ന്യൂദല്‍ഹി: ഇന്ത്യയിലെ 15 മുതല്‍ 24 വയസ്സുവരെയുള്ള കൗമാരക്കാരില്‍ 14 ശതമാനം പേര് വിഷാദരോഗം അനുഭവിക്കുകയോ കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്‍പ്പര്യം കുറയുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. കുട്ടികളില്‍ ഏഴില്‍ ഒരാള്‍ മാനസിക പ്രശ്നം നേരിടുന്നതായി യുനിസെഫിന്റെ ‘ദി സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ് ചില്‍ഡ്രന്‍സ് റിപ്പോര്‍ട്ട് ‘ആണ് വ്യക്തമാക്കുന്നത്.
‘കുട്ടികള്‍ ഒരു വൈകാരിക ദുരന്തത്തില്‍ മാത്രമല്ല ജീവിക്കുന്നത്, പലരും അവഗണനയ്ക്കും ദുരുപയോഗത്തിനും ഇരയാകാന്‍ സാധ്യത കൂടുതലാണ്,’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കുട്ടികളിലെ ആത്മഹത്യാ പ്രവണതയും കൂടുന്നു.ഇന്ത്യയില്‍ പ്രതിദിനം 28 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
2012-2030 കാലയളവില്‍ ഇന്ത്യയിലെ മാനസികാരോഗ്യ സാഹചര്യങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം 1.03 ട്രില്യണ്‍ ഡോളര്‍ (80ലക്ഷം കോടി രൂപ) ആയി ലോകരോഗ്യ സംഘടന കണക്കാക്കുന്നു.
മാനസികാരോഗ്യ വൈകല്യങ്ങളുള്ള കുട്ടികള്‍ മിക്കവാറും രോഗനിര്‍ണയം നടത്താത്തവരും സഹായമോ ചികിത്സയോ തേടാന്‍ മടിക്കുന്നവരാണ്.
കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ, ഇന്ത്യയില്‍ കുറഞ്ഞത് 5 കോടി കുട്ടികള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ചിരുന്നു; 80 – 90 ശതമാനം പേരും ചികിത്സ തേടിയിട്ടില്ല. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ കോവിഡ് മഹാമാരിയുടെ ഗണ്യമായ സ്വാധീനം റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.കോവിഡ് വ്യാപന സമയത്ത്, ലോക്ക്ഡൗണ്‍ ആളുകളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് വ്യാപകമായ ആശങ്കയുണ്ടായി. സ്കൂള്‍ അടച്ചുപൂട്ടലും വൈറസിന്റെ ആഘാതകരമായ രണ്ടാമത്തെ തരംഗവും നഷ്ടവും ദു: ഖവും കുട്ടികളെ മുമ്പത്തേക്കാള്‍ കൂടുതല്‍ ഒറ്റപ്പെടുത്തി.
കുട്ടികളേയും കൗമാരക്കാരേയും ജീവിത നൈപുണ്യം പഠിപ്പിക്കുക, മാതാപിതാക്കള്‍/പരിപാലകര്‍, അധ്യാപകര്‍, സമപ്രായക്കാര്‍, അയല്‍ക്കാര്‍ എന്നിവരുമായി നല്ല ഇടപെടലുകള്‍ നടത്തുക എന്നിവ പ്രധാനമാണെന്ന് കോവിഡ് പഠിപ്പിച്ചു
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ റിപ്പോര്‍ട്ട് പുറത്തിറക്കി.
‘മാനസികാരോഗ്യം ഒരു പഴയ പ്രശ്നവും അതേസമയം നിലവില്‍ പ്രാധാന്യത്തോടെ നില്ക്കുന്ന പ്രശ്നവുമാണ്. നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ സമഗ്ര ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ക്ഷേമത്തിനുമാണ് ഊന്നല്‍ നല്കുമ്പോള് , ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.’മാനസികാരോഗ്യത്തെ കേന്ദ്രീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് മാണ്ഡവ്യ പറഞ്ഞു. അണുകുടുംബങ്ങളുടെ സംസ്കാരം കുട്ടികളില്‍ അന്യഥാത്വം വര്‍ദ്ധിക്കുന്നതിനും തത്ഫലമായി മാനസിക വിഷമത്തിന് കാരണമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുടുംബവും അധ്യാപകരും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും കുട്ടികളുമായി തുറന്ന കൂടിയാലോചന നടത്തണം.മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: