ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിശ്കരിച്ച ദേശീയ ടെലിമെഡിസിന്‍ സേവനമായ ഇസഞ്ജീവനി 1.2 കോടി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ഭാരതത്തിലുടനീളം 90,000 രോഗികള്‍ക്ക് പ്രതിദിനസേവനം ലഭ്യമാക്കുന്ന ഏറ്റവും വലിയ ടെലിമെഡിസിന്‍ സേവനമാണ് ഇ-സഞ്ജീവനി.
രണ്ട് രീതികളിലൂടെയാണ് ഇ-സഞ്ജീവനി പ്രവർത്തിക്കുന്നത്. ഇ-സഞ്ജീവനി എബി-എച്ഡബ്ല്യൂസി (eSanjeevani AB-HWC – ഡോക്ടർമാർക്ക് ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം), ഇ-സഞ്ജീവനി ഓപിഡി (eSanjeevani OPD-രോഗിക്കും ഡോക്ടർക്കും ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം)
ഇസഞ്ജീവനി എബിഎച്ഡബ്ല്യൂസി ഏകദേശം 67,00,000 കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ഇതുവരെ, 51,00,000 ലധികം രോഗികള്‍ക്ക് ഇ-സഞ്ജീവനി ഒപിഡിവഴി സേവനം നല്‍കിയിട്ടുണ്ട്. അതില്‍ ജനറല്‍ ഒപിഡികളും സ്പെഷ്യാലിറ്റി ഒപിഡികളും ഉള്‍പ്പടെ 430 ഓണ്‍ലൈന്‍ ഒപിഡികള്‍ ആണ് പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിലനില്‍ക്കുന്ന ആരോഗ്യരംഗത്തെ ഡിജിറ്റല്‍ വിടവ് ഇ-സഞ്ജീവനി ഇല്ലാതാക്കുന്നു. അടിസ്ഥാന തലത്തില്‍ ഡോക്ടര്‍മാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും കുറവ് പരിഹരിക്കുന്നതിനോടൊപ്പം, ദ്വിതീയ, തൃതീയ തലത്തിലുള്ള ആശുപത്രികളിന്മേലുള്ള ഭാരവും കുറക്കാന്‍ സഹായിക്കുന്നു.
ഈ ഡിജിറ്റല്‍ സംരംഭം രാജ്യത്തെ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മൊഹാലിയിലെ സി-ഡാക് വികസിപ്പിച്ചെടുത്ത ഒരു തദ്ദേശീയ സാങ്കേതിക വിദ്യയാണിത്. കണ്സള്റ്ററ്റേഷനുകളില് മുന്‍നിരയിലുള്ള 10 സംസ്ഥാനങ്ങളില്‍, 2,60,654 കണ്‍സള്‍ട്ടേഷനുകളോടെ കേരളം പത്താം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: