പട്ന് : പാര്‍ലെ ജി ബിസ്ക്റ്റ് കഴിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ദുരന്താനുഭവങ്ങള്‍ നേരിടേണ്ടിവരുമെന്ന് സമൂഹ മാധ്യമങ്ങളില്‍ കിംവദന്തി. ബീഹാര്‍ സിതാമര്‍ഹി ജില്ലയിലാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം. ഇതോടെ ഗ്രാമത്തില്‍ കടകളില്‍ പാര്‍ലെ ജി ബിസ്കറ്റിനായി വന്‍ തിരക്കാണ്. പല സ്ഥലങ്ങളിലും കിട്ടാനില്ലെന്ന അവസ്ഥയാണ്.
ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അമ്മമാര്‍ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്. ഈ ആഘോഷവുമായി ബന്ധപ്പെട്ടാണ് പ്രചാരണം പുറത്തുവന്നത്.
ജിതിയ വ്രതത്തില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നും പ്രചാരണം പുറത്തുവന്നിരുന്നു. ബൈര്‍ഗാനിയ, ധേങ്, നാന്‍പൂര്‍, ദുംറ, ബാജ്പട്ടി, ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും ഈ പ്രചാരണം പടര്‍ന്നു.
ഇതേതുടര്‍ന്ന് കടകളിലും മറ്റും ബിസ്കറ്റ് വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല കടകളുടെ മുന്നിലും നീണ്ട ക്യൂ ആയിരുന്നു. ഒരു ബിസ്കറ്റ് പായ്ക്കറ്റ് എങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു ആളുകള്‍ക്ക്. ഇതോടെ ഭൂരിഭാഗം കടകളിലെയും പാര്‍ലെ ജി ബിസ്കറ്റുകള്‍ നിമിഷനേരം കൊണ്ട് വിറ്റഴിയുകയും ചെയ്തു.
ഇതോടെ ബിസ്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാനും തുടങ്ങി. ചില കടയുടമകള്‍ 5 രൂപ വിലയുള്ള ബിസ്കറ്റിന് 50 രൂപയ്ക്ക് വിറ്റതായും പറയപ്പെടുന്നു. ജില്ലയില്‍ എങ്ങനെയാണ് ഈ പ്രചാരണം പ്രചരിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: