കൊച്ചി: പി.സി. ചാക്കോയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ എന്‍സിപിയില്‍ ഉരുണ്ടു കൂടിയ അമര്‍ഷം പരസ്യമായ പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി. പീതാംബരന് കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം വൈഎംസിഎയില്‍ നടന്ന പാര്‍ട്ടി പഠന ശിബിരത്തില്‍ ചാക്കോയെ വേദിയിലിരുത്തി കടുത്ത വിമര്‍ശനമാണ് പീതാംബരന് ഉന്നയിച്ചത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്നം കാണുന്ന എന്‍സിപിആ പാര്‍ട്ടി നേരിടുന്നതിനേക്കാള്‍ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നും നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഉടന്‍ തിരുത്തല്‍ നടപടികള്‍ വേണമെന്നുമായിരുന്നു പീതാംബരന് വ്യക്തമാക്കിയത്. ചാക്കോയ്ക്ക് എതിരെ എന്‍സിപിയില്‍ ഉയരുന്ന കലാപത്തെ പീതാംബരന് തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഭിന്നതകള്‍ മാറ്റി വെച്ച് എന്സിപിക്കാരെല്ലാം അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുമെന്ന് മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കുന്നു. ചാക്കോയും ഉപഗ്രഹങ്ങളായ മൂവര്‍സംഘവും ചാക്കോയുടെ അടുപ്പക്കാരനായ അബ്കാരിയുമാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. സിപിഎമ്മും ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്.
സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടിയെക്കുറിച്ച് ഒരു പ്രചാരണവും പാടില്ലെന്ന വിചിത്ര നിര്‍ദേശവും ചാക്കോ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ചാക്കോയുടെ അവഗണനയിലും ഏകാധിപത്യത്തിലും മനം മടുത്ത് പാര്‍ട്ടി വിടുന്ന കാര്യം ചില മുതിര്‍ന്ന നേതാക്കള്‍ പോലും ആലോചിക്കുന്നതായാണ് സൂചന. സിപിഎമ്മുമായി ചിലര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും പറയുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന ബോര്‍ഡ്, കോര്പ്പറേഷന് അധ്യക്ഷ പദവിയും അംഗങ്ങളുടെ ഒഴിവുകളും അടുപ്പക്കാര്‍ക്ക് മാത്രമായി നല്‍കാനാണ് ചാക്കോയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: