ഗുവാഹതി: ആസാമില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കൈയേറി അധീനതയിലാക്കിയത് 30,000 ഏക്കര്‍ ക്ഷേത്ര, വനഭൂമി. കോടതിയുടെ ഇടപെടലില്‍ കഴിഞ്ഞ നാല് മാസമായി സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.
ആസാമില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഈ ഭൂമി സ്വതന്ത്രമാക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ചര്‍ച്ചകളും ബോധവത്കരണവും അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയിരുന്നു. തദ്ദേശീയ മുസ്ലിം ജനവിഭാഗവുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കിയിരുന്നതാണെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. എന്നിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്ത മേഖലകളിലാണ് പോലീസിനെ ഉപയോഗിച്ചത്.
അതേസമയം, ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുള്ള സംഭവങ്ങളുടെ പേരില്‍ ആസാം സര്‍ക്കാരിനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കുമെതിരെ ടൂള്‍കിറ്റ് പ്രചാരണം വ്യാപകമാവുകയാണ്. വ്യാപകവും ആസൂത്രിതവുമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് സംഘര്‍ഷത്തിലേക്ക് നയിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. രണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് ആസാമിനും സര്‍ക്കാരിനുമെതിരെ ഓണ്‍ലൈന്‍ കാമ്പയിന്.
ആസാം സര്‍ക്കാരിനും കൈയേറ്റം ഒഴിപ്പിക്കലിനുമെതിരെയുള്ള ട്വിറ്ററിലെ പോസ്റ്റുകളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് ഒരേ വാചകങ്ങള്‍, ഒരേ ഹാഷ് ടാഗ്. ഒരുവിഭാഗം കര്‍ഷകരെ മറയാക്കി ദല്‍ഹിയില്‍ അഴിച്ചുവിട്ട കലാപങ്ങളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെയും പിന്നീട് ലക്ഷദ്വീപ്
വിഷയത്തിലും ഇത്തരത്തില്‍ ടൂള്‍കിറ്റ് പ്രചാരണം നടന്നിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്ഐഒ പ്രവര്‍ത്തകരും അനുഭാവികളും ചെയ്യുന്ന പോസ്റ്റുകളില്‍ ഈ സാമ്യം പ്രകടമാണ്.
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദാരാങ് ജില്ലയില്‍ വ്യാഴാഴ്ചയാണ് വെടിവയ്പ്പുണ്ടായത്. ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആയുധങ്ങളുമായി ജനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: