ചങ്ങനാശ്ശേരി: മാപ്പിളക്കലാപത്തെ വെള്ളപൂശാനൂള്ള നീക്കങ്ങളെ തുറന്നു കാട്ടി ചരിത്രകാരസംഗമം. ചരിത്ര സത്യങ്ങളെ തൊട്ടറിയാന്‍ ചരിത്രകാരന്മാരും ചരിത്രാന്വേഷികളും ഒത്തുചേര്‍ന്നു. ചങ്ങനാശ്ശേരി താലൂക്ക് മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തില്‍ പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ യഥാര്‍ഥ ചരിത്രമെന്തെന്ന് ചര്‍ച്ച ചെയ്തു.
മാപ്പിളക്കലാപം കാര്‍ഷിക സമരമാണെന്ന ഒരു വിഭാഗം ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും അസത്യമാണെന്നും തെളിവുകള്‍ സഹിതം സംഗമത്തില്‍ ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടി. ഹിന്ദുവംശഹത്യയാണെന്നും ഹൈന്ദവ ഉന്മൂലനത്തിലൂടെ അല്‍ദൗറ രാഷ്ട്രം സ്ഥാപിക്കലായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്നും ചരിത്ര രേഖകളെ അടിസ്ഥാനമാക്കി ചരിത്ര സംഗമം ചൂണ്ടിക്കാട്ടി.
ചരിത്രകാരനും കേരള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മാപ്പിളക്കലാപം കര്‍ഷക കലാപമോ? എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ചെയര്മാന് പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി.
മാപ്പിളക്കലാപം സ്വാതന്ത്ര്യ സമരമോ? എന്ന വിഷയത്തില്‍ ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക് പ്രഭാഷണം നടത്തി. മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ജില്ലാ അധ്യക്ഷന്‍ എം.എസ്. കരുണാകരന് അധ്യക്ഷനായി.
മാപ്പിളക്കലാപം ഹിന്ദുവംശ ഹത്യയോ? എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് പ്രഭാഷണം നടത്തി. മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി വൈസ് ചെയര്മാന് പി.എന്‍. ബാലകൃഷ്ണന് അധ്യക്ഷനായി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
കത്തിന്റെ ആധികാരികത കണ്ടെത്തണം: സി.ഐ. ഐസക്
ചങ്ങനാശ്ശേരി: മാപ്പിളക്കലാപത്തെ വിമര്‍ശിച്ച് എഡിറ്റോറിയല്‍ എഴുതിയ ഹിന്ദു ദിനപത്രത്തിന്റെ ഓഫീസിലെത്തിയ വാരിയംകുന്നന്റെ പേരില്‍ ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയ കത്തിന്റെ ആധികാരികത കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക്. വാരിയംകുന്നന് ഇംഗ്ലീഷ് ഭാഷയില്‍ കത്തെഴുതിയതെന്ന് പറയുന്നത് അവിശ്വസനീയമാണ്. കലാപത്തെ തുടര്‍ന്ന് എല്ലാ വാര്‍ത്താവിനിമയോപാധികളും പ്രവര്‍ത്തന രഹിതമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ മലപ്പുറത്തുനിന്ന് കത്ത് മൂന്ന് ദിവസംകൊണ്ട് ഹിന്ദു ദിനപത്രത്തിന്റെ ആസ്ഥാനത്തെത്തിയെന്നുള്ളത് സംശയം ജനിപ്പിക്കുന്നതാണ്.
വാരിയംകുന്നന് കലാപത്തെ വിശുദ്ധ യുദ്ധമാക്കാനായിരുന്നു ശ്രമിച്ചത്. കലാപം മതയുദ്ധം മാത്രമായിരുന്നു. ഹിന്ദുക്കളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം. ലഹളയില്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനുള്ള കാര്യം. കര്‍ഷക സമരമായിരുന്നെങ്കില്‍ എന്തുകൊണ്ട് കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടില്ല. വാരിയംകുന്നനെ വെള്ളപൂശാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം, സി.ഐ. ഐസക് പറഞ്ഞു.
കര്‍ഷക കലാപമല്ല: ടി.പി. ശങ്കരന്‍കുട്ടി നായര്‍
ചങ്ങനാശ്ശേരി: മാപ്പിളക്കലാപം കര്‍ഷക കലാപമായിരുന്നില്ലെന്ന് കേരള സര്‍വ്വകലാശാല ചരിത്രവിഭാഗം മേധാവിയായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍.
ഇഎംഎസിന്റെയും, കെ.എന്‍. പണിക്കരുടെയും അഭിപ്രായം ഭൂസ്വത്തിന്റെ പേരിലാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ്. എന്നാല്‍ വാസ്തവം അതല്ല. മുസ്ലിം മതത്തിലേക്ക് മാറാന്‍ തയ്യാറാകാത്ത ഹിന്ദുക്കളെ കൊന്നൊടുക്കുകയാണ് ചെയ്തത്. 1920ല്‍ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും മലബാറില്‍ യോജിച്ചു. മലബാര്‍ ഡിസ്ട്രിക്ട് കോണ്‍ഗ്രസ് മീറ്റിങ് മഞ്ചേരിയില്‍ നടന്നു.
മഹാത്മാ ഗാന്ധിയും ഷൗക്കത്തലിയും കോഴിക്കോട്ട് ഒരു ലക്ഷം പേര് പങ്കെടുത്ത ഒരു വലിയ മീറ്റിങ്ങില്‍ പങ്കെടുത്തു. 1921ല്‍ ഖിലാഫത് പ്രസ്ഥാന നായകനായ യാക്കൂബ് ഹസന് കോഴിക്കോട്ടേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചു. യാക്കൂബ് ഹസന്, കെ. മാധവന് നായര്‍, യു. ഗോപാല മേനോന്, പൊന്മാടത്ത് മൊയ്തീന് കോയ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഇവര്‍ക്ക് മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയും കോടതി നിഷേധിച്ചു.
1921ല്‍ നാഗ്പൂരില്‍ നടന്ന എഐസിസിയുടെ തീരുമാനത്തെ തുടര്‍ന്ന് ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ തിരിക്കണമെന്ന ആശയവും മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് മീറ്റിങ് നടക്കാതിരിക്കാന്‍ മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചു. 1921ല്‍ ഉണ്ടായകലാപം കര്‍ഷക പ്രശ്നമോ, സ്വാതന്ത്ര്യ സമരമോ ആയിരുന്നില്ലെന്നും ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു.
ഇടതുചരിത്രകാരന്മാര് പ്രതിരോധത്തില്‍: പ്രൊഫ. പി.ജി. ഹരിദാസ്
ചങ്ങനാശ്ശേരി: മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇടത് ചരിത്രകാരന്മാര് പ്രതിരോധത്തില്‍ ആയിരിക്കുകയാണെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്. യഥാര്‍ഥ വസ്തുതകളെ ഇനി വളച്ചൊടിക്കാന്‍ കഴിയില്ല. അവരുടെ ഉള്ളിലിരിപ്പുകള്‍ സമൂഹം തിരിച്ചറിയുന്നത് ആശാവഹമാണ്. ചരിത്രത്തെ വളച്ചൊടിച്ച് ഇടത് ചരിത്രകാരന്മാരുടെ പുതിയ പുസ്തകങ്ങള്‍ ഇറങ്ങാത്തത് അവര്‍ പ്രതിരോധത്തില്‍ ആണെന്നതിന്റെ സൂചനയാണെന്നും പി.ജി. ഹരിദാസ് പറഞ്ഞു.
മാപ്പിളക്കലാപം ഹിന്ദു ജനഹത്യയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇടത് ചരിത്രകാരന്മാര് ഇതിനെ പ്രത്യേക ആശയത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുക്കാനാണ് ശ്രമിച്ചത്. ഡോ.കെ.എം. പണിക്കര്‍ ജന്മിക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പട പൊരുതിയ മാപ്പിള കുടിയന്മാരുടെ വര്‍ണ്ണോജ്ജലമായ ‘കഥ’ യാണ് വിവരിക്കുന്നത്. എം. ഗംഗാധരന് മലബാര്‍ റിബല്ല്യണ്‍ എന്ന പുസ്തകത്തില്‍ കുറച്ച് സത്യങ്ങള്‍ തുറന്ന് പറയുന്നുണ്ട്. ഷഹീദ് ആകാന്‍ തയ്യാറെടുക്കുന്ന മാപ്പിള കുടിയാന്‍മാരെക്കുറിച്ച് അദ്ദേഹം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ പോലും ഗംഗാധരനും ഇതിനെ കാര്ഷികലാപമായിട്ടാണ് പറയുന്നത്. ഹിന്ദുവംശഹത്യയാണെന്ന് പ്രചരിപ്പിക്കുന്നതില്‍ അക്കാദമിക് സമൂഹം വലിയ പ്രതിബന്ധമാണ് ഉണ്ടാക്കിയത്. ഇത് ഹിന്ദുവംശഹത്യയാണെന്ന് തെളിയിക്കാന്‍ ഒറ്റപുസ്തകം പോലും സര്‍വ്വകലാശാലകളില്‍ ഇല്ലായിരുന്നു. ഹിന്ദുവംശഹത്യ ചര്‍ച്ചയാകാതിരിക്കാന്‍ അക്കാദമിക് സമൂഹം ഗൂഢ ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്, അദ്ദേഹം പറഞ്ഞു.
സൃഷ്ടിച്ചത് കൃത്രിമ ചരിത്രം: ജി.കെ. സുരേഷ് ബാബു
ചങ്ങനാശ്ശേരി: മാപ്പിളക്കലാപ സമയത്തെ ദൃക്സാക്ഷികളെ മാറ്റിനിര്‍ത്തി വോട്ട് ബാങ്കിന് വേണ്ടി കൃത്രിമ ചരിത്രമാണ് സൃഷ്ടിച്ചതെന്ന് ജനംടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പറഞ്ഞു. 1921ലെ മാപ്പിളക്കലാപം അനേകം മാപ്പിളക്കലാപങ്ങളില്‍ ഒന്ന് മാത്രമാണ്. സ്വാതന്ത്ര്യത്തിന് ശേഷവും കലാപങ്ങള്‍ ഉണ്ടായി. അടുത്തിടെ ഉണ്ടായ വാട്സ്ആപ്പ് ഹര്‍ത്താല്‍ വരെ. ഇതിന്റെ എല്ലാം രീതിശാസ്തം ഒന്ന് തന്നെയാണന്നും അദ്ദേഹം പറഞ്ഞു. ചരിത്ര സംഗമത്തിന്റെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1921ലെ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 320 ക്ഷേത്രങ്ങളാണ്. 40,000 മുതല്‍ 60,000 ആളുകള്‍ പലായനം ചെയ്തു. കലാപത്തെ പശ്ചാത്തലമാക്കി മഹാകവി ദുരവസ്ഥ എഴുതിയപ്പോള്‍ അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പാണ് നേരിട്ടത്. അതേ നാണയത്തില്‍ത്തന്നെയായിരുന്നു ആശാന്റെ മറുപടിയും. അധികം താമസിയാതെ റെഡീമര്‍ എന്ന പേരിലുള്ള ബോട്ട് അപകടത്തില്‍പ്പെട്ട് ആശാന് മരിക്കുകയും ചെയ്തു. ഈ അപകടം പോലും സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: