ന്യൂദല്‍ഹി: ബ്രിട്ടന് പുതുതായി പ്രഖ്യാപിച്ച ക്വാറന്റൈന് നയത്തെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടിവന്നാല്‍ എതിര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വാക്സിനുമെടുത്ത ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈന് വേണമെന്ന് ബ്രിട്ടന് അനുശാസിക്കുന്നു. ഇന്ത്യക്കാര്‍ യാത്രപുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പേ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനുപുറമെ ബ്രിട്ടനിലെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും വീണ്ടും കൊവിഡ് പരിശോധന നടത്തണം. ബ്രിട്ടന്റേത് വംശീയ വിവേചനമാണെന്ന പ്രതിഷേധം പരക്കെ ഉയരുകയാണ്. ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനക്കയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന് ബ്രിട്ടന് തന്നെ വിലക്കേര്‍പ്പെടുത്തുന്നതില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്.
‘ബ്രിട്ടന്റെ ഈ നിലപാട് വിവേചനപരമാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് രണ്ട് വാക്സിനുമെടുത്ത ഇന്ത്യക്കാരെ വാക്സിനെടുക്കാത്തവരുടെ ഗണത്തിലാണ് ബ്രിട്ടന് പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ 10 ദിവസം സ്വയം ക്വാറന്റൈനില്‍ കഴിയണമെന്നാണ് ബ്രിട്ടന് നിര്‍ദേശിക്കുന്നത്.,’ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
‘അടിസ്ഥാനപ്രശ്നമെന്തെന്നാല് കോവിഷീല്‍ഡ് എന്ന വാക്സിന്റെ യഥാര്‍ത്ഥ ഉല്പാദകര് യുകെയിലാണ്. യുകെയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയില്‍ നിന്നും 50 ലക്ഷം കോവിഷീല്‍ഡ് വാക്സിന് അയച്ചുകൊടുത്തിരുന്നു. ഇത് ബ്രിട്ടനിലെ ആരോഗ്യസംവിധാനം ഉപയോഗിക്കുകയും ചെയ്തു,’ ബ്രിട്ടന്റെ പുതിയ നിലപാടിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടി വിദേശകാര്യമന്ത്രാലയം പറയുന്നു.
‘കോവിഷീല്‍ഡിനെ അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്. വിദേശകാര്യമന്ത്രാലയം ഈ പ്രശ്നം യുകെയിലെ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്,’ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
വാക്സിനെടുത്ത ഇന്ത്യക്കാരെ വാക്സിനെടുക്കാത്തവരായി പരിഗണിച്ച് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് നിര്‍ദേശിക്കുന്ന യുകെയുടെ തീരുമാനത്തിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുകെയുടെ വിദേശകാര്യമന്ത്രിയെ പ്രതിഷേധമറിയിച്ചിരുന്നു. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
‘വാക്സിനുകള്‍ പരസ്പരം അംഗീകരിക്കണമെന്ന് വാക്സിന് നിര്‍മ്മാണത്തില്‍ പങ്കാളികളായ രാജ്യങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ബ്രിട്ടന്റേത് ഇതിനെതിരായ നടപടിയാണ്. ഇതില്‍ പ്രശ്നമുണ്ടെങ്കില്‍ നമ്മള് ഇതിനെതിരായ നടപടികള്‍ സ്വീകരിക്കും,’ വിദേശകാര്യമന്ത്രാലയം പറയുന്നു.
നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേഷും ബ്രിട്ടന്റെ ഈ നടപടിയില്‍ പ്രതിഷേധമറിയിച്ചിരുന്നു. ബ്രിട്ടന്റേത് വംശവെറിയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: