തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം വെട്ടിപ്പില്‍ സമരം ശക്തമാകുന്നു. 8 ന് നഗരസഭ ഉപരോധിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ആവശ്യങ്ങള്‍ നഗരസഭാ ഭരണസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. കൗണ്‍സിലര്‍മാരുടെ രാപകല്‍ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രക്ഷോഭം ജനങ്ങളേറ്റെടുക്കുകയാണ്.
രാവിലെ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തില്‍ പ്രകടനം നടത്തി. നഗരസഭയ്ക്കു ചുറ്റും ബിജെപി കൗണ്‍സിലര്‍മാരും പ്രകടനം നടത്തി. ഇന്നലെ പ്രത്യേക കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്.ഗോപന് ഒഴികെയുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു. എന്നാല്‍ പ്രതിഷേധ സമരത്തോടൊപ്പം തന്നെ പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്ക് എം.ആര്.ഗോപന് പൂര്‍ണപിന്തുണയും വാഗ്ദാനം ചെയ്തു. ഇതോടെ വികസനത്തെ അനുകൂലിച്ചും അഴിമതിയെ എതിര്‍ത്തുമുള്ള സമരത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
നഗരസഭയ്ക്കു മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്.ഗോപന് സംസാരിച്ചു. നികുതിദായകരുടെ പണം നഷ്ടമായിട്ടില്ലെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 2020 നവംബര്‍ 16ന് താന്‍ വീട്ടുകരമായി അടച്ച 20,820 രൂപയുടെ രസീത് ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ കോര്പ്പറേഷന് രേഖകളില്‍ പണം ഒടുക്കിയതായി കാണുന്നില്ല. മേയര്‍ പറയുന്നത് പച്ചക്കള്ളമാണ്. സാധാരണക്കാരായ നിരവധിപേരുടെ പണം ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഉദയന്‍, തിരുമല വേണു തുടങ്ങിയവര്‍ സംസാരിച്ചു.
നാളെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ബിജെപി ജനപ്രതിനിധികളും നഗരസഭയ്ക്കു മുന്നില്‍ സത്യഗ്രഹം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ഉദ്ഘാടനം ചെയ്യും. നികുതി കുടിശ്ശിക നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജനങ്ങളെ അറിയിച്ചുകൊണ്ട് എല്ലാ വാര്‍ഡുകളിലും വാഹനപ്രചാരണം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: