ആലപ്പുഴ: പിഞ്ചോമനകള്‍ക്ക് ഓമനപ്പുഴ ഗ്രാമത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. പിഞ്ചോമനകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്ക് മുന്നില്‍ അലമുറയിടുന്ന മാതാപിതാക്കളെ കണ്ട് ഹൃദയം നുറുങ്ങാത്തവരാരുമില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ മാതാവ് മേരിഷൈന് മുന്നില്‍ ആശ്വാസവാക്കുകളില്ലാതെ ഏവരും കുഴങ്ങി. കഴിഞ്ഞ 17ന് ഓമനപ്പുഴ പൊഴിയില്‍ മുങ്ങിമരിച്ച സഹോദരങ്ങളായ അഭിജിത്ത്, അനഘ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വീട്ടിലെത്തിക്കുമ്പോള്‍ നാടിന്റെ നാനഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി.
അമ്മൂമ്മയേയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മൂത്ത സഹോദരനേയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. വിദേശത്തായിരുന്ന കുട്ടികളുടെ മാതാവ് ഇന്നലെ പുലര്‍ച്ചെയാണ് നാട്ടിലെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അര്‍ത്തുങ്കലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടിന് ഇരുവരും പഠിക്കുന്ന പൂങ്കാവ് എസ്സിഎംവി യുപി സ്ക്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരുമെല്ലാം അന്തിമോപചാരം അര്‍പ്പിച്ചു. ഇവിടെ നിന്നാണ് വീട്ടിലേയ്ക്ക് കൊണ്ടുപോയത്. 12 മണിയോടെ ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്ക്കരിച്ചു.
കര്‍മ്മങ്ങള്‍ക്ക് ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ നേതൃത്വം നല്കി. എ. എം ആരീഫ് എംപി, പി. പി ചിത്തരഞ്ജന് എംഎല്‍എ, ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പതി, മുന്‍ മന്ത്രി എം. എ ബേബി, എ. എ ഷുക്കൂര്‍, എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ എന്‍ പ്രേമാനന്ദന് തുടങ്ങി നിരവധിപ്പേര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: