വടകര: കോഴിക്കോട് കുറ്റ്യാടി പുഴയില്‍ രാത്രിയില്‍ അനധികൃത മത്സ്യ ബന്ധനം തകൃതിയില്‍. തീവ്രതയേറിയ ലൈറ്റ്, കൃത്യമായ കണ്ണി അകലമില്ലാത്ത വലകള്‍ എന്നിവ ഉപയോഗിച്ചുള്ള മീന്പിടുത്തമാണ് വര്‍ദ്ധിച്ചത്.
തുറയൂര്‍, പയ്യോളി താഴെ അങ്ങാടി, തിരുവള്ളൂര്‍, മണിയൂര്‍ അട്ടക്കുണ്ട്, കരുവഞ്ചേരി മേഖലകളിലാണ് സജീവമായി അനധികൃത മത്സ്യ ബന്ധനം നടക്കുന്നത്. ഇടയ്ക്ക് പരിശോധനയുണ്ടായപ്പോള്‍ ഇത്തരം മത്സ്യബന്ധത്തിന് തട വീണിരുന്നു. എന്നാല്‍ പരിശോധന നിലച്ചതോടെ പൂര്‍വ്വാധികം ശക്തമായി.
പുഴയെ ആശ്രയിച്ചുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഇത് ബാധിച്ചു. നിയമ വിധേയമായി തൊഴിലെടുക്കുന്ന ഇവര്‍ക്ക് മീന്‍ കിട്ടതായതോടെ വരുമാനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായി. പുഴയിലെ ഒഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞ സാഹചര്യവും മുതലെടുത്താണ് തീവ്ര പ്രകാശമുള്ള ടോര്ച്ചുപയോഗിച്ചുള്ള മീന്‍പിടുത്തം. കോരുവലയും ചെറിയ നെറ്റുകളും ഉപയോഗിക്കുന്നുണ്ട്. മുട്ടയിട്ടതും പൂര്‍ണ വളര്‍ച്ചയെത്താത്തതുമായ കരിമീന്‍ ഉള്‍പ്പടെയുള്ള വിവിധ മത്സ്യങ്ങളെ പിടിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നാണ് ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ പറയുന്നത്.
ജില്ലയിലെ പലയിടങ്ങളില്‍ നിന്നും അനധികൃത സംഘങ്ങള്‍ ഇവിടെ എത്തി മീന്‍ പിടിക്കുന്നുണ്ട്. മണല്‍ കടത്ത് സംഘങ്ങളും ഇവര്‍ക്ക് സാഹായം നല്‍കുന്നുണ്ട്. പൊതു ജലാശയത്തില്‍ പിടിക്കാവുന്ന കരിമീനിന്റെ കുറഞ്ഞ വലിപ്പം 10 സെ.മി ആണെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് മീന്‍പിടുത്തം. പരമ്പരാഗത തൊഴിലാളികള്‍ ഫിഷറീഷ് വകുപ്പില്‍ പരാതി നല്‍കിയെങ്കിലും രാത്രികാല പെട്രോളിംഗ് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
പരിശോധനകള്‍ക്കായി എഞ്ചിന് ഉള്‍പ്പെടെയുള്ള ബോട്ട് ഫിഷറീഷ് വകുപ്പിന് നല്കാന് പരമ്പരാഗത തൊഴിലാളികള്‍ തയ്യാറായിട്ടും നിയമങ്ങളെ കാറ്റില്‍ പറത്തി തുടരുന്ന അനധികൃത മത്സ്യ ബന്ധനം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പ്രജനന സമയങ്ങളിലെ മത്സ്യങ്ങളുടെ സഞ്ചാര പഥത്തെ തടസപ്പെടുത്തിയും അനധികൃത ഉപകരണങ്ങളുടെ സഹായത്താലും മീന്‍ പിടിക്കുന്നതും മറ്റും കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ ലാന്‍ഡ് ഫിഷിങ് ആക്ട് 2010 പ്രകാരം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്.
അനധികൃത മത്സ്യ ബന്ധനം തടയാന്‍ ഫിഷറീസ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ അടിയന്തിരമായി ഇടപെടണെമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: