ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുകന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, സംസ്ഥാന ബിജെപി പ്രസിഡന്റ് വിഷ്ണു ദത്ത് ശര്‍മ്മ, കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേല്‍, സംസ്ഥാന മന്ത്രിമാരായ നരോത്തം മിശ്ര, ഭൂപേന്ദ്ര സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനാല്‍ മുരുകന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ ആറ് രാജ്യസഭ സീറ്റുകളിലേക്ക് ഈ മാസം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയിലെ സീറ്റിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.
അസമില്‍ നിന്ന് രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി, കേന്ദ്രമന്ത്രി സര്ബനാനഡ സോനോവാളിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനാണ് എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുക. ആറ് രാജ്യസഭാ സീറ്റുകളില്‍ തമിഴ്നാട്ടില്‍ രണ്ടും പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: