കൊച്ചി : മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ കുറ്റക്കാര്‍. പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
മരം മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ അതീവ ഗൗരവമേറിയതാണ്. സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ മൂന്ന് പേരും ഉന്നത സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ഗുരുതരമായ തെളിവുകളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്.
ജാമ്യാപേക്ഷയില്‍ കോടതി കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. മുറിച്ചുകടത്തിയ തടികളും, രേഖകളും പിടിച്ചെടുത്തിട്ടുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വില്ലേജ് അധികാരികളുമായി പ്രതികള്‍ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: