അങ്ങനെ ക്വാഡിന് ഒരു അര്‍ദ്ധസഹോദരന്‍ കൂടി വന്നിരിക്കുന്നു- ഓക്സ്. ചതുര് രാഷ്ട്ര ക്വാഡിനും ത്രിരാഷ്ട്ര ഓക്സിനും ലക്ഷ്യം ഒന്ന് മാത്രം: ഇന്തോ -പസഫിക് മേഖലയില്‍ ചൈനീസ് വ്യാപനം തടയുക. ഇതിനായി ‘എ.യു.കെ.യു.എസ്’ എന്നു പേരിലുള്ള കരാര്‍ നിലവില്‍ വന്നിരിക്കുകയാണ്. സുരക്ഷാകരാറുമായി ബ്രിട്ടനും യു.എസും ഓസ്ട്രേലിയയും മുമ്പോട്ടു വന്നത് ചൈനയുടെ വെല്ലുവിളിക്ക് പ്രതിരോധം തീര്‍ക്കാന്‍ തന്നെയാണ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവര്‍ നടത്തിയ സംയുക്ത വെര്‍ച്വല്‍ പത്രസമ്മളനത്തിലാണ് പുതിയ ചേരി നിലവില്‍ വന്നത്. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളി നേരിടാന്‍ പങ്കാളിത്തമാണ് പ്രധാന ലക്ഷ്യം. നിര്‍മിതബുദ്ധി അടക്കമുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നതാണ് കരാര്‍. സൈനികശേഷി, സൈബര്‍, ആഴക്കടല്‍ സാങ്കേതികവിദ്യ എന്നിവയുടെ പങ്കാളിത്തത്തിന് കരാര്‍ ഊന്നല്‍ നല്കുന്നു. ചൈനയുടെ സൈനിക സാന്നിധ്യം ശക്തമായ തന്ത്രപ്രധാന മേഖലയില്‍, ഓസ്ട്രേലിയയെ ആണവശേഷിയുള്ള അന്തര്‍വാഹിനികള്‍ സ്വായത്തമാക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡിന് പിന്നാലെയാണ് ചൈനയെ ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ. ക്വാഡിന്റെ നേതൃയോഗം ഈ മാസം 24ന് വൈറ്റ് ഹൗസില്‍ ചേരാനിരിക്കെയാണ് എയുകെയുഎസ് രൂപീകരണം.
ചൈനയ്ക്കെതിരെ രൂപീകരിച്ച പുതിയ ത്രികക്ഷി സഖ്യം ഇന്തോ- പസഫിക് മേഖലയുടെ മുഖം മാറ്റുമെന്ന് നിരീക്ഷകര്‍ പറയുന്നു. മധ്യ പൂര്‍വേഷ്യയില്‍ നിന്ന് ഇന്തോ- പസഫിക് മേഖലയിലേക്ക് ശ്രദ്ധ മാറ്റണമെന്ന മുന്‍ പ്രസിഡന്റ് ഒബാമയുടെ കാലത്ത് തുടങ്ങിവച്ച ചര്‍ച്ചയാണ് ജോ ബൈഡന് പൂര്‍ത്തീകരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തെ ന്യായീകരിക്കുമ്പോള്‍ അമേരിക്കയുടെ മുഴുവന്‍ വിഭവങ്ങളും ചൈനയെ നേരിടാന്‍ ഉപയോഗിക്കുമെന്ന് ബൈഡന് വ്യക്തമാക്കിയിരുന്നു. മുമ്പ് ബ്രിട്ടണുമായി മാത്രം ആണവ സാങ്കേതികവിദ്യ പങ്കിട്ടിരുന്ന അമേരിക്ക ഇപ്പോള്‍ ഓസ്ട്രേലിയയ്ക്കും സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ബ്രെക്സിറ്റിനുശേഷം ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ നിര്‍ണായക സ്ഥാനം തിരികെ പിടിക്കാനുള്ള അവസരമായാണ് ബ്രിട്ടണ് പുതിയ നീക്കത്തെ കാണുന്നത്.
പുതിയ സഖ്യത്തിന്റെ പ്രവര്‍ത്തനം സഗൗരവം നിരീക്ഷിക്കുകയാണെന്നും ചൈന പ്രതികരിച്ചു കഴിഞ്ഞു.പുതിയ സഖ്യം മേഖലയില്‍ ആയുധപന്തയത്തിന് വഴിവെക്കുമെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ആണവ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമാണ് നീക്കമെന്നും ചൈനീസ് വിദേശമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ശീതയുദ്ധ മനോഭാവമാണ് കരാറിലൂടെ രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും, പ്രദേശത്തെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതും, ആയുധമത്സരത്തിന് ആക്കം കൂട്ടുന്നതുമാണ് ഈ കരാറെന്നും ചൈന പറയുന്നു.
ഇതിനിടെ പുതിയൊരു പോര്‍മുഖം ഫ്രാന്‍സും ഓസ്ട്രേലിയയും തമ്മില്‍ ഉടലെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സ്ഥാനപതിമാരെ പിന്‍വലിച്ചാണ് ഫ്രാന്‍സ് രോഷം പ്രകടിപ്പിച്ചത്. ഫ്രഞ്ച്-യുഎസ് ബന്ധം ആഘോഷിക്കാനായി മുമ്പ് നിശ്ചയിച്ചിരുന്ന രണ്ടു പരിപാടികളും ഫ്രാന്‍സ് റദ്ദാക്കി.
‘എ.യു.കെ.യു.എസ്’ (ഓസ്ട്രേലിയ, യുകെ, യുഎസ്) എന്ന് വിളിക്കുന്ന എ.യു.കെ.യു.എസ് ഉടമ്പടി വന്നതോടെ 2016 ല്‍ ഓസ്ട്രേലിയയുമായി ഒപ്പുവച്ച ഏകദേശം 65 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി കരാറിന് തിരശ്ശീല വീണതില്‍ പ്രകോപിതരാണ് ഫ്രാന്‍സ്. ഫ്രാന്‍സില്‍ നിന്ന് 12 ഡീസല്‍ അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള കരാര്‍ ഓസ്ട്രേലിയ ഉപേക്ഷിച്ചത് ഫ്രാന്‍സിനെ ചൊടിപ്പിച്ചിട്ടുണ്ട്. പുതിയ കരാറിനെ തുടര്‍ന്ന് 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള ഇടപാടില്‍ നിന്ന് ഓസ്ട്രേലിയ ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. പിന്നില്‍ നിന്നുള്ള കുത്താണിതെന്ന് ഫ്രഞ്ച് വിദേശമന്ത്രി ജീന്‍ വൈവെസ് ലി ദ്രിയന്‍ നടപടിയെ വിശേഷിപ്പിച്ചത്. ഫ്രാന്‍സിനും ഇന്തോ- പസഫിക് മേഖലയില്‍ താല്‍പ്പര്യങ്ങള്‍ ഉണ്ട്. ഫ്രഞ്ച് അധീനതയിലുള്ള ന്യൂ കാലിഡോണിയ, ഫ്രഞ്ച് പോളിനേഷ്യ ഇവയൊക്കെ ഇവിടെയാണുള്ളത്.
ത്രിരാഷ്ട്രക്കരാറനുസരിച്ച് ആസ്ട്രേലിയയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ സാധിക്കും. അതിനു വേണ്ട സാങ്കേതിക വിദ്യ യുഎസ് കൈമാറും. എന്നാല്‍ ആണവായുധങ്ങള്‍ വഹിച്ചുകൊണ്ടുള്ള അന്തര്‍വാഹിനികളല്ലെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി. കാരണം ആണവ നി
ര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് ഓസ്ട്രേലിയ. അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ എട്ട് അന്തര്‍വാഹിനികള്‍ സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനി കൈവശമുള്ള ഏഴാമത്തെ രാഷ്ട്രമാകും ഓസ്ട്രേലിയ. ലോകത്താകെ 40 ആണവ അന്തര്‍വാഹിനികളാണ് നിലവിലുള്ളത് (അമേരിക്ക- 14, റഷ്യ- 11, ചൈന- ആറ്, ബ്രിട്ടന്- നാല്, ഫ്രാന്‍സ്- നാല്, ഇന്ത്യ- ഒന്ന്).
ഓസ്ട്രേലിയയുടെ അയല്‍രാജ്യമായ ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രി ജസിന്ദ ആര്ഡന് സഖ്യക്ഷണം പ്രതീക്ഷിച്ചില്ലെന്ന് വ്യക്തമാക്കിയതും ശ്രദ്ധേയം. Five Eyes Intelligence എന്ന സഖ്യത്തിലെ അംഗമാണ് ന്യൂസിലാന്‍ഡ്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ എന്നിവരാണ് ഈ കൂട്ടായ്മയിലെ സഹകാരികള്‍. ഓക്സ് എന്ന പേരിലുള്ള (AUKUS) കരാറിനെ കുറിച്ച് മൂന്നു രാജ്യങ്ങളും ധാരണയിലെത്തിയത് ചൈനയെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: