ന്യൂദല്‍ഹി: സൈന്യത്തെ വിന്യസിക്കാന്‍ ചൈന കിഴക്കന്‍ ലഡാക്കിലെ യഥാര്ത്ഥനിയന്ത്രണരേഖയോട് ചേര്‍ന്ന് അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുകയാണെന്ന് കരസേന മേധാവി എം.എം. നരവനെ. എന്നാല്‍ എന്ത് അടിയന്തരസാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ പ്രതിരോധസേനകള്‍ ഒരുങ്ങിയിരിക്കുകയാണെന്നും നരവനെ പറഞ്ഞു.
കൂടുതല്‍ സൈന്യത്തെ നിയോഗിക്കാനുദ്ദേശിച്ച് ചൈന കിഴക്കന്‍ ലഡാക്കില്‍ അടിസ്ഥാന സൗകര്യങ്ങളും പണിതുയര്‍ത്തുന്നുണ്ട്. ഗണ്യമായ അളവില്‍ ഇവിടെ സൈന്യത്തെ വിന്യസിച്ചിട്ടുമുണ്ട്. ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്, ഏത് നിമിഷവും പ്രതികരിക്കാന്‍ ഒരുക്കമാണ്. ആധുനിക ആയുധങ്ങളാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നമ്മള് കരുത്തരാണ്. ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കമാണ്- നരവനെ പറഞ്ഞു.
അടുത്ത ഘട്ട സേനാപിന്മാറ്റം സംബന്ധിച്ച് ചൈനയും ഇന്ത്യയും തമ്മില്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ അടുത്തയാഴ്ച നടക്കാന്‍ പോവുന്നതിനിടെയായിരുന്ന ഇദ്ദേഹത്തിന്റെ ഈ പ്രതികരണം. ഹോട്ട് സ്പ്രിംഗ്സ്, ഡെസ്പാങ്, ഡെംചോക് എന്നീ സംഘര്‍ഷമേഖലകളില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചാണ് 13ാംവട്ട ചര്‍ച്ചകള്‍ നടക്കുക.
ലഡാക്കില്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതിനിടെയാണ് നരവനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഏറ്റവുമൊടുവില്‍ രണ്ടു മാസം മുമ്പാണ് നരവനെ ലഡാക്ക് സന്ദര്‍ശിച്ചത്. ഇന്ത്യയും ചൈനയും ആഗസ്തില്‍ രണ്ടാം വട്ടം പട്ടാളത്തെ പിന്‍വലിച്ചതിന് ശേഷമാണ് നരവനെ ഒടുവില്‍ ലഡാക്ക് സന്ദര്‍ശിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്തോ-പാക് അതിര്‍ത്തി ശാന്തമാണ്. എങ്കിലും തീവ്രാവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യം നല്ല ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ഭീഷണി നേരിടാനും ഇന്ത്യന്‍ സേന തയ്യാറാണെന്നും നരവനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: