മൂന്നാര്‍: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാർ-ദേവികുളം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു. ഞായറാഴ്ച രാത്രി 11.30ഓടെ തുടങ്ങിയ മലയിടിച്ചില്‍ ചെറിയതോതില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ റോഡില്‍ താല്‍ക്കാലികമായി ഗതാഗതം നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ഉത്തരവിട്ടു.
ഞായറാഴ്ച വൈകീട്ട് മഴ ശക്തമായതോടെ ബൈസന്‍വാലി റോഡിന്റെ 100 മീറ്റര്‍ മാറി രാത്രി വലിയ പാറക്കൂട്ടങ്ങള്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ദേശീയപാതയിലും താഴെ പറമ്പിലുമായി പാറയും മണ്ണും കൂടിക്കിടക്കുകയാണ്. ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍ പതിവായ ഭാഗത്തുതന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്. 2020 സെപ്റ്റംബര്‍ 24ന് ഇതിനുസമീപം മലയിടിഞ്ഞിരുന്നു. ഗ്യാപ് റോഡിന് മുകള്‍ഭാഗത്ത് നിരവധി നീര്‍ച്ചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച പകലും നേരിയതോതില്‍ മണ്ണിടിച്ചില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇത് മുന്നില്‍ക്കണ്ടാണ് താല്‍ക്കാലികമായി ഗതാഗതം നിരോധിച്ചത്. റോഡ് പൂര്‍ണമായും അടഞ്ഞതോടെ മൂന്നാറില്‍നിന്ന് പൂപ്പാറയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. തേനി, തേക്കടി യാത്രക്കാര്‍ ആനച്ചാല്‍, രാജാക്കാട് വഴി തിരിഞ്ഞുപോകണമെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന സ്ഥലം റവന്യൂസംഘം സന്ദര്‍ശിച്ചു.
കനത്ത മഴ തുടരുന്നതിനാല്‍ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: