നാഗര്‍കോവില്‍: അക്ഷരപൂജയ്ക്കായ് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ എഴുന്നള്ളത്തിന് തക്കല പത്മനാഭപുരം കൊട്ടാരത്തില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ രാവിലെ 7.45ന് കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ പ്രധാന ചടങ്ങായ ഉടവാള് കൈമാറ്റം നടന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, തമിഴ്നാട് വിവര സാങ്കേതിക വകുപ്പ് മന്ത്രി മനോ തങ്കരാജ് എന്നിവരുടെ സാന്നിധ്യത്തില്‍, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ മാളികയില്‍ പ്രത്യേക പീഠത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള് കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ ജ്ഞാനശേഖര്‍ക്ക് കൈമാറിയതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഉടവാള് രാജാവിന്റെ പ്രതിനിധിയായി ഘോഷയാത്രയെ അനുഗമിക്കുന്ന കുമാരകോവില്‍ ദേവസ്വം മാനേജര്‍ വി. സുദര്‍ശനകുമാറിന് കൈമാറി.
പ്രധാന ചടങ്ങിന് ശേഷം കൊട്ടാരത്തിലെ തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തില്‍ നിന്നും ദേവിയെ പുറത്തേക്ക് പല്ലക്കില്‍ എഴുന്നെള്ളിച്ചു. ഒപ്പം ആചാര വിധി പ്രകാരം യാത്രക്കുള്ള പിടിപ്പണം നല്കല് ചടങ്ങ് നടന്നു. തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഇതോടെ നീലകണ്ഠ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന മുന്നൂറ്റി നങ്കയും കുമാരകോവിലില്നിന്നും വേളിമല മുരുകനും പ്രത്യേകം തയ്യാറാക്കിയ ചെറിയ പല്ലക്കില്‍ കൊട്ടാരമുറ്റത്ത് എത്തിയതോടെ മൂവര്‍ക്കും തമിഴ്നാട് പോലീസിന്റെ ഗാര്‍ഡ് ഓഫ് നല്കി യാത്ര അയപ്പ് നല്കി. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ആനപ്പുറത്ത് എഴുന്നള്ളത്തും വെള്ളിക്കുതിരയും ഇത്തവണയും ഒഴിവാക്കി.
എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, എം. വിന്‍സന്റ്, ആന്‍സലന്‍, കേരളാ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്, തിരുവനന്തപുരം സബ് കളക്ടര്‍ മാധവികുട്ടി, കന്യാകുമാരി എസ്പി ഭദ്രി നാരായണന്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍ ഡാര്വിന്, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്മാന് പി.കെ. രാജ്മോഹന്‍, ബിജെപി നേതാക്കളായ കരമന ജയന്, അഡ്വ. എസ്. സുരേഷ്, വി.വി.രാജേഷ്, പത്മകുമാര്‍, വെങ്ങാനൂര്‍ സതീഷ്, കന്യാകുമാരി ബിജെപി ജില്ലാ പ്രസിഡന്റ് ധര്‍മ്മരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയപാതയില്‍ പ്രധാന ഇടങ്ങളില്‍ ഭക്തര്‍ നല്കിയ വിളക്കു സ്വീകരണ വരവേല്‍പ്പുകള്‍ക്ക് ശേഷം കുഴിത്തുറ ക്ഷേത്രത്തില്‍ എത്തി ഇറക്കി പൂജ നടത്തി. ഇന്ന് രാവിലെ കുഴിത്തുറയില്‍ നിന്നും തിരിക്കുന്ന വിഗ്രഹങ്ങളെ കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കേരള സര്‍ക്കാരും ക്ഷേത്ര ഹിന്ദുസംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് പാറശ്ശാല, അമരവിള എന്നിവിടങ്ങളില്‍ ഭക്തര്‍ നല്കുന്ന വരവേല്പുകള് സ്വീകരിച്ച് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തി പൂജയ്ക്ക് ശേഷം വിശ്രമം.
5 ന് പുലര്‍ച്ചെ പതിവ് ചടങ്ങുകള്‍ക്ക് ശേഷം തലസ്ഥാനത്തേക്ക് യാത്ര. വൈകുന്നേരത്തോടെ കരമനയില്‍ എത്തിച്ചേരുന്ന ദേവഗണങ്ങള്‍ക്ക് പ്രത്യേക സ്വീകരണം നല്‍കും തുടര്‍ന്ന് സരസ്വതി ദേവിയെ കിഴക്കേകോട്ട നവരാത്രി മണ്ഡപത്തിലും കുമാരകോവില്‍ മുരുകനെ ആര്യശാല ദേവി ക്ഷേത്രത്തിലും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും എത്തിച്ച് ചടങ്ങുകള്‍ നടത്തും. 6 ന് പൂജവയ്പ് ആഘോഷങ്ങള്‍ തുടക്കമാകും. 15 ന് വിദ്യാരംഭം നടക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനുശേഷം വിഗ്രഹങ്ങള്‍ 17 ന് തിരികെ പത്മനാഭപുരത്തേക്ക് എത്തിച്ചേരും.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങളില്‍ പങ്കു കൊള്ളാന്‍ പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നും സരസ്വതി ദേവിയുടെയും പരിവാരങ്ങളുടെയും സ്ഥിരം എഴുന്നള്ളത്തിന് തുടക്കം കുറിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്വാതിതിരുനാളിന്റെ രാജഭരണകാലത്തായിരുന്നു. മഹാകവി കമ്പര്‍ പൂജിച്ചിരുന്ന സരസ്വതിദേവിയുടെ വിഗ്രഹം കുലശേഖര പെരുമാളിന് സമര്‍പ്പിച്ചുവെന്നും അദ്ദേഹം പത്മനാഭപുരം കൊട്ടാരത്തില്‍ വിഗ്രഹം പരിപാലിച്ചിരുന്നുവെന്നും ഐതിഹ്യമുണ്ട്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൊട്ടാരം പുതുക്കിപണിതപ്പോള്‍ തേവാരക്കെട്ടില്‍ വിഗ്രഹം സ്ഥാപിച്ചതായി പറയപ്പെടുന്നു. പിന്നീട് സ്വാതി തിരുനാളിന്റെ കാലത്ത് തേവാരക്കെട്ടില്‍ നിന്നും സരസ്വതി ദേവിയേയും വേളിമലയില്‍ നിന്നും കുമാരസ്വാമിയേയും ശുചീന്ദ്രത്തുനിന്നും മുന്നൂറ്റിനങ്കയേയും തിരുവനന്തപുരത്തെ നവരാത്രി ആഘോഷ പൂജകളുടെ ഭാഗമായി എഴുന്നള്ളിക്കുന്ന പതിവുരീതിക്ക് തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: