ന്യൂദൽഹി : രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഡിജിറ്റല്‍ ആരോഗ്യ ഐഡി കാര്‍ഡുകള്‍ നല്കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പദ്ധതിക്ക് തുടക്കമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി സംവിധാനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിരല്‍ത്തുമ്പില്‍ ഏറ്റവും ആധുനികമായ ചികിത്സാസഹായം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പദ്ധതി.
രാ”ജ്യത്തെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ സഹായിക്കും. ഇനി മുതൽ ഇന്ത്യക്കാർക്ക് ഒറ്റ ക്ലിക്കിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും. ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രധാന പങ്കു വഹിക്കും. പദ്ധതി പ്രകാരം എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി ലഭ്യമാകും. അതേ സമയം എല്ലാ പൗരന്മാരുടെയും ആരോഗ്യം സംബന്ധിച്ച രേഖകൾ സുരക്ഷിതമായിരിക്കും”- പ്രധാനമന്ത്രി പറഞ്ഞു.
“പുതിയ സംവിധാനം എത്തുന്നതോടെ മൊബൈൽ ആപ് വഴി ആളുകൾക്ക് അവരുടെ ആരോഗ്യ വിവരങ്ങൾ അറിയാൻ സാധിക്കും. ഇത്തരം വിവരങ്ങൾ പരിശോധിക്കാനോ കൈമാറ്റം ചെയ്യാനോ ആളുകളുടെ അനുമതിയും നിര്‍ബന്ധമാണ്. ഇടത്തരക്കാരുടെയും പാവപ്പട്ടവരുടെയും ചികിത്സാരംഗത്തെ പ്രശ്നങ്ങളില്ലാതാക്കാൻ പദ്ധതി പ്രധാന പങ്കുവഹിക്കും. രാജ്യത്തെ ആരോഗ്യ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അതു കൊണ്ടുവരും”- പ്രധാനമന്ത്രി പറഞ്ഞു.
130 കോടി ആധാര്‍ തിരിച്ചറിയൽ രേഖകൾ, 118 കോടി മൊബൈൽ ഉപയോക്താക്കള്‍, ഇന്റർനെറ്റ് ഉപയോഗിക്കുന്ന 80 കോടി പേർ, 43 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ– ഇത്രയും വിപുലവും പരസ്പരബന്ധിതവുമായ അടിസ്ഥാന സംവിധാനം ലോകത്ത് മറ്റെവിടെയുമാണ്ടാവില്ല. ഇത്രയും ബൃഹത്തായ ഡിജിറ്റല്‍ സംവിധാനം -റേഷന്‍ മുതല്‍ ഭരണസംവിധാനം വരെ- ഓരോ ഇന്ത്യക്കാരനും സുതാര്യമായി ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്ഷികത്തില് ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കി. അതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് തുടങ്ങാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്ക്കും രോഗം സുഖപ്പെടുത്തുക എന്നതില്‍ മാത്രമല്ല, രോഗം വരാതെ തടയുക എന്നത് കൂടി കണക്കിലെടുക്കുന്ന ആരോഗ്യ മാതൃകയിലാണ് ഇന്ത്യ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: