാപകരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്ന് ഈമേഖലയിലുള്ളവര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: