കാബൂള്‍: സ്ത്രീകളായ ജീവനക്കാര്‍ ഇനി കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യേണ്ടെന്ന് കാബൂളിലെ താലിബാന്‍ മേയര്‍.
സത്രീകള്‍ തല്‍ക്കാലം ജോലി ചെയ്യുന്നത് തടയേണ്ടത് അത്യാവശ്യമായാണ് താലിബാന്‍ കാണുന്നതെന്ന് ഹംദുല്ല നോമാനി പറഞ്ഞു. കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ 3,000 പേര്‍ സ്ത്രീകളാണെന്നും മേയര്‍ പറഞ്ഞു. ‘ഉദാഹരണത്തിന്, സ്ത്രീകള്‍ സ്ത്രീകളുടെ ടോയ്‌ലറ്റിലാണ് ജോലി ചെയ്യുക. അവിടെ പുരുഷന്മാര്‍ക്ക് എങ്ങിനെ പോകാനാവും?’ മേയര്‍ ചോദിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. 190കളിലെ താലിബാന്‍ ഭരണകാലത്ത് സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്നും തൊഴിലില്‍ നിന്നും പൂര്‍ണ്ണമായും വിലക്കിയിരുന്നു.
ഞായറാഴ്ച ഇതില്‍ പ്രതിഷേധിച്ച് സ്ത്രീകളുടെ ഒരു സംഘം പ്രകടനം നടത്തി. മറ്റൊരു സംഘം താലിബാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന് പ്രസ്താവിച്ച് വാര്‍ത്താസമ്മേളനവും നടത്തി.
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക ശരിയത്ത് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ എന്ന് താലിബാന്‍ വ്യക്തമാകകിയിരുന്നു. ശരിയത്ത് നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് താലിബാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അധികാരത്തിലെത്തിയ ഉടനെ സ്ത്രീകളോട് ക്രമസമാധാന നില ശരിയാകുന്നതുവരെ വീട്ടിലിരിക്കാന്‍ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഹൈസ്‌കൂളുകള്‍ തുറന്നപ്പോള്‍ ആണ്‍കുട്ടികളേയും അവരെ പഠിപ്പിക്കാനുള്ള ആണ്‍ അധ്യാപകര്‍ക്കും മാത്രമാണ് വീണ്ടും സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചത്. പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് താലിബാന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: