ലണ്ടന്‍: തോല്‍വി മുന്നിലെത്തുമ്പോള്‍ കൈപിടിച്ച് വിജയത്തിലേക്ക് ഉയര്‍ത്തുന്നവനാണ് ഫുട്ബോളില്‍ ഇതിഹാസങ്ങളാകുന്നത്. ലോക ഫുട്ബോളിനെ തന്നിലേക്കടിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്തുകൊണ്ട് ഇതിഹാസ തുല്യനാകുന്നെന്ന ഉത്തരം ഒരിക്കല്‍കൂടി ചാമ്പ്യന്‍സ് ലീഗില്‍ കണ്ടറിഞ്ഞു. വിയ്യ റയലിനെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയവും പോരാട്ട വീര്യവും അതിനുള്ള ഉത്തരമാണ്. പിന്നില്‍ നിന്ന ശേഷം യുണൈറ്റഡ് തിരിച്ചടിച്ച് വിജയിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്.
യുണൈറ്റഡ് ആരാധകര്‍ അവസാന നിമിഷം വരെ കളി കണ്ടിരുന്നതിന് ശുഭ സമാപ്തിയായി. വിവ റൊണാള്‍ഡോയെന്ന യുണൈറ്റഡ് ആരാധകരുടെ ഗാനം കളിയുടെ 90 മിനിറ്റിന് ശേഷം ആര്‍ത്തലച്ചു. ചാമ്പ്യന്‍സ് ലീഗില്‍ അനിവാര്യമായ വിജയവുമായി ജീവന് വീണ്ടെടുത്ത് പരിശീലകന് ഒലെ ഗുണ്ണാര്‍ സോള്ഷിയര്. സമനിലയുമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം വിയ്യറയല്‍ അപ്രതീക്ഷിതമായി മുന്നിലെത്തുകയായിരുന്നു. 53-ാം മിനിറ്റില്‍ പാകോ അല്‍കെയ്സര്‍ ഗോള്‍ നേടി. ആക്രമണം കടുപ്പിച്ച യുണൈറ്റഡിന് സമനില ഗോള്‍ നിക്കാലോ അലക്സ് തെല്ലസ് 60-ാം മിനിറ്റില്‍ നല്കി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ അത്യുഗ്രന്‍ ഷോട്ട്.
സമനിലയിലേക്കെന്ന് കളി തോന്നിച്ചപ്പോഴാണ് രക്ഷകനായി റൊണാള്‍ഡോയെത്തിയത്. 90 മിനിറ്റിന് ശേഷം അധിക സമയത്തായിരുന്നു ഗോള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പരിഹാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: