കോട്ടയം: ശബരിമലയെ തകര്‍ക്കാന്‍ കെട്ടിച്ചമച്ച ചെമ്പോല അത്യന്തം ഗൗരവകരമായ പ്രശ്നമാണെന്ന് ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക്. ശബരിമലയുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയ ചെമ്പോലയുടെ ആധികാരികത പരിശോധിക്കണം. ഇത്തരമൊരു സൃഷ്ടി എങ്ങനെ ഈ തട്ടിപ്പുകാരനില്‍ എത്തിയെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കണം.
പുരാവസ്തുക്കള്‍ കൈവശം വയ്ക്കാനും അവ പ്രദര്‍ശിപ്പിക്കാനും ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ രജിസ്ട്രേഷനും അനുമതിയും വേണം. അല്ലാത്ത പക്ഷം ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം തള്ളാനാവില്ല. ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തുന്ന പുരാവസ്തുവിനു പോലും ആ വ്യക്തിക്ക് അവകാശമുന്നയിക്കാന്‍ കഴിയില്ല. ആരുടെയെങ്കിലും കൈവശം ഇങ്ങനെയുള്ളവ ഉണ്ടെന്നറിഞ്ഞാല്‍ ആര്‍ക്കിയോജിക്കല്‍ വകുപ്പിനെ അറിയിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. ഈ സാഹചര്യത്തില്‍, പുരാവസ്തുക്കളുടെ വന്‍ശേഖരം കൈവശമുണ്ടെന്ന് പരസ്യപ്പെടുത്തിയിട്ടും പോലീസ് കേസെടുക്കാത്തതില്‍ ദുരൂഹതയുണ്ട്.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ഇപ്പോഴത്തെ എഡിജിപി മനോജ് ഏബ്രഹാം എന്നിവരുമായുള്ള മോന്‍സണിന്റെ ആത്മബന്ധം മൂലമായിരിക്കാം പോലീസ് നടപടികള്‍ ഉണ്ടാകാതിരുന്നത്, അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു. ജില്ലാ കളക്ടറോ, തഹസില്‍ദാരോ അന്വേഷിച്ചു നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നത് വീഴ്ചയാണ്. ബെഹ്റയെയും മനോജ് ഏബ്രഹാമിനെയും കൂട്ടുപ്രതികളാക്കി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: