അടിമാലി: മങ്കുവയിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ രാജകീയ മരങ്ങള്‍ വെട്ടിക്കടത്തിയ കേസില്‍ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തു. അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണ്‍ ഒന്നാം പ്രതിയാണ്. കൊന്നത്തടി വില്ലേജിലെ ഫീല്‍ഡ് സ്റ്റാഫ്, മുക്കുടം സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. റവന്യൂ-വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ചമച്ചാണ് എട്ട് തേക്ക് മരങ്ങള്‍ മുറിച്ചത്.
മരം മുറി സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. പിന്നീട് വിവരം വെള്ളത്തൂവല്‍ സ്റ്റേഷന് കൈമാറുകയായിരുന്നു. ഫെബ്രുവരി ആദ്യവാരം കൊന്നത്തടി മങ്കുവ മാന്കുത്ത് പാലത്തിന് സമീപത്ത് നിന്നാണ് മരങ്ങള്‍ മുറിച്ചത്. എട്ട് മരങ്ങള്‍ മുറിച്ചതായും ഇതില്‍ 445.6 സെന്റി മീറ്റര്‍ വണ്ണവും 30 മീറ്റര്‍ നീളവുമുള്ള തേക്ക് തടിയൊഴികെ ബാക്കിയുള്ളവയെല്ലാം കടത്തിക്കൊണ്ട് പോയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനായി വ്യാജരേഖകള്‍ ചമച്ചു. മൂക്കന്പറമ്പില് ജോയി എന്നയാളുടെ പട്ടയഭൂമിയില്‍ നില്ക്കുന്ന മരമാണിവയെന്നും 90 ഇഞ്ചില്‍ താഴെ മാത്രം വണ്ണമുള്ളതായും കാട്ടി വില്ലേജ് സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഫോറസ്റ്റ് വേരിഫിക്കേഷനും തയ്യാറാക്കി മരം മുറിക്കുകയായിരുന്നു. ഇതിനുവേണ്ടി ജോയിയില്‍ നിന്ന് വെള്ള പേപ്പറില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇതില്‍ ആറ് മരങ്ങള്‍ക്ക് 90 ഇഞ്ചില്‍ കൂടുതല്‍ വണ്ണമുള്ളതും പൊതുമുതലാണെന്നും എഫ്ഐആറില്‍ പറയുന്നു.
അതേ സമയം മുറിച്ച മരങ്ങള്‍ ജോജിയുടെ ഭാര്യയുടെ ഉടമസ്ഥതതിയിലുള്ള റിസോര്‍ട്ടിന്റെ നിര്‍മാണത്തിനായി തേക്കടിയിലേക്കാണ് എത്തിച്ചത്. കേസില്‍ റിസോര്‍ട്ടിന്റെ മാനേജറും ഡ്രൈവറുമായ വെള്ളാരംകല്ല് സ്വദേശി ബൈജു പ്രതിയായേക്കും. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഇതിന് ശേഷമേ പ്രതിപട്ടിക പൂര്‍ണമാകൂവെന്നും വെള്ളത്തൂവല്‍ എസ്എച്ച്ഒ പറഞ്ഞു. അടിമാലി റേഞ്ചില്‍ പെട്ട മച്ചിപ്ലാവ് ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ നിന്ന് രാജകീയ മരങ്ങള്‍ മുറിച്ച കേസിലും ജോജി ജോണ്‍ ഒന്നാം പ്രതിയാണ്.
വിവാദ മരം മുറി ഉത്തരവിന്റെ മറവില്‍ അടിമാലി, നേര്യമംഗലം റേഞ്ചുകളില്‍ നിന്ന് ഇയാളുടെ അറിവോടെ വന്‍തോതില്‍ മരം മുറി നടന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി പോലും എടുക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: