കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ വസ്തുതകളെക്കുറിച്ച് അന്വേഷണം നടത്താതെ പ്രശ്‌നം വഴിതിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍, യുഡിഎഫ് നീക്കം. ബിഷപ്പിന്റെ പരാമര്‍ശം മതസൗഹാര്‍ദത്തിന് കോട്ടം തട്ടിച്ചെന്ന് വരുത്തി, അത് പരിഹരിക്കാനെന്ന പേരില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പരാമര്‍ശത്തിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസും ആദ്യം ബിഷപ്പിനെ കടന്നാക്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ്പിന് പിന്തുണയേറുന്നതു കണ്ട ഇരുവിഭാഗം നേതാക്കളും നിലപാട് മാറ്റി ബിഷപ്പുമാരുമായി ചര്‍ച്ചയ്‌ക്കിറങ്ങി. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി മനസ്സിലാക്കിയ കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി അരമനയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായ നാര്‍ക്കോട്ടിക് ജിഹാദിനെ എതിര്‍ക്കാന്‍ ഇരുവരും തയ്യാറായില്ല. പ്രശ്‌നം കെട്ടടങ്ങിയിട്ടില്ലെന്ന് മനസ്സിലായതോടെയാണ് മതനേതാക്കളുടെ ചര്‍ച്ച തട്ടിക്കൂട്ടിയത്.
കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശത്തോടെ കേരളത്തിലെ മതസൗഹാര്‍ദം ഇടിഞ്ഞുതകര്‍ന്നുവീണു എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പ്രതികരിക്കുന്നത്.
അതിനാല്‍ ‘തകര്‍ന്നു കിടക്കുന്ന മതസൗഹാര്‍ദം വീണ്ടും കെട്ടിപ്പൊക്കാനാണ്’ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഇടതുപക്ഷത്തിനൊപ്പമുള്ള ചില മതനേതാക്കളെ വിളിച്ച് യോഗം തട്ടിക്കൂട്ടിയത്. ഇത്തരം ചര്‍ച്ചകള്‍ നടത്തി എല്ലാം ഭദ്രമായെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ പാലാ ബിഷപ്പു പറഞ്ഞ, ഗുരുതരമായ കാര്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. മാത്രമല്ല ബിഷപ്പു പറഞ്ഞ കാര്യം മതനേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തുമില്ല. ഇത്തരം ചര്‍ച്ചകളും പൊയ്‌വെടികളും കോലാഹലങ്ങളുമല്ല, പകരം ബിഷപ്പു പറഞ്ഞ കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണമാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അതിനു മുതിരുന്നില്ല.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദീപികയെ തള്ളിപ്പറയുക മാത്രമാണുണ്ടായത്. സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്ന ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം യോഗത്തില്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: