തിരുവനന്തപുരം: തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പുതിയ എസ് പിയായി എപി ഷൗക്കത്ത് അലിയെ നിയമിച്ചു. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയാണ് പുതിയ നിയമനം. പകരം, ചൈത്രയ്ക്ക് റെയില്‍വേ എസ്പിയായി നിയമനം നല്കി.
പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്ക്ക് നിയമനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി, പൊലിസ് ട്രെയിനിംഗ് എഡിജിപി ആയി നിയമിച്ചു. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്കോയുടെ പുതിയ എംഡി. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞെത്തിയ രാഹുല്‍ ആര് നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ വി സന്തോഷ് കുമാര്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. എന്‍ഐഎയില്‍ അടക്കം പരിശീലനം ലഭിച്ചയാളാണ് ഷൗക്കത്ത് അലി.
ടിപി വധക്കേസ് ഉള്‍പ്പടെ നിരവധി പ്രമുഖ കേസുകള്‍ അന്വേഷിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഷൗക്കത്തലി. ടിപി വധക്കേസിലെ അന്വേഷണത്തിന് ശേഷം സിപിഎമ്മിന്റെ കണ്ണിലെ കരടാണ് ഷൗക്കത്ത് അലി. സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി കെ കുഞ്ഞനന്തനെയും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. അന്ന് ഷൗക്കത്തലി തലശേരി ഡി വൈ എസ് പി ആയിരുന്നു. പിന്നീട് ഡെപ്യൂട്ടേഷന് നേടിയാണ് ഇദ്ദേഹം എന്‍ ഐ എയില്‍ എത്തുന്നത്. സുപ്രധാനമായ പല കേസുകളിലും ഷൗക്കത്തലിയുടെ സാനിധ്യം ഉണ്ടായിട്ടുണ്ട്. പാരീസ് ഭീകരാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ അയച്ച അന്വേഷണ സംഘത്തെ നയിച്ചതും ഷൗക്കത്തലിയായിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന് സ്പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ വസതി റെയ്ഡ് നടത്തിയതും ബെംഗളൂരില്‍ അറസ്ററിലായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നതും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: