കാബൂള്‍: ഇസ്ലാമിക മതവിരുദ്ധ പ്രതീകങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രീമയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ സംപ്രേഷണം അഫ്ഗാനിസ്ഥാനില്‍ വിലക്കിക്കൊണ്ട് താലിബാന്. കോവിഡ് മൂലം ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 14ാം സീസണിലെ മത്സരങ്ങളുടെ സംപ്രേഷണമാണ് വിലക്കിയിരിക്കുന്നത്.
ഇതിന് പ്രധാനകാരണം ഐപിഎല്ലിനിടെയുള്ള വനിതകളുടെ നൃത്തമാണ്. ഇത് ഇസ്ലാമിക മതവിരുദ്ധമാണെന്ന് താലിബാന് ചൂണ്ടിക്കാട്ടുന്നു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ താലിബാന് സര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ മീഡിയ ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ എം. ഇബ്രാഹിം മോമാന്ദാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. സ്ത്രീകള്‍ തലമുടി മുറിയ്ക്കാത്തതും താലിബാനെ പ്രകോപിപ്പിച്ച ഘടകമാണ്.
ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് താലിബാന് വിലക്കിയിരുന്നു. സ്ത്രീകള്‍ക്ക് ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയാല്‍ പുരുഷ ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനുമായി മത്സരിക്കില്ലെന്ന് ആസ്ത്രേല്യ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഈ സമ്മര്ദ്ദതന്ത്രങ്ങളൊന്നും താലിബാന്റെ അടുത്ത് വിലപ്പോകുന്നില്ലെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു പിടി താരങ്ങള്‍ ഇത്തവണയും ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. സണ്‍റൈസേഴ്സില്‍ കളിക്കുന്ന റാഷിദ് ഖാന്, മുഹമ്മദ് നബി, പഞ്ചാബ് കിംഗ്സിന്റെ മുജീബുര്‍ റഹ്മാന് എന്നിവര്‍ ഇത്തവണ ഐപിഎല്ലിലെ കളിക്കുന്ന അഫ്ഗാന് താരങ്ങളാണ്. ഇവരുടെ കാര്യത്തില്‍ താലിബാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: