കൊല്‍ക്കത്ത: കനത്ത ജാഗ്രതയില്‍ പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപിയുടെ യുവ നേതാവ് പ്രിയങ്ക ടിബ്രെവാളാണ് മല്‍സരിക്കുന്നത്.
നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്ത്ഥിയെട് തോറ്റ മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഇവിടെ ജയം അനിവാര്യമാണ്. സിപിഎമ്മിന്റെ ശ്രീജിബ് ബിശ്വാസും മല്‍സരിക്കുന്നുണ്ട്. രണ്ടു തവണ മമതയെ തിരഞ്ഞെടുത്ത മണ്ഡലമാണ് ഭവാനിപൂര്‍. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു.
മമത ബാനര്‍ജിക്ക് ഭവാനിപൂര്‍ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ അവസരം ഒരുക്കി ടിഎംസിയുടെ ശോഭന്ദേബ് ചതോപാധ്യായ രാജിവെക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് കഴിഞ്ഞ ദിവസം 20 കമ്പനി സായുധ പോലീസ് സംഘത്തെ കൂടി മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ മമതയും തൃണമൂലും വ്യാപകമായി അക്രമം നടത്തുകയാണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. മമതക്ക് വിജയിക്കാനായി വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ തൃണമൂല്‍ ബോധപൂര്‍വ്വം അക്രമമുണ്ടാക്കുകയാണ്. പശ്ചിമ ബംഗാള്‍ ജനതയുടെ അഭിവൃദ്ധിക്കായി ബിജെപി പ്രാര്‍ത്ഥിക്കുമ്പോള്‍ മമത ആളുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയാണവര്‍-ബിജെപി നേതാക്കള്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ച മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍, സംസര്‍ഗഞ്ച് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടര്‍മാര്‍ക്കാണ് ഇന്ന് സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: