തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. കേരളാ സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ തള്ളിയാണ് അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ നടപടികള്‍. 20 അംഗസംഘമാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 14 മുതല്‍ പൂര്‍ണ്ണമായും വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല തങ്ങള്‍ക്കായിരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. വിമാനത്താവള കൈമാറ്റം സ്ഥിരീകരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കിയിട്ടുണ്ട്. ആറുമാസത്തേക്ക് നിലവിലെ താരിഫ് തുടരും.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിനു ലഭിച്ചത്. കഴിഞ്ഞ ജനുവരി 19-ന് ഇതു സംബന്ധിച്ച കരാറില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു. വിമാനത്താവളത്തിലെ 60 ശതമാനം ജീവനക്കാരെ ഇവിടെ നിലനിര്‍ത്തും. ശേഷിക്കുന്നവരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു കീഴിലുള്ള മറ്റു വിമാനത്താവളങ്ങളിലേക്കു മാറ്റും.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്കു കൈമാറുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇതു നിലനില്‍ക്കെയാണ് വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: