ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലുണ്ടായ ദാരുണ സംഭവങ്ങള്‍ ഇന്നാട്ടിലെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കര്‍ഷക സമരത്തിന്റെ മറവില്‍ പാക് -ചൈനീസ് സഹായം പറ്റുന്ന ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നു എന്ന തോന്നല്‍ ശരിവെക്കുന്നിടത്തേക്കാണ് കാര്യങ്ങളെത്തിയത്. എട്ട് പേരാണ് അവിടെ മരണമടഞ്ഞത്; അതില്‍ മൂന്നു പേര് ബിജെപി പ്രവര്‍ത്തകര്‍; ഒരാള്‍ അവര്‍ക്കൊപ്പമെത്തിയ ഡ്രൈവറും. മറ്റ് നാലുപേര്‍ക്ക് ജീവന് നഷ്ടമായത് സമരക്കാരെന്ന പേരിലെത്തിയവരുടെ ആക്രമണത്താലാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്; അത് അന്വേഷണ വിധേയമാക്കിയിട്ടുണ്ട് എന്നാണ് സൂചനകള്‍. യുപി നിയമ സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ഹീനമായ രാഷ്ട്രീയമാണിതെന്ന് വ്യക്തം. എന്നാല്‍ ഇതിനു മുമ്പ് പലപ്പോഴും ചെയ്തതുപോലെ, കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല ഇത്തരം രാഷ്ട്രീയത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും തീര്‍ച്ചയാണ്.
ക്യാപ്റ്റന്‍ പറഞ്ഞത് ഓര്‍ക്കുക
ഈ പ്രശ്നം പരിശോധിക്കും മുമ്പ് പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നടത്തിയ ചില തുറന്നുപറച്ചിലുകള്‍ ഓരോ ഇന്ത്യക്കാരനും സ്മരിക്കേണ്ടുന്നതാണ്. സോണിയ – രാഹുല്മാര് നിയമിച്ച പഞ്ചാബ് പിസിസി അധ്യക്ഷന്‍ രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അയാളുടെ പാക് ബന്ധങ്ങള്‍ ഒരു അതിര്‍ത്തി സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണ് എന്നുമാണ് അമരീന്ദര്‍ പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട എന്തൊക്കെയോ ചില വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും കൈമാറിയിട്ടുണ്ട് എന്നുള്ള വാര്‍ത്തകളും രാജ്യം ശ്രദ്ധിച്ചതാണ്. അതിന്റെയൊക്കെ പിന്നാലെയാണ് കര്‍ഷക സമരത്തിന്റെ മറവില്‍ നടന്ന ഈ കലാപം.
കര്‍ഷക സമരത്തിന്നാധാരമായ വിഷയങ്ങള്‍ അനവധി വട്ടം ഇവിടെ ചര്‍ച്ച ചെയ്തതാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നം ഇന്ത്യയിലെവിടെയും വില്ക്കാന് കഴിയുമാറാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. ദല്ലാളന്മാര്ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമായിരുന്നു, അതേസമയം കര്‍ഷകര്‍ക്ക് നല്ല വില കിട്ടുന്നതും. ആ നിയമഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇന്ന് സമരം ചെയ്യുന്നവരൊക്കെ കേസില്‍ കക്ഷിയായിട്ടുണ്ട്. അവരുടെ താല്പര്യപ്രകാരം നിയമം നടപ്പിലാക്കുന്നത് താത്ക്കാലികമായി കോടതി സ്റ്റേ ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പുതിയ നിയമം രാജ്യത്തില്ല. പിന്നെയെന്തിന് സമരം? ഇക്കാര്യം കോടതി പലവട്ടം ചോദിച്ചതാണ്. എന്നാല്‍ ദേശീയ പാതകള്‍ തടസ്സപ്പെടുത്തിക്കൊണ്ട്, ജനങ്ങളെ കഷ്ടപ്പെടുത്തിക്കൊണ്ട് മാസങ്ങളായി പൊടിപൊടിച്ചുള്ള സമരം നടക്കുന്നു. ജനങ്ങള്‍ കഷ്ടപ്പെടുകയും ചെയ്യുന്നു. അതിനിടയ്ക്കാണ് ഖാലിസ്ഥാനികളുടെ രംഗപ്രവേശം ഇപ്പോള്‍ യുപിയില്‍ കണ്ടത്.
ഇവിടെ ഏറ്റവും ദു:ഖകരമായി തോന്നുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തുള്ള കുടുംബം സ്വീകരിക്കുന്ന ദേശവിരുദ്ധ കാഴ്ചപ്പാടുകളും നിലപാടുകളുമാണ്. കോണ്‍ഗ്രസിലെ ചിലരുടെ ഖാലിസ്ഥാന്‍ ബന്ധമാണ് അമരീന്ദര്‍ സിങ് സൂചിപ്പിച്ചത് എന്നത് ഏറെക്കുറെ എല്ലാവര്‍ക്കുമറിവുള്ളതാണ്. അത് വേറൊരുതരത്തില്‍ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. പാക് പട്ടാളമേധാവിയുമായി വഴിവിട്ട ബന്ധമുള്ളത് ആര്‍ക്കാണ് എന്നതും ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരമൊരാളെ തലയിലേറ്റി നടക്കാനും സുപ്രധാന പദവികളിലേക്ക് നിയോഗിക്കാനും തയ്യാറായത് മനഃപൂര്‍വമാണ് എന്നതല്ലേ തിരിച്ചറിയേണ്ടത്? ഇനി ആരാണ് ഈ ഖാലിസ്ഥാനികള്‍? പഞ്ചാബിനെ വെട്ടിമുറിച്ച് സിഖ് രാഷ്ട്രമുണ്ടാക്കണം എന്ന് വിളംബരം ചെയ്തവര്‍. അവര്‍ക്ക് ധന- ആയുധ സഹായവും മറ്റെല്ലാ പിന്തുണയും നല്‍കുന്നത് പാക്കിസ്ഥാന് സൈന്യവും. ഇക്കൂട്ടരാണ് 1980 -കളില്‍ പഞ്ചാബിനെ ചോരക്കളമാക്കിയത്. അവരാണ് ഇന്ദിരാഗാന്ധിയെ വധിച്ചത്. എത്രയോ പേര് അവരുടെ തോക്കിനാല്‍ കൊല്ലപ്പെട്ടു. ഇതൊക്കെ ചരിത്രമാണ്. എന്നിട്ടിപ്പോള്‍ ഇന്ദിരയുടെ കൊച്ചുമക്കള്‍ അതേ ഖാലിസ്ഥാനികളെ സഹായിക്കുന്നു, അവരുടെ സഹായം പറ്റുന്നു. അവര്‍ക്ക് ലജ്ജ തോന്നുന്നില്ലെങ്കില്‍ പോട്ടെ, രാജ്യത്തിന് ഇതൊക്കെ കാണാതെ പോകാനാവുമോ.
ലഖിംപൂരിന്റെ പ്രാധാന്യം
ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത് പഞ്ചാബും യുപിയുമാണ്. രണ്ടിടത്തും നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ നടക്കാനിരിക്കുന്നു. കലാപമുണ്ടാക്കി അതില്‍നിന്ന് ലാഭമുണ്ടാക്കലാണ് ലക്ഷ്യമെന്നര്‍ത്ഥം. ഹരിയാനയിലും ദല്‍ഹി അതിര്‍ത്തിയിലുമൊക്കെ സംഘര്‍ഷമുണ്ടാക്കാന്‍ പരമാവധി ശ്രമിച്ചതോര്‍ക്കുക; റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ഇവര്‍ കാട്ടിക്കൂട്ടിയതും മറക്കാവതല്ല. രാജ്യത്തെ കോടതികള്‍ ആ പ്രവര്‍ത്തികളെ രൂക്ഷമായി വിമര്‍ശിച്ചതുമാണ്. ഇപ്പോഴിതാ അവര്‍ യുപിയിലെ ലഖിംപുര്‍ ഖേരിയിലേക്ക്. എന്താണ് ആ പ്രദേശത്തിന്റെ പ്രാധാന്യം എന്നറിയുമ്പോഴേ ഈ കലാപത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവൂ.
യുപിയിലെ ഏറ്റവും വലിയ ജില്ലയാണിത്; രണ്ടു ലോക്സഭാ മണ്ഡലങ്ങള്‍. എട്ട് നിയമസഭാ മണ്ഡലങ്ങളും. അതാവട്ടെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നും. ഖേരി , ധൗരാഹ്റ എന്നീ രണ്ടു ലോക്സഭാ മണ്ഡലങ്ങളും ഇപ്പോള്‍ ബിജെപിയുടെ കൈവശമാണ്. വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് കുമാര്‍ മിശ്രയാണ് ഖേരിയിലെ എംപി; ധൗരാഹ്റയിലേത് ബാലപ്രസാദ് അവസ്തിയും. ഇത് രണ്ടും 2014 -ല്‍ പിടിച്ചെടുത്തതാണ്. ലഖിംപുര്‍ , ധൗരാഹ്റ, ഗോല ഗോരഖ്നാഥ്, കാസ്ത, നിഘാസന്‍, മൊഹമ്മദി, പാലിയകാലന്, ശ്രീനഗര്‍ എന്നീ എട്ട് നിയമസഭാ മണ്ഡലങ്ങളും ഇപ്പോള്‍ ബിജെപിയ്ക്കൊപ്പമാണ്. യഥാര്‍ത്ഥത്തില്‍ ഒരു ബിജെപി കോട്ട തന്നെ. ഇതില്‍ ധൗരാഹ്റ ലോകസഭാ മണ്ഡലത്തിലാണ് കഴിഞ്ഞതവണ ജിതിന് പ്രസാദ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്. അദ്ദേഹം അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു. അതോടെ കോണ്‍ഗ്രസ് അവിടെ ഇല്ലാതായി എന്നതാണ് വസ്തുത.
സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുക്കേണ്ട പാര്‍ട്ടി പരിപാടി അലങ്കോലമാക്കാനാണ് കലാപകാരികള്‍ ശ്രമിച്ചത്. വളരെ ആസൂത്രിതമായിരുന്നു അതെന്നര്‍ത്ഥം. അദ്ദേഹമിറങ്ങേണ്ട ഹെലിപാഡ് ആക്രമിച്ചു. അവിടേക്കെത്തിയ ബിജെപിക്കാരെ കൈയ്യേറ്റം ചെയ്തു. അവരുടെ വാഹനങ്ങള്‍ ആക്രമിച്ചു. അതിനവര്‍ നെയ്തെടുത്തത് ഒരു കള്ളക്കഥയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രനാണ് വാഹനം സമരക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയത് എന്നും നാലുപേരെ കൊലചെയ്തതെന്നുമാണ് പരത്തിയത്. എന്നാല്‍ അതല്ല ഉണ്ടായതെന്നത് ഇപ്പോള്‍ വ്യക്തമാണ്. മന്ത്രി പുത്രന് അപ്പോഴൊക്കെ പാര്‍ട്ടി പരിപാടിയിലുണ്ടായിരുന്നു. പിന്നെ പാര്‍ട്ടി കൊടികെട്ടിയ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയിരിക്കാം. എന്നാല്‍ സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരെ കര്‍ഷക സമരക്കാര്‍ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പു
റത്തുവന്നിട്ടുണ്ട്. സമരക്കാര്‍ എന്ന് പറയുന്ന നാലുപേര്‍ കൊല്ലപ്പെട്ടതും ഇത്തരത്തിലുള്ള അക്രമണത്തിലൂടെയാണ് എന്ന സംശയവും പോലീസ് പ്രകടിപ്പിച്ചിട്ടുണ്ട്. അതൊക്കെ അന്വേഷണവിധേയമായി പുറത്തുവരേണ്ടതാണ്. എന്നാല്‍ ഒന്ന് തീര്‍ച്ച, മരിച്ചവരില്‍ മൂന്നുപേര്‍ ബിജെപിക്കാരാണ്; ഒരാള്‍ ബിജെപിക്കാരുടെ വാഹനത്തിന്റെ ഡ്രൈവറും.
ലഖിംപുരില്‍ ‘സമാധാനപരമായി’ സമരത്തിനെത്തിയവരുടെ കയ്യില്‍ എന്തിനായിരുന്നു തോക്ക്; എന്തിനാണവര്‍ ഖാലിസ്ഥാന്‍ ചിഹ്നവും ഭിന്ദ്രന്‍വാലയുടെ ചിത്രവുമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നത്? അവര്‍ക്ക് എന്താണ് ഖാലിസ്ഥാന്‍ ബന്ധം? നേരത്തെ സൂചിപ്പിച്ചത് പോലെ, ഖാലിസ്ഥാന്‍ പ്രസ്ഥാനം ഇവിടെ നിരോധിക്കപ്പെട്ടതാണ്. എന്തിനാണ് നിരോധിത സംഘടനയുമായി പ്രതിപക്ഷ കക്ഷി നേതാക്കള്‍ കൈകോര്‍ക്കുന്നത്? ഇതാദ്യമായല്ല ഇത്തരം നികൃഷ്ട രാഷ്ട്രീയവുമായി പ്രതിപക്ഷമിറങ്ങുന്നത്. ഹത്രസില്‍ നാം അത് കണ്ടതാണ്. യുപിയില്‍ വേറെയുമുണ്ട് കുറേ സംഭവങ്ങള്‍, സിഎഎ വിരുദ്ധ സമരകാലത്തൊക്കെ കണ്ടതാണത്. മധ്യപ്രദേശിലും കര്‍ണാടകയിലെ മംഗലാപുരത്തും ബെംഗളൂരിലും നടന്നതോര്‍ക്കുക. ഇതിന്റെയൊക്കെയൊപ്പം ജിഹാദി -മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുണ്ടായിരുന്നു. യുപിയിലേക്ക് കലാപവുമായി കടക്കാന്‍ അവര്‍ക്കിപ്പോള്‍ ധൈര്യമില്ല; ദല്‍ഹിയില്‍ നിന്ന് പോയ ചിലര്‍ക്ക് ഇപ്പോഴും ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പ്രതിപക്ഷം എത്തിച്ചത് ഖാലിസ്ഥാനികളെയാണ്. അതും വിജയിച്ചില്ല എന്നതാണ് പ്രാഥമിക സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്. ഒരു പക്ഷെ കുറച്ചുദിവസം കലാപമുണ്ടാക്കിയേക്കാം.
കോണ്‍ഗ്രസില്‍ നിന്ന് ആത്മാഭിമാനമുള്ളവര്‍ രാജിവെച്ചു പോകുകയാണ്. എത്രയോ പേര് പുറത്തുവന്നു. ഗോവയിലും മേഘാലയയിലും പോലും വമ്പന്മാര് പാര്ട്ടിവിട്ടല്ലോ. പഞ്ചാബില്‍ കലാപമാണ് പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്നത്. കേരളത്തിലെ കാര്യവും ഭിന്നമല്ല. രാജസ്ഥാനിലും ഛത്തീസ്ഗഡിലും സ്ഥിതി ഏറെ വിഷമകരം. അപ്പോഴും കോണ്‍ഗ്രസിന് ഭീകരവാദവും മയക്കുമരുന്നും ദേശവിരുദ്ധതയും രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാവുന്നു എന്നതാണ് രാജ്യം കാണേണ്ടത്. എന്നാല്‍ അതിനെ നേരിടാനുള്ള കരുത്ത് യുപി- കേന്ദ്ര സര്‍ക്കാരുകള്‍ക്കുണ്ട് . അത് വരും ദിവസങ്ങളില്‍ നമുക്ക് കാണാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: