കവരത്തി: ചരിത്രത്തില്‍ ആദ്യമായി ലക്ഷദ്വീപില്‍ ഗാന്ധിപ്രതിമ ഉയര്‍ന്നു. വിധ്വംസക ശക്തികളുടെ എതിര്‍പ്പുകള്‍ തള്ളി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, എംപി മുഹമ്മദ് ഫൈസല്‍, കലക്ടര്‍ അസ്കര്‍ അലി, ലക്ഷദ്വീപിലെ നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലക്ഷദ്വീപിന്റെ നാടന്‍ കലാകാരന്മാര് പരിചക്കളിയുമായാണ് കേന്ദ്രമന്ത്രിയെ സ്വീകരിച്ചത്. കേന്ദ്രമന്ത്രി വരുന്ന റോഡിന്റെ ഇരുവശങ്ങളിലും അണി നിരന്ന് വിദ്യാത്ഥികളും നാട്ടുകാരും ദേശീയ പതാകയേന്തി അഭിവാദ്യം ചെയ്തു. കവരത്തി ദ്വീപിന്റെ കവാഡ പ്രദേശമായ ജെട്ടി ഭാഗത്താണ് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ആറ് അടി ഉയരത്തില്‍ നില്ക്കുന്ന ഗാന്ധിജിയുടെ വെങ്കല പ്രതിമയാണ് കവരത്തിയില്‍ സ്ഥാപിച്ചത്. ഗാന്ധി സ്ക്വയര്‍ എന്ന പേരിലായിരിക്കും കവരത്തി ദ്വീപിലെ ജെട്ടി പ്രദേശം ഇനി മുതല്‍ അറിയപ്പെടുക. തുടര്‍ന്ന് നടന്ന പൊതു പരിപാടിയില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലും ദ്വീപ് നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാന്‍ ദ്വീപിലെ വിധ്വംസക പ്രവര്‍ത്തകര്‍ നേരത്തെ അനുവദിച്ചിരുന്നില്ല. ഒരു വ്യക്തിയുടെ ഓര്‍മ്മക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ചു അതില്‍ പുഷ്പാര്‍ച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്കാരിക സെന്‍സിറ്റിവിറ്റി പ്രകാരം ശിര്കും ശരിയത്ത് നിയമം അനുവദിക്കാത്തതുമാണെന്നാണ് ഇവര്‍ ഉയര്‍ത്തിയ വാദം. 2010 ല്‍ ടൈംസ് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് വാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍, അന്ന് പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്ത മതപരമായ എതിര്‍പ്പാണ് സമ്മതിക്കാന്‍ അന്നത്തെ ലക്ഷദ്വീപ് ഭരണകൂടം സമ്മതിച്ചിരുന്നില്ല.
എന്നാല്‍, പിന്നീട് ആ വാര്‍ത്തകള്‍ ലക്ഷദ്വീപില്‍ നിന്ന് തന്നെ ചോര്‍ന്നു. 2010ലാണ് കേന്ദ്രം ഭരിച്ചിരുന്ന രണ്ടാം യു.പി.എ സര്‍ക്കാര്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചിലവില്‍ മഹാത്മാവിന്റെ ഒരു അര്‍ധദ്ധകായ പ്രതിമ നിര്‍മ്മിച്ചു 2010 സെപ്റ്റംബര്‍ 28ന് എം.വി. അമിനിഡിവി എന്ന കപ്പലില്‍ കയറ്റി കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്ക് അയച്ചു. നാല് ദിവസം കഴിഞ്ഞു ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്ക് പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു പരിപാടി.
പക്ഷെ പ്രതിമ ദ്വീപില്‍ ഇറക്കാന്‍ ഒരു സംഘം സമ്മതിച്ചില്ല. കാരണം, ഒരു വ്യക്തിയുടെ ഓര്‍മ്മക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ചു അതില്‍ പുഷ്പാര്‍ച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്കാരിക സെന്‍സിറ്റിവിറ്റി പ്രകാരം ശിര്‍ക് ആണ്. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 29ന് തന്നെ പ്രതിമ കവരത്തിയില്‍ നിന്ന് അതേ കപ്പലില്‍ തന്നെ തിരിച്ചു കൊച്ചിക്ക് അയച്ചു.
കൊച്ചിയില്‍ അത് വന്നപ്പോള്‍ വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെ സംഘടനകള്‍ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കില്‍ അവിടെ രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ പ്രതിമ വീണ്ടും അതേ കപ്പലില്‍ വീണ്ടും കവരത്തിയ്ക്ക് തിരിച്ചയച്ചു. ഒക്ടോബര്‍ ഒന്നിന് കവരത്തിയില്‍ എത്തിയ കപ്പലില്‍ നിന്ന് ആരും കാണാതെ പ്രതിമ നേരെ എടുത്തു കൊണ്ട് പോയി ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വീട്ടില്‍ ഭദ്രമായി ഒളിപ്പിച്ചു. അടുത്ത ദിവസത്തെ ഗാന്ധി ജയന്തി കഴിഞ്ഞു. അത് കഴിഞ്ഞു പത്ത് ഗാന്ധി ജയന്തി വന്നെങ്കിലും ഗാന്ധിപ്രതിമ വെളിച്ചം കണ്ടില്ല. അന്നത്തെ ഗാന്ധി പ്രതിമ ഇപ്പോളും അഡ്മിനിസ്ട്രേറ്ററുടെ വീട്ടില്‍ ഒരു മൂലയില്‍ ഒളിപ്പിച്ച നിലയിലാണ്. ഈ പ്രതിഷേധങ്ങളെല്ലാം തള്ളിയാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ദ്വീപില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: